കോഹ്ലിയോട് ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെട്ടിരുന്നെന്നും ക്യാപ്റ്റനെ മാറ്റാൻ തങ്ങൾക്ക് പ്ലാൻ ഇല്ലായിരുന്നുവെന്നും എന്നാൽ കോഹ്ലി ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ കാര്യങ്ങൾ മാറുകയായിരുന്നെന്നുമാണ് ഗാംഗുലി പറഞ്ഞത്.
കോഹ്‌ലിയുടെ തീരുമാനം സെലക്ടർമാരെ അറിയിച്ചതോടെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ രണ്ട് ഫോര്‍മാറ്റുകളിലും രണ്ട് ക്യാപ്റ്റന്മാർ എന്ന രീതിയോട് സെലക്ടര്‍മാര്‍ക്ക് യോജിപ്പില്ലായിരുന്നു. ട്വന്റി 20 നായകസ്ഥാനവും ഏകദിന നായകസ്ഥാനവും വേര്‍തിരിക്കരുതെന്നാണ് സെലക്ടര്‍മാരുടെ നിലപാട്. അങ്ങനെയാണ് കോഹ്ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റി പകരം രോഹിത് ശർമയെ നിയമിച്ചതെന്നുമായിരുന്നു ഗാംഗുലി വ്യക്തമാക്കിയത്.
advertisement
ഏകദിന ക്യാപ്റ്റൻ സ്ഥാനം നഷ്ടമായത് ടി20 ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ചതിനാലാണെന്ന ഗാംഗുലിയുടെ വാദം ശരിയല്ലെന്നാണ് കോലിയുടെ പ്രതികരണത്തോടെ വ്യക്തമാകുന്നത്. ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നുവെന്നും തുടർന്നും ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളെ നയിക്കാൻ തയാറാണെന്ന് കോഹ്ലി ബിസിസിഐയെ അറിയിക്കുകയും കോഹ്‌ലിയുടെ തീരുമാനത്തെ ബോർഡ് സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടാണ് രോഹിത് ശർമയെ ഏകദിന ക്യാപ്റ്റനായും പ്രഖ്യാപിച്ചത്.
ഏകദിനത്തിൽ ക്യാപ്റ്റൻ സ്ഥാനത്ത് തുടരേണ്ടെന്നാണ് സെലക്ടർമാരുടെ തീരുമാനമെങ്കിൽ അതിൽ തനിക്ക് ഒരു പ്രശ്നവുമില്ലായിരുന്നു. അക്കാര്യം അംഗീരിക്കാൻ യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. എന്നാൽ ഇത് നേരത്തെ തന്നെ സൂചിപ്പിക്കാമായിരുന്നെന്നും കോഹ്ലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതുകൊണ്ട് ബാറ്റിംഗ് കൂടുതൽ മെച്ചപ്പെടുമെന്ന് പറയാൻ തനിക്ക് കഴിയില്ലെന്നും ക്യാപ്റ്റൻ സ്ഥാനം വഹിച്ചുകൊണ്ട് ബാറ്റ് ചെയ്യുന്നതിൽ അഭിമാനമുണ്ടായിരുന്നു. ക്യാപ്റ്റനായിരുന്നപ്പോൾ ആത്മാർത്ഥതയോടെയാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും തുടർന്നും തന്റെ കഴിവിന്റെ പരമാവധി പുറത്തെടുത്ത് കൊണ്ട് ടീമിന്റെ മുന്നേറ്റത്തിന് സഹായിക്കുമെന്നും കോഹ്ലി വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പരയ്ക്കുണ്ടാകുമെന്നും കോഹ്ലി അറിയിച്ചിരുന്നു. ടീമില്‍ നിന്നും വിട്ടുനിൽക്കുന്നില്ലെന്നും ഇന്ത്യൻ ടീമിന് വേണ്ടി എപ്പോൾ വേണമെങ്കിലും കളിക്കാന്‍ സന്നദ്ധനാണെന്നും കോഹ്ലി മാധ്യമങ്ങളോട് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കന്‍ പരമ്പരയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും വളരെ ആവേശത്തോടെയാണ് പരമ്പരയ്ക്കായി തയ്യാറെടുക്കുന്നതെന്നും കോഹ്ലി കൂട്ടിച്ചേർത്തു.
രോഹിത് ശർമയുമായി യാതൊരുവിധ പ്രശ്‌നമില്ലെന്നും ഇക്കാര്യം കഴിഞ്ഞ കുറച്ച് വർഷങ്ങളായി താൻ വിശദീകരിച്ച് കൊണ്ടേയിരിക്കുകയാണെന്നും വിശദീകരണം നൽകി മടുത്തെന്നും കോഹ്ലി പറഞ്ഞു.
രോഹിത് ശർമ മികച്ച ക്യാപ്റ്റൻ ആണെന്നും ഐപിഎല്ലിലും ഇന്ത്യയെ നയിച്ച ചില മത്സരങ്ങളിലും നാമത് കണ്ടതാണെന്നും ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത്തിനും പരിശീലകൻ രാഹുൽ ദ്രാവിഡിനും തന്റെ എല്ലാവിധ പിന്തുണയും ടീമിനെ മുന്നോട്ട് നയിക്കാൻ താൻ എല്ലാവിധ സംഭാവനകൾ നൽകുമെന്നും കോഹ്ലി കൂട്ടിച്ചേർത്തു.