TRENDING:

യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍ കേരളാ ബാങ്ക് പിരിച്ചുവിടും: രമേശ് ചെന്നിത്തല

Last Updated:

കേരളാബാങ്കിന് പൂര്‍ണ്ണമായ അനുവാദം ആര്‍ ബി ഐ യില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല. ആര്‍ ബി ഐയുടെ നിയന്ത്രണത്തില്‍ വരുമ്പോള്‍ സഹകരണ പ്രസ്ഥാനത്തിന്റെ അന്തസത്ത തന്നെ പൂര്‍ണ്ണമായും ഇല്ലാതാവുകയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: യു ഡി എഫ്  സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സഹകരണ പ്രസ്ഥാനത്തെ നശിപ്പിക്കുന്നതിന് രൂപീകരിച്ച് കേരളാ ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നമ്മുടെ നാട്ടില്‍  ധാരാളം സഹകരണ ബാങ്കുകളും   കൊമേഴ്സ്യല്‍ ബാങ്കുകളും ഉണ്ട്.  അപ്പോള്‍ ഒരു  കേരളാ ബാങ്കിന്റെ ആവശ്യം തന്നെയില്ല.  നമ്മുടെ സഹകരണമേഖലയുടെ നട്ടെല്ലാണ്   ജില്ലാ സഹകരണബാങ്കുകളും,  സംസ്ഥാന  സഹകരണ ബാങ്കും. അതിനെയെല്ലാം പിരിച്ച് വിട്ട് കേരളാ ബാങ്കുണ്ടാക്കിയത് രാഷ്ട്രീയ ഉദ്ദേശം വച്ചുകൊണ്ടാണ്. സഹകരണ പ്രസ്ഥാനത്തിന്റെ തന്നെ തകര്‍ച്ചക്കാണ് ഇത് വഴി തെളിക്കുന്നതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
advertisement

സഹകരണ പ്രസ്ഥാനങ്ങളുടെ ഉദ്ദേശ  ലക്ഷ്യങ്ങളെ പരിപൂര്‍ണ്ണമായും പരാജയപ്പെടുത്തുന്ന ഒന്നാണ്  കേരളാ ബാങ്ക്. അത് കൊണ്ട് യു ഡി എഫ് തുടക്കം മുതലെ ഇതിനെതിരായിരുന്നു. മലപ്പുറം ജില്ലാ  ബാങ്ക് മാത്രമാണ് തുടക്കം മുതല്‍ ഇതിനെതിരെ നില്‍ക്കുന്നത്.  കേരളാബാങ്കിന്  പൂര്‍ണ്ണമായ അനുവാദം ആര്‍ ബി ഐ യില്‍ നിന്നും ഇതുവരെ  ലഭിച്ചിട്ടില്ല.  ആര്‍  ബി  ഐയുടെ നിയന്ത്രണത്തില്‍ വരുമ്പോള്‍ സഹകരണ പ്രസ്ഥാനത്തിന്റെ അന്തസത്ത തന്നെ പൂര്‍ണ്ണമായും ഇല്ലാതാവുകയാണ്.  കേരളാ ബാങ്ക് എന്ന പേര് പോലും  ഉപയോഗിക്കാന്‍ പാടില്ലന്നാണ് ആര്‍ ബി ഐ പറഞ്ഞതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

advertisement

Also Read റാങ്ക് പട്ടികയുടെ കാലാവധി നീട്ടണം; ഉദ്യോഗാർത്ഥികളുടെ സമരം തീർക്കാൻ ഫോര്‍മുലയുമായി ഉമ്മൻചാണ്ടി

കേരള ബാങ്കില്‍ 1850 പേരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി തടഞ്ഞത് ഈ സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ്. ഇപ്പോള്‍  സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന സ്ഥിരപ്പെടുത്തലുകളെല്ലാം നിയമവിരുദ്ധനടപടികളാണ്. ഇവയൊന്നും കോടതിയില്‍ നിലനില്‍ക്കില്ല.  ഉമാദേവി കേസിലെ സുപ്രീം കോടതി വിധി ലംഘിച്ചു കൊണ്ടുള്ള നിയമനങ്ങളാണിത്. സുപ്രീം കോടതി വിധി ലംഘിക്കാന്‍ ഒരു സര്‍ക്കാരിനും അധികാരമില്ല. കേരള ബാങ്ക് രൂപീകരിച്ചത് തന്നെ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ കുഴിച്ചുമൂടാനായിരുന്നു. അവിടെ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാനുള്ള നീക്കമാണ് കോടതി തടഞ്ഞത്.  സംസ്ഥാന സഹകരണ ബാങ്കിലേക്കും ജില്ലാ ബാങ്കിലേക്കും നിയമനം യു.ഡി.എഫ് സര്‍ക്കാര്‍ നേരത്തെ പി.എസ്.സി.ക്ക് വിട്ടിരുന്നു. എന്നാല്‍  കേരള ബാങ്ക് രൂപീകരിച്ചപ്പോള്‍ കേരള ബാങ്കിലെ നിയമനം പി.എസ്.സിയ്ക്ക് വിട്ടില്ല എന്ന സാങ്കേതിക കാരണം പറഞ്ഞാണ് അനധികൃത നിയമനത്തിന് ശ്രമിച്ചത്. അതാണ് കോടതി തടഞ്ഞത്.

