ജൈവവൈവിധ്യ ഉച്ചകോടി: ഇന്ത്യയുൾപ്പെടെ 196 രാജ്യങ്ങൾ ഒപ്പുവച്ച നിർണായക കരാറിന്റെ ലക്ഷ്യങ്ങൾ എന്തെല്ലാം?
- Published by:user_57
- trending desk
Last Updated:
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 9ന് ആരംഭിച്ച ജൈവവൈവിധ്യ ഉച്ചകോടിയിലാണ് ലോകരാജ്യങ്ങൾ പിന്തുണ അറിയിച്ചത്
വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗ്ഗങ്ങളെ സംരക്ഷിക്കുന്നതിനായുള്ള ആഗോള കരാറിൽ 196 രാജ്യങ്ങള്‍ ഒപ്പുവച്ചു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 9ന് ആരംഭിച്ച ജൈവവൈവിധ്യ ഉച്ചകോടിയിലാണ് ലോകരാജ്യങ്ങൾ പിന്തുണ അറിയിച്ചത്. വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന ജീവി വർഗങ്ങളെ 2030ഓടെ പുനഃസ്ഥാപിക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടെ അടങ്ങിയ ഉടമ്പടിയ്ക്കാണ് ലോകരാജ്യങ്ങള്‍ അംഗീകാരം നല്‍കിയത്. നിലവില്‍ 196 രാജ്യങ്ങള്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടുണ്ട്.
കാനഡയിലെ മോണ്‍ട്രിയലിലാണ് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഉച്ചകോടി നടന്നത്. കോപ്പ് 15 എന്ന പേരില്‍ അറിയപ്പെടുന്ന ഉടമ്പടിയില്‍ ജീവിവര്‍ഗ്ഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള 23 ലക്ഷ്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. 2050ഓടെ പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ മനുഷ്യനെ പ്രാപ്തമാക്കുകയാണ് ഈ ഉടമ്പടിയുടെ പ്രധാന ലക്ഷ്യമെന്നും ഉച്ചകോടിയില്‍ വ്യക്തമാക്കി.
എന്താണ് മോണ്‍ട്രിയല്‍ ഉടമ്പടി?
2015ലാണ് പാരീസില്‍ കാലാവസ്ഥ ഉച്ചകോടി നടന്നത്. പരിസ്ഥിതിയ്ക്കനുസൃതമായി ലോകരാജ്യങ്ങള്‍ തങ്ങളുടെ സാമ്പത്തിക- സാമൂഹിക-പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കുകയായിരുന്നു ഈ സമ്മേളനത്തിന്റെ ലക്ഷ്യം. അതിന് സമാനമായ ഉച്ചകോടിയാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ലോകത്തെ ജൈവവൈവിധ്യ മേഖലയെ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതികള്‍ക്കാണ് ഈ ഉച്ചകോടി നേതൃത്വം നല്കുന്നത്. അടുത്ത വര്‍ഷം മുതല്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഈ ഉച്ചകോടിയുടെ ലക്ഷ്യങ്ങള്‍ക്കനുസൃതമായുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ട്.
advertisement
ഈ നൂറ്റാണ്ടോടെ തന്നെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിവര്‍ഗ്ഗങ്ങളില്‍ 30 ശതമാനത്തെയെങ്കിലും പുനഃസ്ഥാപിക്കാന്‍ കഴിയുന്ന തരത്തിലാകണം രാജ്യങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ഉച്ചകോടിയില്‍ തീരുമാനമായി.
കൂടാതെ ജൈവവൈവിധ്യ പ്രാധാന്യമുള്ള പ്രദേശങ്ങള്‍ നശിക്കുന്നത് തടയാനും നിലവിലുള്ള ജീവിവര്‍ഗ്ഗങ്ങളെ നശിപ്പിക്കുന്ന സ്പീഷിസിലുള്ളവയുടെ ആധിക്യം തടയാനും രാജ്യങ്ങള്‍ ശ്രമിക്കണമെന്നും ഉച്ചകോടിയില്‍ പറഞ്ഞു. കൂടാതെ ജൈവൈവിധ്യത്തെ ഇല്ലാതാക്കുന്ന രാസവസ്തുക്കളുടെയും കീടനാശിനികളുടെയും നിയന്ത്രണവും ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. 2030ഓടെ ഈ ലക്ഷ്യങ്ങള്‍ കൈവരിക്കണമെന്നും ഉച്ചകോടിയില്‍ പറയുന്നു.
advertisement
ലക്ഷ്യങ്ങളുടെ നടത്തിപ്പിനായുള്ള സാമ്പത്തിക സഹായം എവിടെ നിന്ന്?
