1976ൽ അന്നത്തെ ഉത്തർപ്രദേശ് സർക്കാരിന്റെ ദേശീയ ഇന്റഗ്രേഷൻ വകുപ്പാണ് മിശ്രവിവാഹ പ്രോത്സാഹന പദ്ധതി നടപ്പാക്കിയിരുന്നത്. പിന്നീട് യു.പിയിൽ നിന്ന് വിഭജിച്ച ഉത്തരാഖണ്ഡും പദ്ധതി നിലനിർത്തിയെങ്കിലും നിലവിൽ അവരും ഈ പദ്ധതി പിൻവലിക്കാനുള്ള ആലോചനയിലാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകി മിശ്രവിവാഹിതരായ ദമ്പതികൾക്ക് പദ്ധതി പ്രയോജനപ്പെടുത്താം. പരിശോധനയ്ക്ക് ശേഷം ജില്ലാ മജിസ്‌ട്രേറ്റ് അപേക്ഷ ദേശീയ ഇന്റഗ്രേഷൻ വകുപ്പിന് കൈമാറുന്നു.
advertisement
പദ്ധതി പ്രകാരം കഴിഞ്ഞ വർഷം 11 ദമ്പതിമാർക്ക് 50,000 രൂപ വീതം ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്. അതേസമയം 2020ൽ നാല് അപേക്ഷകൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആർക്കും പദ്ധതി ആനുകൂല്യം നൽകിയിട്ടില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇപ്പോൾ നിലവിൽ വന്ന മതപരിവർത്തനം തടയൽ നിയമത്തിന്റെ ഓർഡിനൻസിന് ശേഷം പദ്ധതി പുനഃപരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിയമത്തിന്റെ കരട് ഉത്തർപ്രദേശ് സർക്കാർ അംഗീകരിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഓർഡിനൻസിന് അനുമതി നൽകിയതെന്ന് വക്താവ് അറിയിച്ചു. ഗവർണർ ആനന്ദിബെൻ പട്ടേലും ഓർഡിനൻസ് അനുമതി നൽകിയിട്ടുണ്ട്.
അതേസമയം വിവാഹ ശേഷം ദമ്പതിമാരിൽ ആരെങ്കിലും ഒരാൾ മതംമാറിയാൽ പദ്ധതി ആനുകൂല്യം നഷ്ടമാകുമെന്ന നിയമഭേദഗതി 2017ൽ യു.പി സർക്കാർ കൊണ്ടുവന്നിരുന്നു.
