ആറാം തമ്പുരാൻ എന്ന ചിത്രത്തിൽ മോഹന്‍ലാൽ പറഞ്ഞ് കയ്യടി നേടുന്നഡയലോഗ്. ആറാം തമ്പുരാൻ അടക്കം വിവിധ ഭാഷയിലെ ചിത്രങ്ങളിൽ കഥാപശ്ചാത്തലമായും സംഭാഷണത്തിലൂടെയും പലപ്പോഴും ധാരാവി കടന്നു വന്നിട്ടുമുണ്ട്.. കേട്ടിട്ടുള്ളതൊന്നും നല്ല കാര്യങ്ങളല്ല..
എന്നാൽ കേട്ടതിനപ്പുറം ബൃഹത്താണ് ധാരാവി.. 520ഏക്കറോളം (2.1സ്ക്വയർ കിമീ) പരന്നു കിടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ലോകത്തിലെ തന്നെ വലിയ ചേരികളുടെ കൂട്ടത്തിൽപ്പെടുത്താവുന്ന മേഖലയാണ് ധാരാവി. എട്ടരലക്ഷം ആളുകളാണ് ഇവിടെ തിങ്ങിപ്പാർക്കുന്നതെന്നാണ് കണക്കുകൾ. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതൽ ആളുകൾ പാർക്കുന്ന ഇടങ്ങളിലൊന്ന് എന്ന വിശേഷണവും ധാരാവിക്കുണ്ട്.
advertisement
മുംബൈയിലെ രണ്ട് പ്രധാന സബർബൻ റെയിൽവെ ലൈനുകൾക്കിടയിലായി പരന്നു കിടക്കുന്ന അതി വിശാലമായ ഏരിയാണ് ധാരാവി. കണക്കുകൾ പ്രകാരം ആണെങ്കിൽ ഒരു ചതുരശ്ര കിലോമീറ്ററിൽ നാലു ലക്ഷത്തോളം ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖല. അതുകൊണ്ട് തന്നെയാണ് ആഗോളതലത്തിൽ ഭീതി പടർത്തിയ കൊറോണ ധാരാവിയില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ രാജ്യം മുഴുവൻ ആശങ്ക ഉയർന്നതും. കോവിഡിനെ ഇവിടെ തുടക്കത്തിൽ തന്നെ പ്രതിരോധിച്ച് നിർത്താന്‍ ആയില്ലെങ്കിൽ ഇന്ത്യയുടെ ഇതുവരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളെല്ലാം തന്നെ കൈ വിട്ടു പോകുമെന്ന് ചുരുക്കം.
You may also like:ചൈനയിൽ വീണ്ടും രോഗഭീതി; ലക്ഷണങ്ങളില്ലാതെ സ്ഥിരീകരിക്കുന്ന കേസുകൾ കൂടുന്നു [PHOTO]മുഖ്യം ജനങ്ങളുടെ ജീവൻ; ലോക്ക് ഡൗൺ നീട്ടണമെന്ന അഭ്യർഥനയുമായി തെലങ്കാന മുഖ്യമന്ത്രി [NEWS]COVID 19| 'ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ മുസ്ലീം സമുദായത്തെ മുഴുവൻ പഴി ചാരരുത്'; കര്‍ശന മുന്നറിയിപ്പുമായി യെദ്യൂരപ്പ [NEWS]
മഹാമാരി, രോഗങ്ങള്‍
നിരവധി മഹാമാരികളുടെയും പ്രകൃതി ദുരന്തങ്ങളുടെയും കഥ ധാരാവിക്ക് പറയാനുണ്ട്. 1896 ൽ പൊട്ടിപ്പുറപ്പെട്ട പ്ലേഗ് കോളനിയിലെ ആകെ ജനസംഖ്യയിൽ പകുതിപ്പേരുടെയും ജീവനെടുത്തിരുന്നു. വീണ്ടും പ്ലേഗ് പോലുള്ള മഹാമാരികൾ ധാരാവിയിൽ ദുരന്തം വിതയ്ക്കാനെത്തി. മരണനിരക്കിൽ ഉയർന്നു നിൽക്കുന്ന ഒരു പ്രദേശം കൂടിയാണിത്.
