ടിക് ടോക് താരം ജെഹാന് തോമസിന്റെ അപ്രതീക്ഷിത മരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. വെള്ളിയാഴ്ചയാണ് 30 വയസ്സുകാരിയായ ജെഹാന് മരണപ്പെട്ടത്. കഴിഞ്ഞ കുറച്ച് നാളുകളായി തനിക്ക് സ്ഥിരമായി തലവേദന അനുഭവപ്പെടുന്നുവെന്ന് ജെഹാന് പറഞ്ഞിരുന്നു. പിന്നീട് തനിക്ക് ഒപ്റ്റിക് ന്യൂറോസിസ് രോഗം സ്ഥിരീകരിച്ചതായി ജെഹാന് ഫോളോവേഴ്സിനെ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ജെഹാന്റെ മരണവിവരം പുറത്ത് വിട്ട് സുഹൃത്ത് ആലിക്സ് റീസ്റ്റ് രംഗത്തെത്തിയത്. ജെഹാന്റെ കുട്ടികള്‍ക്കായി ധനസമാഹരണം നടത്താനുദ്ദേശിച്ച് ഒരു പേജും ഇവര്‍ ആരംഭിച്ചിരുന്നു.
മൂന്ന് വയസ്സുള്ള ഐസക്, ഒരു വയസ്സ് മാത്രം പ്രായമുള്ള എലിജ എന്നിവരാണ് ജെഹാന്റെ മക്കള്‍. ആലിക്സ് ആണ് ജെഹാന്റെ ആരോഗ്യ വിവരങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ആരാധകരെ അറിയിച്ച് കൊണ്ടിരുന്നത്. ജെഹാന്റെ കുട്ടികള്‍ക്കായി ഗോ ഫണ്ട് മീ എന്ന പേരിലാണ് ആലിക്സ് സോഷ്യല്‍ മീഡിയ പേജ് ആരംഭിച്ചത്.’ ഐസകിനും എലീജയ്ക്കും അവരുടെ അമ്മയെ നഷ്ടപ്പെട്ടിരിക്കുകയാണ്. അവർക്കായി ധനസമാഹരണം നടത്താനാണ് ഈ പേജ് ആരംഭിച്ചിരിക്കുന്നത്. എന്ത് ചെയ്താലും അവരുടെ അമ്മയെ തിരിച്ച് കൊണ്ടുവരാന്‍ കഴിയില്ല എന്നറിയാം. എന്നാല്‍ ഇത് അവര്‍ക്ക് ഒരു ആശ്വാസമാകും’ ആലീക്സ് പേജിൽ കുറിച്ചു.
ഏകദേശം 700ലധികം പേരാണ് കുട്ടികളെ സഹായിക്കാനായി ധനസഹായവുമായി എത്തിയതെന്നാണ് പിന്നീട് ലഭിക്കുന്ന വിവരം. ഏകദേശം 10,73,000 രൂപയോളം ഇതുവരെ ലഭിച്ചുവെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ജെഹാന് സ്ഥിരമായി തലവേദനയുണ്ടായിരുന്നു. സ്ട്രെസ്സ് മൂലമാണ് തലവേദന വരുന്നതെന്നാണ് ഡോക്ടര്‍മാര്‍ ഇവരോട് പറഞ്ഞിരുന്നത്. പിന്നീടാണ് ഒപ്റ്റിക് ന്യൂറിറ്റൈസ് ആണെന്ന് കണ്ടെത്തിയത്. പിന്നീട് തനിക്ക് എംഎസ് ആണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി ജെഹാന് പറഞ്ഞിരുന്നു. വേദന കൊണ്ട് എഴുന്നേറ്റ് നില്ക്കാന് പോലുമാകാത്ത അവസ്ഥയിലാണ് താനെന്നാണ് ജെഹാന് മരണത്തിന് തൊട്ടുമുമ്പ് എഴുതിയ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറഞ്ഞിരുന്നത്.
മാര്‍ച്ച് 12ന് തന്റെ മക്കളോടൊപ്പമുള്ള സെല്‍ഫി ചിത്രവും ജെഹാന് പങ്കുവെച്ചിരുന്നു. ആറ് ദിവസം ആശുപത്രിയില്‍ ചെലവഴിച്ച ശേഷം ഇപ്പോഴിതാ തന്റെ വീട്ടിലെത്തി എന്നായിരുന്നു പോസ്റ്റിന്റെ അടിക്കുറിപ്പ്. ”ആറ് ദിവസം ആശുപത്രിയില്‍ കഴിഞ്ഞു. ഇപ്പോള്‍ ഞാനിതാ എന്റെ മക്കളോടൊപ്പം വീട്ടിലേക്ക് എത്തിയിരിക്കുന്നു. വളരെ വെല്ലുവിളികള്‍ നിറഞ്ഞ ദിവസങ്ങളായിരുന്നു ഇത്. മക്കളെ കാണാതെ ഞാന്‍ ഒരുപാട് വിഷമിച്ചു,’ എന്നായിരുന്നു ജെഹാന്റെ കുറിപ്പ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.