ഇതിനുമുമ്പ് വികസ്വര രാജ്യങ്ങള്‍ക്ക് ജൈവവൈവിധ്യ സംരക്ഷണത്തിനായി അധികം സാമ്പത്തിക സഹായങ്ങളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ പൊതു-സ്വകാര്യ സ്രോതസ്സുകളില്‍ നിന്നും മറ്റും സാമ്പത്തിക സഹായങ്ങള്‍ എല്ലാ രാജ്യങ്ങള്‍ക്കും ലഭ്യമാകുന്ന തരത്തില്‍ പ്രവര്‍ത്തിക്കുമെന്നും ഉച്ചകോടിയില്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇതിനായി ഏകദേശം 200 ബില്യണ്‍ ഡോളറെങ്കിലും പ്രതിവര്‍ഷം സമാഹരിക്കണമെന്നും ഉടമ്പടിയില്‍ ആവശ്യപ്പെടുന്നു.
2025 വരെ വികസിത രാജ്യങ്ങള്‍ പ്രതിവര്‍ഷം കുറഞ്ഞത് 20 ബില്യണ്‍ ഡോളറെങ്കിലും വികസ്വര രാജ്യങ്ങളുടെ ജൈവവൈവിധ്യ സംരക്ഷണത്തിനായി നല്‍കണമെന്നും ഉടമ്പടിയില്‍ പറയുന്നു. 2030ഓടെ പ്രതിവര്‍ഷം 30 ബില്യണ്‍ ഡോളറായി ധനസഹായം ഉയര്‍ത്തണമെന്നും ഉച്ചക്കോടിയില്‍ ചൂണ്ടിക്കാട്ടി.
advertisement
ഉച്ചകോടിയുടെ പ്രാധാന്യം?
ലോകമെങ്ങുമുള്ള ജനസംഖ്യ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്ന നടപടികള്‍ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമായിരിക്കുകയാണ്. ഇപ്പോള്‍ തന്നെ ഏകദേശം 10 ലക്ഷം സ്പീഷുകളാണ് വംശനാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്നത്. കാലാവസ്ഥ വ്യതിയാനം മാത്രമാണ് ഇതിന് കാരണമെന്ന് പറയാനാകില്ല. ലോകമെങ്ങും നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, മലിനീകരണം തുടങ്ങിയവ മൂലം നശിക്കുന്ന ജീവിവര്‍ഗ്ഗങ്ങളുടെ എണ്ണം എണ്ണിയാല്‍ ഒടുങ്ങാത്തതാണെന്നും വിദഗ്ധർ പറയുന്നു.
ഇന്ത്യയുടെ നിലപാട്
ജൈവവൈവിധ്യ സംരക്ഷണ പരിപാടികളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയെ പ്രതിനീധികരിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവാണ് മോണ്‍ട്രിയലില്‍ നടന്ന ഉച്ചകോടിയില്‍ പങ്കെടുത്തത്. രാജ്യങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തിലും ജൈവവൈവിധ്യത്തെ ബാധിക്കാത്ത തരത്തിലുമുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഇനി സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം ഉച്ചക്കോടിയില്‍ പറഞ്ഞു. അതോടൊപ്പം കാര്‍ഷിക മേഖലയില്‍ വര്‍ധിച്ചുവരുന്ന കീടനാശിനി ഉപയോഗത്തെപ്പറ്റിയുള്ള ആശങ്കകളും അദ്ദേഹം പങ്കുവെച്ചു.
advertisement
അതേസമയം, ഉച്ചകോടിയില്‍ ഉരുത്തിരിഞ്ഞ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ സാമ്പത്തിക സഹായമാണ് വികസ്വര രാജ്യങ്ങളുടെ പ്രധാന വെല്ലുവിളിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക വിഭവങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്ക് കൂടി ലഭിക്കുന്ന രീതിയില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും ഭൂപേന്ദര്‍ യാദവ് വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 20, 2022 1:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ജൈവവൈവിധ്യ ഉച്ചകോടി: ഇന്ത്യയുൾപ്പെടെ 196 രാജ്യങ്ങൾ ഒപ്പുവച്ച നിർണായക കരാറിന്റെ ലക്ഷ്യങ്ങൾ എന്തെല്ലാം?