advertisement

Also Read രമേഷ് പിഷാരടി കോൺഗ്രസിലേക്ക്; ഐശ്വര്യ കേരളയാത്രയിൽ പങ്കെടുക്കും

യു ഡി എഫ് അധികാരത്തില്‍ വരുമ്പോള്‍ ഈ  പിന്‍വാതില്‍ നിയമനങ്ങള്‍ എല്ലാം പുനപരിശോധിക്കും. മുഖ്യമന്ത്രി ധാര്‍ഷ്ട്യത്തോടെയാണ്  ഇനിയും ആളുകളെ സ്ഥിരപ്പെടുത്തുമെന്ന് പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.  പി എസ് സി റാങ്ക് ഹോള്‍ഡര്‍ നടത്തുന്ന സമരം ഒത്ത് തീര്‍പ്പിലെത്തിക്കാന്‍ എന്തിനാണ് സര്‍ക്കാര്‍ മടിക്കുന്നത്.  ഇത് ക്രൂരമാണ്. റാങ്ക് ലിസ്റ്റില്‍ പെട്ടവരുടെ കുഴപ്പം കൊണ്ടല്ല  നിയമനം നടക്കാത്തത്.   യൂണിവേഴ്സിറ്റി കോളജിലെ കുത്തു കേസിലെ പ്രതികള്‍   പി എസ് സിയുടെ സി പി ഒ പരീക്ഷയില്‍  കോപ്പിയടിച്ച വിവരം പുറത്ത് വന്നപ്പോഴാണ്  പി എസ് സി   തന്നെ ഇടപെട്ട് ആ റാങ്ക് ലിസ്റ്റ് മരവിപ്പിച്ചത്.  ആറ് ഏഴ് മാസം ആ ലിസ്റ്റ് മരവിച്ച് കിടന്നു.  അതിന് ശേഷം അത് ക്യാന്‍സലാവുകയാണ്.  പി എസ് സി പരീക്ഷയെഴുതിയവരുടെ കുറ്റം കൊണ്ടല്ലല്ലോ ഇങ്ങനെ റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴി്ഞ്ഞത്.   റാങ്ക് ലിസ്റ്റില്‍ പെട്ട എല്ലാവര്‍ക്കും   ജോലി കൊടുക്കാന്‍  ഒരു സര്‍ക്കാരിനും കഴിയില്ല. എന്നാല്‍ സംവരണ മാനദണ്ഡങ്ങളൊന്നും   പാലിച്ചുകൊണ്ട് പി എസ് സി വഴി ജോലി നല്‍കണ്ട,  തങ്ങള്‍ തന്നിഷ്ടപ്രകാരം  പിന്‍വാതിലില്‍ കൂടി ജോലി നല്‍കുമെന്ന് പറയുന്നതിനെയാണ് എതിര്‍ക്കുന്നത്.

advertisement

പി.എസ്.സി റാങ്കുകാര്‍ മുട്ടുകാലില്‍ നിന്ന് യാചിച്ചിട്ടു പോലും മുഖ്യമന്ത്രിയുടെ മനസ് അലിയിയുന്നില്ലങ്കില്‍ അത് ധാര്‍ഷ്ട്യമാണ്.  സമരം ചെയ്യുന്നവരോട് ചര്‍ച്ചയില്ലന്ന മുഖ്യമന്ത്രിയുടെ നിലപാട് നിഷേധാത്മകമാണ്. അത് പുനപരിശോധിക്കണം. 221 പേരെയാണ് ഇന്നലെ സ്ഥിരപ്പെടുത്തിയത്. മിക്കവാറും പേര്‍ സി.പി.എം ബന്ധുക്കളും സുഹൃത്തുക്കളും പാര്‍ട്ടിക്കാരുമൊക്കെയാണ്.

