ഈ സാഹചര്യത്തിൽ സർക്കാർ സെയിൻ വെഞ്ചേഴ്സിനെ മറച്ചുവയ്ക്കാനും സംരക്ഷിക്കാനുമാണ് ശ്രമിക്കുന്നതെന്ന് അനിൽ അക്കര പറഞ്ഞു. സെയിൻ വെഞ്ചേഴ്‌സിന് പണം ലഭിച്ചതിന്റെ പണത്തിൻ്റെ രേഖകളും യൂണിടാക്കുമായി സർക്കാർ നടത്തിയ കത്തിടപാടുകളുടെ പകർപ്പുകളും സിബിഐക്ക് കൈമാറിയതായി അനിൽ അക്കരെ വ്യക്തമാക്കി.
ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് ഫോറിൻ കോൺട്രിബ്യൂഷൻ ആക്ടിന്റെ (2010) ലംഘനം നടന്നെന്ന പരാതിയിലാണ് സിബിഐ അന്വേഷണം നടത്തുന്നത്. വിദേശത്തുനിന്നെത്തിയ പണം അതിന്റെ ഉദ്ദേശത്തിന് വിരുദ്ധമായി ചെലവഴിച്ചെന്ന ആരോപണത്തിന്മേലാണ് കേസ്.
advertisement
ലൈഫ് മിഷൻ പദ്ധതിയിൽ ക്രമക്കേട് നടന്നെന്നു ചൂണ്ടിക്കാട്ടി അനിൽ അക്കര എം.എൽ.എയാണ് സി.ബി.ഐക്ക് പരാതി നൽകിയത്. റെഡ് ക്രസന്റുമായി ഉണ്ടാക്കിയ കരാറുകൾ നിയമവിരുദ്ധമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പദ്ധതിക്കു വേണ്ടി പണം നൽകിയപ്പോൾ ഒരു കോടി രൂപ കമ്മിഷൻ കിട്ടിയെന്നു സ്വപ്ന മൊഴി നൽകിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഫ്ലാറ്റ് നിർമാണക്കരാർ ഒപ്പിട്ടത് യു.എ.ഇ. കോൺസുലേറ്റും യൂണിടാകും തമ്മിലാണെന്ന രേഖയും പുറത്തുവന്നിരുന്നു. ലൈഫ് മിഷൻ സി.ഇ.ഒ.യും റെഡ് ക്രസന്റ് പ്രതിനിധികളും ചേർന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ട ധാരണാപത്രത്തിൽ പറഞ്ഞതു പ്രകാരമല്ല ഉപകരാറുണ്ടാക്കിയത്. സംസ്ഥാന സർക്കാരോ സർക്കാരുമായി ധാരണയിലെത്തിയ റെഡ് ക്രസന്റോ നിർമാണക്കരാറിൽ ഉൾപ്പെടാത്തതും വിവാദങ്ങൾക്കിടയാക്കിയിരുന്നു.
കേന്ദ്രാനുമതിയില്ലാതെയാണ് കരാർ ഒപ്പിട്ടതെന്നതും വിവാദമായി. ഇതിനുപിന്നാലെ, ഇ.ഡി. ലൈഫ് മിഷൻ സി.ഇ.ഒ.യിൽനിന്നും ചീഫ് സെക്രട്ടറിയിൽനിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ യു.വി. ജോസിൽനിന്ന് ഇ.ഡി. മൊഴിയെടുക്കുകയും ചെയ്തിരുന്നു.
Also Read ലൈഫ് മിഷൻ ക്രമക്കേട്: തിരുവനന്തപുരം ആക്സിസ് ബാങ്ക് ഉദ്യോഗസ്ഥരുടെ മൊഴി CBI രേഖപ്പെടുത്തുന്നു
ഇതിനിടെ തിരുവനന്തപുരം കരമന ശാഖയിൽ യു. എ. ഇ കോൺസുലേറ്റ് ആരംഭിച്ച വിവിധ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ആക്സിസ് ബാങ്ക് അധികൃതർ സി ബി ഐയ്ക്ക് കൈമാറി. അക്കൗണ്ടുകളിൽ ചിലത് വ്യാജരേഖകൾ ഉപയോഗിച്ച് സ്വപ്ന തുറന്നതാണെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണത്തിനുള്ള കമ്മീഷൻ സ്വപ്നയ്ക്കും സന്ദീപിനും കൈമാറിയത് ഈ അക്കൗണ്ട് വഴിയാണെന്നും കണ്ടെത്തിയിരുന്നു.