റാങ്ക് പട്ടികയുടെ കാലാവധി നീട്ടണം; ഉദ്യോഗാർത്ഥികളുടെ സമരം തീർക്കാൻ ഫോര്‍മുലയുമായി ഉമ്മൻചാണ്ടി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
റാങ്ക് ലിസ്റ്റ് എങ്ങനെ എങ്കിലും അവസാനിപ്പിച്ചാല്‍ മതിയെന്ന ചിന്തയാണ് സര്‍ക്കാരിന്. മൂന്ന് വര്‍ഷം തികഞ്ഞ പട്ടികയെല്ലാം സര്‍ക്കാര്‍ റദ്ദാക്കി. മുഖ്യമന്ത്രി പെരുപ്പിച്ച് പറയുന്നത് അഡ്വൈസ് മെമ്മോ നല്‍കിയ കണക്കാണ്.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിൽ ഇഴഞ്ഞും യാചിച്ചും പ്രതിഷേധിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിക്കാന്‍ ഫോര്‍മുല മുന്നോട്ടുവച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 31 തസ്തികകളിലെ റാങ്ക് പട്ടിക റദ്ദാക്കാതെ ഒന്നരവര്‍ഷം നീട്ടിയാല്‍ 345 പേര്‍ക്ക് നിയമനം ലഭിക്കുമെന്നാണ് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടുന്നത്. എല്‍ജിഎസ് പട്ടിക ഒന്നരക്കൊല്ലം നീട്ടണം. സിപിഒ പട്ടികയിലുള്ളവരുെട വാദത്തെ കോടതിയില്‍ സര്‍ക്കാര്‍ പിന്താങ്ങണം. ദേശീയ ഗെയിംസ് ജേതാക്കള്‍ക്ക് ജോലി നല്‍കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ഇടതു സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയവരോട് പ്രതികാരം ചെയ്യില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. യുഡിഎഫ് എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് നടന്ന നിയമനങ്ങളും ഉമ്മന്‍ചാണ്ടി താരതമ്യം ചെയ്തു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു റാങ്ക് ലിസ്റ്റും റദ്ദാക്കിയിട്ടില്ലെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
Also Read ഉമ്മൻ ചാണ്ടിയുടെ കാലിൽ വീണ് ഉദ്യോഗാർഥികൾ; ആ കണ്ണീർ വീണെന്റെ കാല് പൊള്ളിയെന്ന് മുൻ മുഖ്യമന്ത്രി
റാങ്ക് ലിസ്റ്റ് എങ്ങനെ എങ്കിലും അവസാനിപ്പിച്ചാല്‍ മതിയെന്ന ചിന്തയാണ് സര്‍ക്കാരിന്. മൂന്ന് വര്‍ഷം തികഞ്ഞ പട്ടികയെല്ലാം സര്‍ക്കാര്‍ റദ്ദാക്കി. മുഖ്യമന്ത്രി പെരുപ്പിച്ച് പറയുന്നത് അഡ്വൈസ് മെമ്മോ നല്‍കിയ കണക്കാണ്. യുഡിഎഫ് ഭരണകാലത്ത് സ്ഥിരപ്പെടുത്തിയത് ചട്ടപ്രകാരമാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
advertisement
ഇടതുസര്‍ക്കാരിനെക്കാള്‍ യുഡിഎഫ് സര്‍ക്കാര്‍ ജോലി നല്‍കി. മുഖ്യമന്ത്രി പറയുന്നത് അഡ്വൈസ് മെമ്മോ നല്‍കിയ കണക്കാണ്. യുഡിഎഫ് പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ നീട്ടിയത് പണം വാങ്ങിയെന്ന ആരോപണം തെളിയിക്കാൻ സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനെ വെല്ലുവിളിക്കുന്നു. പുതിയ ലിസ്റ്റില്ലെങ്കില്‍ പഴയത് നീട്ടുകയെന്നായിരുന്നു സര്‍ക്കാര്‍നയമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്നു പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവർ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാൽക്കൽ വീണിരുന്നു. മുട്ടിലിഴഞ്ഞും യാചിച്ചും ഇന്നും സമരം ചെയ്തവരെ കാണാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമരവേദിയിൽ എത്തിയപ്പോഴാണ് വൈകാരിക രംഗം അരങ്ങേറിയത്. സമരക്കാരോടു സംസാരിക്കുന്നതിനിടെ ഒരു കൂട്ടം യുവാക്കൾ കൂട്ടത്തോടെ ഉമ്മൻ ചാണ്ടിയുടെ കാലിൽ വീണ് അപേക്ഷിക്കുകയായിരുന്നു.
advertisement
ഒരു നിമിഷം അമ്പരുന്നു പോയ ഉമ്മന്‍ ചാണ്ടി യുവാക്കളെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. അപ്പോഴും യുവാക്കൾ അപേക്ഷ തുടരുകയായിരുന്നു. ആ യുവാക്കളുടെ കണ്ണീര് വീണ് തന്റെ കാല് പൊള്ളിപ്പോയെന്ന് ഉമ്മൻ ചാണ്ടി പിന്നീട് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
‘സെക്രട്ടേറിയറ്റിനു മുന്നില്‍ വീറോടെ സമരം നടത്തുന്ന പിഎസ് സി റാങ്ക് ഹോള്‍ഡേഴസിനെ സന്ദര്‍ശിച്ചപ്പോള്‍ ഹൃദയം നുറുങ്ങുന്ന അനുഭവമാണ് ഉണ്ടായത്. ഒരു കൂട്ടം യുവാക്കളുടെ നിലവിളി ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നു. അവരുടെ കണ്ണീര്‍ വീണ് എന്റെ കാലുകള്‍ പൊള്ളി. നട്ടുച്ച വെയിലത്ത് യുവതികള്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ചുട്ടുപൊള്ളുന്ന ടാര്‍ റോഡിലൂടെ മുട്ടിന്മേല്‍ നീന്തി. അവരുടെ കാലുകള്‍ പൊട്ടി രക്തം പൊടിഞ്ഞു. ചിലര്‍ക്ക് ബോധക്ഷയം ഉണ്ടായി. പ്രിയ യുവസ്‌നേഹിതരേ, കേരളത്തിലെ ജനങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. തീര്‍ച്ചയായും ഞാനും മുന്‍നിരയില്‍ തന്നെ ഉണ്ടാകും.’ ഉമ്മൻ ചാണ്ടി കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 16, 2021 2:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റാങ്ക് പട്ടികയുടെ കാലാവധി നീട്ടണം; ഉദ്യോഗാർത്ഥികളുടെ സമരം തീർക്കാൻ ഫോര്‍മുലയുമായി ഉമ്മൻചാണ്ടി