എംജി റോഡിന്റെ ഒരു ഭാഗവും ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ വാടകയ്ക്കു നൽകാനോ പാർക്കിങ് ഫീസ് പിരിക്കാനോ അനുമതി ഇല്ലെന്നു പൊതുമരാമത്ത് റോഡ്സ് വിഭാഗം ചീഫ് എൻജിനീയർ റിപ്പോർട്ട് നൽകിയിരുന്നു. പൊതുമരാമത്തിന്റെ ആസ്തിയാണ് ഈ റോഡ്. ഇത് 15 വർഷത്തെ പരിപാലനത്തിനായി കേരള റോഡ് ഫണ്ട് ബോർഡിന് നൽകിയതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
advertisement
പ്രതിമാസം 5000 രൂപ വാടകയ്ക്ക് മുദ്രപ്പത്രത്തിൽ കരാർ എഴുതി സ്വകാര്യ ഹോട്ടലിന് എംജി റോഡിന്റെ ഭാഗം പാർക്കിങ്ങിനായി തിരുവനന്തപുരം കോർപറേഷൻ നൽകിയത് വിവാദമായിരുന്നു. ഇതേത്തുടർന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആവശ്യപ്പെട്ട പ്രകാരമാണ് ചീഫ് എൻജിനീയർ അജിത് രാമചന്ദ്രൻ റിപ്പോർട്ട് സമർപ്പിച്ചത്.
വർഷങ്ങളായി എംജി റോഡിന്റെ ഇരുവശങ്ങളിലും പല ഭാഗത്തായി കോർപറേഷൻ നിയോഗിച്ച ട്രാഫിക് വാർഡന്മാർ ഫീസ് പിരിച്ചു പാർക്കിങ് അനുവദിക്കുന്നുണ്ട്. ഇതിന് പൊലീസും അനുവാദം നല്‍കിയിരുന്നു.
Also Read- സ്വകാര്യ ഹോട്ടലിന് റോഡിൽ പാർക്കിങ്; ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തിരുവനന്തപുരം നഗരസഭ
പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ ജി.സുധാകരൻ ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും കോർപറേഷൻ ഭരിച്ചിരുന്നത് എൽഡിഎഫിന് ആയതിനാൽ വകുപ്പുതല നടപടികൾ ഉണ്ടായിരുന്നില്ല.
അതേസമയം, തങ്ങൾക്ക് അധികാരം ഇല്ലാത്ത റോഡിന്റെ ഭാഗം വാടകയ്ക്ക് നൽകാൻ നിയമവിരുദ്ധ കരാർ ഉണ്ടാക്കിയ തിരുവനന്തപുരം കോർപറേഷന്റെ നടപടിയിൽ തദ്ദേശ വകുപ്പോ നഗരകാര്യ വിഭാഗമോ നടപടി സ്വീകരിച്ചിട്ടില്ല. കരാർ ഉണ്ടാക്കിയ ശേഷം കോർപറേഷന്റെ 7 കൗൺസിൽ യോഗങ്ങൾ ചേർന്നെങ്കിലും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നില്ല.
Also Read-സ്വകാര്യ ഹോട്ടലിന് പാർക്കിങ്ങിനായി PWD റോഡ്; സംഭവത്തിൽ മന്ത്രി റിപ്പോർട്ട് തേടി
തലസ്ഥാന നഗരത്തിൽ എംജി റോഡ് ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിലും ദേശീയപാതയിലും സ്വകാര്യ ഹോട്ടലുകൾക്ക് മുന്നിൽ സുരക്ഷാ ജീവനക്കാർ സന്ദർശകരുടെ വാഹനങ്ങൾ കടത്തിവിടാൻ ഗതാഗതം നിയന്ത്രിക്കുന്നതിലും പൊലീസും കോർപറേഷനും മരാമത്ത് വകുപ്പും ഇടപെടാറില്ലെന്നും പരാതികളുണ്ട്.