സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളുമായി ബന്ധപ്പെട്ട് കസ്റ്റംസ് നേരത്തേ ചോദ്യം ചെയ്ത ചില ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥരും കള്ളപ്പണ, വിദേശ ബന്ധങ്ങളെപ്പറ്റി മൊഴി നൽകിയിട്ടുണ്ട്. യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട ഇടപാടുകളിൽ മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ മറ്റു ചില പദ്ധതികളിലും വൻതോതിൽ കമ്മിഷൻ തുക ചിലർക്കു ലഭിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
advertisement
യുഎഇ കോൺസുലേറ്റിലെ ചില മുൻ ഉദ്യോഗസ്ഥർ, കോൺസുലേറ്റിന്റെ അതിഥികളായെത്തിയ ചില വിദേശികൾ, വിദേശികൾ സന്ദർശിച്ച ചില പ്രമുഖ വ്യക്തികൾ തുടങ്ങിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. യുഎഇ കോൺസുലേറ്റിലെ മുൻ ഗൺമാൻ ജയഘോഷ്, ഡ്രൈവർ സിദ്ദീഖ് എന്നിവരെ ചോദ്യം ചെയ്തുവെങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചില്ലെന്നാണ് സൂചന.
കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥനായ ഖാലിദ് അലി ഷൗക്രിക്കു കൈമാറിയ 4 ലക്ഷം ഡോളറും 90 ലക്ഷം രൂപയും കമ്മിഷൻ ആണെന്ന് യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ മൊഴി നൽകിയിട്ടുണ്ട്. ഡോളർ കരിഞ്ചന്തയിൽനിന്നു സംഘടിപ്പിക്കാൻ സന്തോഷ് ഈപ്പനെ സഹായിച്ച ബാങ്ക് ഉദ്യോഗസ്ഥരെയും കസ്റ്റംസ് ചോദ്യം ചെയ്യും.