ടൈഫോയ്ഡ്, കോളറ, ലെപ്രോസി, പോളിയോ തുടങ്ങി വിവിധ രോഗങ്ങൾ ധാരാവിയുടെ ജനസംഖ്യ കുറച്ചു. 1986 ൽ കോളറ മൂലം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത് ഇവിടുത്തെ കുട്ടികളായിരുന്നു. 2020ലെ കൊറോണ മഹാമാരിയും ചേരിയെ ബാധിച്ചിട്ടുണ്ട്. 2 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൊറോണ വ്യാപന രീതിയും ധാരാവിയിലെ ചുറ്റുപാടും കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് ഇവിടുത്തെ പ്രതിരോധ പ്രവർത്തനങ്ങൾ.
രൂപീകരണം
1884 ൽ ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിലാണ് ധാരാവി എന്ന ചേരി സ്ഥാപിതമാകുന്നത്. പലഭാഗങ്ങളിൽ നിന്ന് കുടിയേറിപ്പാർത്ത ആളുകൾ ഉള്ള ധാരാവി വ്യത്യസ്ത ജാതി-മത-വംശീയ വിഭാഗങ്ങൾ ഒന്നിച്ചു കഴിയുന്ന ഒരു വൈവിധ്യമാർന്ന പ്രദേശം കൂടിയാണ്.
സാമ്പത്തിക മേഖല
ധാരാവിക്കുള്ളിൽ തന്നെ ഒരു അനൗപചാരിക സാമ്പത്തിക മേഖലയുണ്ട്. നിരവധി ഗാര്‍ഹിക സംരഭങ്ങളിലാണ് ഇവിടുത്തെ ചേരിനിവാസികൾ ജോലി ചെയ്യുന്നത്. തുകൽ ഉത്പ്പന്നങ്ങൾ, കളിമൺ പാത്രങ്ങള്‍, തുണിത്തരങ്ങൾ എന്നിവയാണ് ചേരിക്കുള്ളിൽ നിന്നു തന്നെ നിർമ്മിക്കുന്ന ഉത്പ്പന്നങ്ങൾ. ലോകത്തിലെ വിവിധ ഭാഗങ്ങളിലേക്കുള്ള കയറ്റുമതി വഴി നൂറു കോടി രൂപയാണ് ഈ ഉത്പ്പന്നങ്ങൾ വഴിയുള്ള വാർഷിക വിറ്റുവരവായി കണക്കാക്കുന്നത്.
റീസൈക്കളിംഗ് കമ്പനികളാണ് ഇവിടുത്തെ മറ്റൊരു പ്രധാന സാമ്പത്തിക മേഖല. ഇതിനു പുറമെ 5000ത്തോളം വ്യവസായങ്ങളും 15000ത്തോളം ഒറ്റമുറി ഫാക്ടറികളും ചേരിക്കുള്ളിൽ പ്രവർത്തിക്കുന്നതായാണ് കണക്ക്.
ചരിത്രം
പതിനെട്ടാം നൂറ്റാണ്ടിൽ കണ്ടൽക്കാടുകൾ നിറഞ്ഞ ഒരു ചതുപ്പുനിലമായിരുന്ന ധാരാവി. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനഘട്ടങ്ങളിൽ ഇവിടെ കോലി മത്സ്യത്തൊഴിലാളികളുടെ കുടിയേറ്റകേന്ദ്രമായി. അതുകൊണ്ട് തന്നെ കോലിവാഡ ഗ്രാമം എന്നാണ് അന്നത്തെ കാലത്ത് അറിയപ്പെട്ടിരുന്നത്.