സംസ്ഥാനത്ത് യു.ഡി.എഫ്. സര്‍ക്കാര്‍ ആരംഭിച്ച അഞ്ച് മെഡിക്കല്‍ കോളേജുകള്‍ അട്ടിമറിക്കുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്തത്. ഒരെണ്ണം അഞ്ചു വര്‍ഷം വൈകിപ്പിച്ചു. അങ്ങനെ ആകെ 6 മെഡിക്കല്‍ കോളേജുകളെ തകിടം മിറച്ചു.

advertisement

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ്, വയനാട് മെഡിക്കല്‍ കോളേജ്, ഇടുക്കി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജ്, ഹരിപ്പാട് മെഡിക്കല്‍ കോളേജ്, എന്നിവരെയാണ് ഈ സര്‍ക്കാര്‍ അട്ടിമറിച്ചത്.

കോന്നി മെഡിക്കല്‍ കോളേജ് അഞ്ചുവര്‍ഷം വൈകിപ്പിക്കുകയും ചെയ്തു.

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ്, അട്ടിമറിച്ചതിന്റെ ദുരിതം അവിടുത്തെ ജനങ്ങള്‍ വല്ലാതെ അനുഭവിച്ചു. കോവിഡ് കാലത്ത് രോഗികളെ മംഗലാപുരത്തേക്ക് കൊണ്ടുപോകാനായില്ല. ഒടുവില്‍ കണ്ണൂരിലേയ്ക്ക് കൊണ്ടുപോകേണ്ടിവന്നു. സര്‍ക്കാരിന്റെ വീഴ്ച കാരണം നിരവധി മരണങ്ങളുണ്ടായി.

ഇടുക്കിയില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കുകയും രണ്ട് ബാച്ച് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുകയും ചെയ്തതാണ്. അതും അട്ടിമറിച്ചു.

വയനാട്ടില്‍ മെഡിക്കല്‍ കോളേജിന്  സ്ഥലം യു.ഡി.എഫ സര്‍ക്കാര്‍ കണ്ടെത്തിയതായിരുന്നു. 5 വര്‍ഷം ഈ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഇപ്പോള്‍ ജനത്തെ കബളിപ്പിക്കാന്‍ താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ കോളേജ്  ആരംഭിക്കുമെന്ന് പറയുന്നു.

ഹരിപ്പാട് മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ അട്ടിമറിച്ചത് വലിയ ക്രൂരതയാണ്. സര്‍ക്കാരിന് കാല്‍ കാശ് ചിലവില്ലാതെ സിയാല്‍ മോഡലിലാണ് ഇവിടെ മെഡിക്കല്‍ കോളേജ് ആസൂത്രണം ചെയ്തത്. 25 ഏക്കര്‍ സ്ഥലം ഏറ്റടുത്തു. കമ്പനി രൂപീകരിച്ചു. കെട്ടിടത്തിന് ടെണ്ടറും ക്ഷണിച്ചു. അപ്പോഴാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാവധി അവസാനിച്ചത്. തുടര്‍ന്ന് ഈ സര്‍ക്കാര്‍ അതെല്ലാം അട്ടിമറിച്ചു.   ഹരിപ്പാട് മെഡിക്കല്‍ കോളജ് ഇല്ലാതാക്കണമെന്നത്  ഈ സര്‍ക്കാരിന്റെ ആഗ്രഹമായിരുന്നു.    എന്തെങ്കിലും  പരാതി ഇതിനെക്കുറിച്ചുണ്ടായിരുന്നെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു കേസെങ്കിലും  രജിസ്റ്റര്‍ ചെയ്യണമായിരുന്നു. അതിന്  സര്‍ക്കാരിന് കഴിഞ്ഞില്ല.

ഈ മെഡിക്കല്‍ കോളജുകളുണ്ടായിരുന്നെങ്കില്‍ കോവിഡിനെ ശക്തമായി പ്രതിരോധിക്കാമായിരുന്നു.  ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ഉള്ളത്കേരളത്തിലാണ്. മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ അഭാവം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം  തെറ്റിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കിക്കൊണ്ടുള്ള ടൂള്‍ കിറ്റ് പ്രചാരണത്തിന്റെ പേരില്‍ യുവാക്കളെയും പരിസ്ഥിതി പ്രവര്‍ത്തകരെയും കേന്ദ്രസര്‍ക്കാര്‍ കല്‍ത്തുറുങ്കിലടയ്ക്കുന്നത് ജനാധിപത്യത്തിനെതിരായ ആക്രമണമാണ്.  ഈ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും ചെന്നിത്തല പറഞ്ഞു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍ കേരളാ ബാങ്ക് പിരിച്ചുവിടും: രമേശ് ചെന്നിത്തല
Open in App
Home
Video
Impact Shorts
Web Stories