വഞ്ചിയൂരിന് സമീപം ചിറകുളത്ത് ഇന്ന് രാവിലെയാണ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി എത്തിയ സംഘം നായ്കൾക്ക് വിഷം കലർത്തിയ ഭക്ഷണം കൊടുത്ത് കൊല്ലുകയായിരുന്നു എന്നാണ് നാട്ടുകാരുടെ പരാതി. രാത്രി 8 മണിയോടെ ഒരാൾ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ സംഘമാണ് നായ്ക്കളെ കൊന്നതെന്നാണ് പരാതി.
മൃഗസ്നേഹികളുടെ സംഘടനയുടെ പരാതിയിൽ വഞ്ചിയൂർ പോലീസ് കേസെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.
Also Read- ചങ്ങനാശ്ശേരിയിൽ തെരുവുനായയെ കെട്ടിത്തൂക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്തു
advertisement
സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. നായ്ക്കളുടെ ആക്രമണം രൂക്ഷമായതോടെയാണ് പലയിടത്തു നിന്നും ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
Also Read- കോട്ടയത്തിന് പിന്നാലെ കൊച്ചിയിലും തെരുവുനായകളെ കൊന്ന നിലയിൽ കണ്ടെത്തി
രണ്ട് ദിവസം മുമ്പ് കൊച്ചി എരൂരിൽ തെരുവ് നായ്ക്കളെ വിഷം കൊടുത്ത് കൊന്ന നിലയിൽ കണ്ടെത്തിയിരുന്നു. 5 നായകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്.
ഏതാനു ദിവസം മുമ്പ് കോട്ടയം മൂളക്കുളത്തും സമാന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കൽ, കീഴൂർ എന്നിവിടങ്ങളിൽ നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിഷേധവുമായി മൃഗസ്നേഹികൾ രംഗത്തെത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളൂർ പോലീസ് ആണ് കേസെടുത്തു.
ചങ്ങനാശേരിയില്‍ തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്തതും കഴിഞ്ഞ ദിവസമാണ്. ഐപിസി 429 പ്രകാരം ചങ്ങനാശേരി പോലീസാണ് കേസെടുത്തത്. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള റോഡില്‍ ചൊവ്വാഴ്ച്ച രാവിലെയാണ് നായയെ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്.
രണ്ടുദിവസം മുൻപ് ഇവിടെ ഒരു സ്ത്രീയെ തെരുവുനായ കടിക്കാൻ ഓടിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയതെന്നാണ് സൂചന.നാട്ടുകാരെത്തിയാണ് നായയുടെ കഴുത്തിലെ കെട്ടഴിച്ച് മൃതദേഹം മറവ് ചെയ്തത്.