കോളനിവത്കരണം
കഴിഞ്ഞ 200 വര്‍ഷമായി ഇന്ത്യയുടെ നഗരവത്കരണത്തിന്റെ കേന്ദ്രങ്ങളിലൊന്നാണ് മുംബൈ. 1850കളിൽ നഗരവത്കരണത്തിന്റെ ഭാഗമായി ഇവിടുത്തെ ജനസംഖ്യ ഏതാണ്ട് അഞ്ചുലക്ഷത്തോളമായിരുന്നു.
അക്കാലത്ത് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നതിൽ മുൻപന്തിയിൽ നിന്നിരുന്നത് തുകൽ കമ്പനികളായിരുന്നു. അങ്ങനെ 1887 ൽ മുംബൈയിൽ നിന്നും ആദ്യ തുകൽ കമ്പനി ധാരാവിയിലെത്തി. താഴ്ന്ന ജാതിക്കാരുടെയും മുസ്ലീങ്ങളുടെയും തൊഴിൽ മേഖലയായി കണക്കാക്കപ്പെട്ടിരുന്ന തുകൽഫാക്ടറിക്കൊപ്പം ഈ വിഭാഗത്തിൽപ്പെട്ട ആളുകളും ഇവിടേക്ക് കുടിയേറി.
ഗുജറാത്തി കമ്മ്യുണിറ്റിയിൽപെട്ട മൺപാത്ര നിർമ്മാതാക്കളായ കുംബാർസ് ആണ് അടുത്തതായി കുടിയേറിയത്. വൈകാതെ തന്നെ കൊളോണിയൽ സർക്കാർ ഈ ഭൂമി 99 വർഷത്തേക്ക് ഇവർക്ക് പാട്ടത്തിനായി വിട്ടു നൽകി. മറ്റ് പ്രദേശങ്ങളിൽ നിന്നും ആളുകൾ മുംബൈയിലേക്ക് കുടിയേറിയതോടെ ഇവിടെ ജനസാന്ദ്രത കൂടി.
തുണി നിർമ്മാതാക്കൾ അടക്കം വിവിധ തൊഴിൽ സംരഭങ്ങൾ ധാരാവിയിൽ ഉയർന്നതോടെ ജോലി തേടി പലരും ഇവിടെയത്താൻ തുടങ്ങി. ജനസാന്ദ്രത കൂടിയിട്ടും ധാരാവിയോ പരിസരപ്രദേശങ്ങളോ വികസിപ്പിക്കാനോ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്താനോ സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായില്ല.
ചെറുകിട ഫാക്ടറികളും ജോലിക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സുകളും കൂണു പോലെ മുളച്ചു പൊന്തിത്തുടങ്ങി. കുടിക്കാനുള്ള വെള്ളമോ, നല്ല റോഡോ, ഡ്രെയ്നേജുകളോ അടക്കം അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ വൃത്തിഹീനമായ സാഹചര്യത്തിൽ ധാരാവി വളർന്നു.
എന്നാൽ ഇവിടെ കുടിയേറിയ ചില ഉയർന്ന സമുദായത്തിൽപ്പെട്ടവർ ധാരാവിയെ ഒരു മികച്ച വാസസ്ഥലമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടത്തി. സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഇവർ രൂപീകരിച്ചു. സ്കൂളുകളും ആരാധനലായങ്ങളും വീടുകളും ഫാക്ടറികളും ഇവർ നിർമ്മിച്ചു. ധാരാവിയിലെ ഏറ്റവും പഴക്കം ചെന്ന പള്ളിയായ ബഡി മസ്ജിദ് 1887ലാണ് പ്രവർത്തനം തുടങ്ങിയത്. ഏറ്റവും പഴക്കം ചെന്ന ഹൈന്ദവക്ഷേത്രമായ ഗണേശ് മന്ദിർ 1913ലും.
സ്വാതന്ത്ര്യാനന്തര വളർച്ച
1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ധാരാവി വീണ്ടും വളർന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായി വളർന്നതും ഈ കാലയളവിലായിരുന്നു. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ കൊണ്ടു തള്ളാനുള്ള ഒരിടം കൂടിയായി ധാരാവി.. ഇക്കാലയളവിൽ മുംബൈ വളരുകയായിരുന്നു. കാലക്രമേണ ധാരവി നഗരത്താൽ ചുറ്റപ്പെട്ടു.
