പിൻവാതിൽ നിയമനത്തിൽ ഹൈക്കോടതി ഇടപെടൽ; കേരളാ ബാങ്കിലെ സ്ഥിരപ്പെടുത്തൽ നീക്കത്തിന് സ്റ്റേ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഇല്ലെന്നു സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഹരജിക്കാരൻ ഇത് സംബന്ധിച്ച കത്തിടപാടുകൾ ഹാജരാക്കിയതിനെ തുടർന്നാണ് നിയമനം കോടതി സ്റ്റേ ചെയ്തത്.
കൊച്ചി: കേരളാ ബാങ്കിലെ പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. കരാർ ജീവനക്കാരായ 1850 പേരെയാണ് സ്ഥിരപ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. ഇത് ചോദ്യം ചെയ്ത് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട കണ്ണൂര് സ്വദേശിയായ ഉദ്യോഗാർത്ഥി നല്കിയ ഹർജിയിലാണ് ജസ്റ്റിസ് സുനിൽ തോമസിൻ്റെ ഉത്തരവ്.
അതേസമയം സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഇല്ലെന്നു സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഹരജിക്കാരൻ ഇത് സംബന്ധിച്ച കത്തിടപാടുകൾ ഹാജരാക്കിയതിനെ തുടർന്നാണ് നിയമനം കോടതി സ്റ്റേ ചെയ്തത്. ഹരജിയിൽ വിശദമായ വാദം പിന്നീട് നടക്കും. ഹർജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. നാളെ കേരളാ ബാങ്ക് ഡയറക്ടർ ബോഡ് യോഗം ചേരാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടൽ.
advertisement
കേരള ബാങ്കിൽ ചീഫ് എക്സിക്യൂട്ടീവ് മുതൽ പ്യൂൺവരെയുള്ള നിയമനത്തിന് പിഎസ്‌സിക്കാണ് അധികാരമെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പിഎസ്‌സി വഴിയാണ് അപേക്ഷ ക്ഷണിച്ചിരുന്നതെങ്കിൽ വിവിധ തസ്തികകളിൽ അപേക്ഷ നൽകാൻ തനിക്കു യോഗ്യതയുണ്ടെന്നും കണ്ണൂർ സ്വദേശിയും എംകോം ബിരുദധാരിയുമായ എ. ലിജിത്തിന്റെ ഹർജിയിലുണ്ട്.
ഭരിക്കുന്ന പാർട്ടിയോട് കൂറുള്ളവരെയാണു താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നത്. ഇവരെ ക്രമപ്പെടുത്തുന്നതു കേരള സഹകരണ സൊസൈറ്റി (കെസിഎസ്) നിയമത്തിന്റെ ലംഘനമാണ്. വ്യവസ്ഥകൾ പാലിക്കാതെ നടത്തിയ നിയമനങ്ങൾ നിയമവിരുദ്ധമാണെന്നും സംസ്ഥാന സർക്കാരിനു ക്രമപ്പെടുത്താനാവില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടുണ്ട്. 2019 നവംബർ 29നുള്ള ലയനത്തിനുശേഷം കണക്കുക്കൂട്ടിയാണു എല്ലാ ശാഖകളിലും കരാർ അടിസ്ഥാനത്തിൽ പാർട്ടി അനുഭാവികളെ നിയമിച്ചത് 13 ജില്ലാ ബാങ്കുകളിലെയും ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തിരുന്നെന്നും ലയനത്തിനുശേഷം ഇതുണ്ടായിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 15, 2021 6:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പിൻവാതിൽ നിയമനത്തിൽ ഹൈക്കോടതി ഇടപെടൽ; കേരളാ ബാങ്കിലെ സ്ഥിരപ്പെടുത്തൽ നീക്കത്തിന് സ്റ്റേ