‘മില്ലറ്റ് വര്‍ഷം’ പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ തുടര്‍ന്നാണ് ചൊവ്വാഴ്ച പാർലമെന്റിൽ പോഷകഉച്ചഭക്ഷണം ഒരുക്കിയത്. മില്ലറ്റ് കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഇന്ന് റാഗിയും ജോവറും കൊണ്ടുണ്ടാക്കിയ ഭക്ഷണമാണ് ഒരുക്കിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈ എടുത്തതിനെ തുടര്‍ന്ന് ഐക്യരാഷ്ട്രസഭ 2023 അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായി (IYOM) പ്രഖ്യാപിച്ചിരുന്നു. ടാറ്റ ഗ്രൂപ്പ് താജ് ഹോട്ടലുകളുടെ ഭാഗമായ പിയറി ഹോട്ടലിലെ എക്സിക്യൂട്ടീവ് ഷെഫ് ആഷ്ഫര്‍ ബിജുവാണ് ഭക്ഷണം തയ്യാറാക്കിയത്. പേള്‍ മില്ലറ്റ്, വാട്ടര്‍ക്രസ്, കാലെ, ഗ്രീന്‍ ആപ്പിള്‍, അവോക്കാഡോ എന്നിവ ഉപയോഗിച്ചുണ്ടാക്കിയ വിന്റര്‍ ഗ്രെയിന്‍സ്, കേള്‍ സാലഡ് എന്നിവയാണ് സ്റ്റാര്‍ട്ടറായി നല്‍കിയത്.
advertisement
ഫിംഗര്‍ മില്ലറ്റും മഖാനി ടൊമാറ്റോ സോസും അടങ്ങിയ പനീര്‍ പസന്റ, മില്ലറ്റ് കിച്ച്ഡി, മലബാര്‍ കോക്കനട്ട് സോസ് എന്നിവയ്ക്കൊപ്പം സ്‌പൈസസ് റോസ്റ്റഡ് ബ്രാന്‍സിനോ, കിച്ച്ഡി, ഖോര്‍മ സോസ് എന്നിവയ്ക്കൊപ്പം റോസ്റ്റഡ് മലൈ ചിക്കന്‍, എന്നിവയായിരുന്നു മെയിന്‍ കോഴ്സുകള്‍.
ഇതിന് പുറമെ, മില്ലറ്റും മുളപ്പിച്ച പയര്‍ പോഹയും, സ്വീറ്റ് കോണ്‍, മില്ലറ്റ് ഫ്രിട്ടേഴ്‌സ് എന്നിവയ്ക്കൊപ്പം സ്‌കാലിയണ്‍ ചട്ണി, കുക്കുമ്പര്‍ റൈത്തയും ഇന്ത്യന്‍ ബ്രെഡുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.മില്ലറ്റ് ചോക്ലേറ്റ് പുഡ്ഡിംഗും ബിഗ് ആപ്പിള്‍ മില്ലറ്റ് ബണ്ട് കേക്കും ആയിരുന്നു സ്വീറ്റ്സായി നല്‍കിയത്.
2018 ഏപ്രിലില്‍ കേന്ദ്രസര്‍ക്കാര്‍ മില്ലറ്റിനെ പോഷകസമൃദ്ധമായ ധാന്യമായി പ്രഖ്യാപിക്കുകയും പോഷന്‍ മിഷന്‍ ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. അടുത്തിടെ ന്യൂയോര്‍ക്ക് സന്ദര്‍ശത്തിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ 5 കോഴ്സ് മില്ലറ്റ് ഉച്ചഭക്ഷണം സംഘടിപ്പിച്ചിരുന്നു. ഇതില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്തിരുന്നു.
‘സുരക്ഷ കൗണ്‍സില്‍ അംഗങ്ങളെ മില്ലറ്റിന്റെ എല്ലാ ഗുണങ്ങളും’ പരിചയപ്പെടുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഉച്ചഭക്ഷണത്തിന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ജയശങ്കര്‍ പറഞ്ഞു. ഇന്ത്യ, സുഡാൻ, നൈജീരിയ എന്നീ രാജ്യങ്ങളാണ് പ്രധാനമായും മില്ലറ്റുകൾ ഉത്പാദിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ഇന്ത്യ 18 ദശലക്ഷം ടൺ വരെ ചെറു ധാന്യങ്ങൾ ഉത്പാദിപ്പിച്ചെന്നാണ് കണക്ക്. 2020-21 വർഷത്തിലായിരുന്നു ഏറ്റവും ഉയർന്ന ഉത്പാദനം രേഖപ്പെടുത്തിയത്.