1950 മുതൽ തന്നെ ധാരാവിയുടെ വികസനം സംബന്ധിച്ച് പദ്ധതികൾ തയ്യാറായി വരുന്നുണ്ടെങ്കിലും പല കാരണങ്ങളാൽ എല്ലാം തടസ്സപ്പെടുകയാണുണ്ടായത്.
ചേരി നിവാസികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി 1960കളിൽ ധാരാവി കോ ഓപ്പേറേറ്റീവ് ഹൗസിംഗ് സൊസൈറ്റി രൂപം കൊണ്ടു. സാമൂഹിക പ്രവർത്തകനും ആ മേഖലയിലെ കോൺഗ്രസ് നേതാവുമായ എം.വി ദുരൈസ്വാമിയുടെ നേതൃത്വത്തിലായിരുന്നു ഇത്.
വികസനപദ്ധതികള്‍
ധാരാവിയുടെ പുനർവികസനം നടത്തുന്നതിനായി 1997 മുതല്‍ തന്നെ പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. ഹോങ്കോങ്ങിലെ ഒരു പഴയ ചേരിപോലെ ധാരാവിയെ മാറ്റാനായിരുന്ന പദ്ധതി. ഇതിനായി കോടിക്കണക്കിന് രൂപയുടെ പ്ലാനും തയ്യാറാക്കി. അന്താരാഷ്ട്ര കമ്പനികൾ അടക്കം പദ്ധതികള്‍ ഏറ്റെടുക്കാൻ മുന്നോട്ട് വരികയും ചെയ്തിരുന്നു.
എന്നാൽ പദ്ധതികളിൽ ചേരിനിവാസികൾക്ക് തന്നെ അതൃപ്തിയുണ്ട്. ആളുകൾക്ക് പകരം വാഗ്ദാനം നൽകിയിരിക്കുന്ന ഭൂമി കുറഞ്ഞു പോയെന്നാണ് ഇവരുടെ വാദം. ഇതിന് പുറമെ തങ്ങളുടെ ചെറുകിട സംരഭങ്ങളെക്കുറിച്ചും പലർക്കും ആശങ്കയുണ്ട്. നിരവധി വിദേശകമ്പനികൾ പല പുതിയ പദ്ധതികളും ചേരി വികസനത്തിനായി അവതരിപ്പിക്കുന്നുണ്ടെങ്കിലും ഒന്നും അന്തിമ രൂപത്തിലേക്കെത്തുന്നില്ല.
ശുചിത്വ പ്രശ്നങ്ങൾ
ശുചിത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ചേരിനിവാസികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകൾ ഇവിടെയുണ്ട്. തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ കുടിക്കാനുള്ള ജലം പോലും ലഭിക്കുന്നത്. അതുപോലെ തന്നെ അന്തരീക്ഷ മലിനീകരണം മൂലമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ വേറെയും.
ഈ വെല്ലുവിളികൾക്കിടയിലാണ് കോവിഡ് വ്യാപനവും മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യം വൈറസ് വ്യാപനത്തിന്‍റെ രണ്ടാംഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. എന്നാൽ ധാരാവിയെ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സാമൂഹിക വ്യാപനം എന്ന മൂന്നാം ഘട്ടത്തിലേക്ക് കടന്നൂവെന്ന സംശയവും ആരോഗ്യവിദഗ്ധർ ഉന്നയിച്ചിരുന്നു. മേഖലയിലെ ജനബാഹുല്യം തന്നെയാണ് ഈ ആശങ്കയ്ക്ക് അടിസ്ഥാനവും. ആ സാഹചര്യത്തിൽ തന്നെ നിതാന്ത ജാഗ്രത വേണ്ട സന്ദർഭം കൂടിയാണിത്.