പ്രമുഖ താരങ്ങളായ ദീപിക പദുകോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാന്‍, രാകുൽ പ്രീത് സിംഗ് എന്നിവരുടെ പേരുകളാണ് ലഹരി മരുന്ന് വിവാദത്തിൽ ഉയർന്നു വന്നത്. എന്നാൽ ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ വിവരം അനുസരിച്ച് ഈ നാല് താരങ്ങൾക്കും നാർക്കോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോ സമൻസ് അയച്ചിരിക്കുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് സമൻസ്. റിപ്പോർട്ടുകൾ പ്രകാരം ദീപിക പദുകോണിനോട് സെപ്റ്റംബർ 25ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രാകുൽ പ്രീതിനെ സെപ്റ്റംബർ 24നും ചോദ്യം ചെയ്യും.
advertisement
'ദീപിക, സാറ, ശ്രദ്ധ,രാകുൽ എന്നിവർക്ക് സമൻസ് അയച്ചിട്ടുണ്ട്. താരങ്ങൾക്ക് പുറമെ ഫാഷൻ ഡിസൈനറായ സിമോൺ ഖമ്പട്ടയോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്' എന്നാണ് എൻസിബി ഉദ്യോഗസ്ഥൻ അറിയിച്ചത്. ഈ താരങ്ങൾ ലഹരി മരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചർച്ച ചെയ്യുന്ന നിരവധി ചാറ്റുകൾ സംബന്ധിച്ച് അന്വേഷണത്തിനിടെ വ്യക്തമായ സാഹചര്യത്തിലാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടാലന്‍റ് മാനേജറയാ ജയ സാഹയെ എൻസിബി ചോദ്യം ചെയ്യാൻ ആരംഭിച്ചതോടെയാണ് പല പ്രമുഖ താരങ്ങളും ലഹരി മരുന്ന് വിവാദത്തിൽ കുടുങ്ങിയത്. താരങ്ങളുടെ ലഹരി ഇടപാടുകാരിയായ കരുതപ്പെടുന്ന ജയ, പല പ്രമുഖർക്കും ലഹരി മരുന്ന് എത്തിച്ച് നൽകിയതായും വെളിപ്പെടുത്തിയിരുന്നു. ഇവരുടെ വാട്സ് ആപ്പ് ചാറ്റുകളിൽ നിന്നാണ് ദീപികയും ശ്രദ്ധയുമൊക്കെ സംശയ നിഴലിലാവുന്നത്.