ഐടി സൊലൂഷൻ സർവീസസ് ഡയറക്ടർ ആയാണ് കൃഷ്ണകുമാറിന്റെ പുതിയ നിയമനം. ടെക്സാസിലെ ക്ലൗഡ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രവർത്തനങ്ങളുടെ ചുമതലയാണ് ഇദ്ദേഹത്തിനുള്ളത്. 181 ടെക്സാസ് സ്റ്റേറ്റ് ഡിപാർട്ടുമെന്റുകളിലും ഐടി വികസനം നടക്കുക ഇനി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാകും. 3500 പൊതുമേഖല സ്ഥാപനങ്ങളിലും ഐടിയുടെ പുതിയ സാധ്യതകൾ എത്തിക്കാനും കൃഷ്ണകുമാറിന്റെ കഴിവുകൾ പ്രയോജനപ്പെടുത്തും. ക്ലൗഡ് കംപ്യൂട്ടിംഗ് രംഗത്ത് ടെക്സാസ് മുൻനിരയിലെത്തിയതിന് പിന്നിൽ ഈ മലയാളിയുടെ കരങ്ങളും ഉണ്ടായിരുന്നു. ഈ മികവാണ് പുതിയ ചുമതലകളിലേക്ക് കൃഷ്ണകുമാറിനെ എത്തിച്ചത്.
advertisement
Also Read സൗന്ദര്യമില്ലാത്തതിന്റെ പേരില്‍ ഉപേക്ഷിക്കുമോയെന്ന് സംശയിച്ച് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി
ടെക്സാസിലെ എല്ലാ സർക്കാർ വകുപ്പുകളിലും ഐടി സേവനത്തിലൂടെ മികവാർന്ന പ്രവർത്തനമാണ് ലക്ഷ്യമെന്ന് കൃഷ്ണകുമാർ പറഞ്ഞു. തീരുമാനങ്ങൾ വേഗത്തിലാക്കാൻ ഐടി സാധ്യതകൾ പ്രയോജനപ്പെടുത്തും. ഒപ്പം വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും വേഗത്തിലാക്കും. സംസ്ഥാനത്തിന്റെ ആകെ വികസനം സുഗമമാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കം പ്രയോജനപ്പെടുത്തുമെന്നും കൃഷ്ണകുമാർ പറഞ്ഞു.
മാധ്യമപ്രവർത്തകനായാണ് കൃഷ്ണകുമാറിന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 98-99 കാലഘട്ടത്തിൽ ഡൽഹി പിടിഐ ലേഖകനായിരുന്നു. പിന്നീട് 2000 ൽ ആണ് സാൻ ഫ്രാൻസിസ്കോയിൽ എത്തിയത്. ടിവി 18, സിഎൻഎൻ ഐബിഎൻ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. ഇതിനിടെ ബോസ്റ്റണിലെ എംഐടിയിൽ നിന്ന് എക്സിക്യൂട്ടീവ് പഠനം പൂർത്തിയാക്കി. തുടർന്ന് ആക്സഞ്ചർ, ഏപ്രിൽ മീഡിയ, സിലിക്കൺ വാലിയിലെ ടായി എന്നിവിടങ്ങളിൽ ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. മാധ്യമപ്രവർത്തകനിൽ നിന്നും ഐടി വിദഗ്ധനിലേക്കുള്ള കൃഷ്ണകുമാറിന്റെ മാറ്റം ഏറെ ശ്രദ്ധേയമായിരുന്നു.
Also Read മേഹുൽ ചോക്സിയെ ഇന്ത്യക്ക് ഉടൻ കൈമാറില്ല; നടപടി സ്റ്റേ ചെയ്ത് ഡൊമിനിക്കൻ സുപ്രീം കോടതി
കണ്ണൂർ ജില്ലയിലെ നടുവിൽ ആണ് കൃഷ്ണകുമാറിന്റെ ജനനം. നടുവിൽ പഞ്ചായത്ത് മുൻ പ്രസിഡന്റും റിട്ട. അധ്യാപകനുമായ കെ പി കേശവന്റേയും റിട്ട. അധ്യാപിക വി ഇ രുഗ്മിണിയുടേയും മകനാണ് കൃഷ്ണകുമാർ. നടുവിൽ സ്കൂളിലും സൈനിക സ്കൂൾ, തളിപ്പറമ്പ് സർ സയിദ് കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. യുഎസിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ സജിതയാണ് ഭാര്യ. രണ്ട് മക്കൾ ധ്രുപദും നിരുപധും.