4 കിലോ അരിക്ക് 420 രൂപയാണെങ്കില്‍ 12 കിലോയ്ക്ക് എത്ര വില? കണക്ക് പരീക്ഷയിലെ ചോദ്യത്തെച്ചൊല്ലി യുപിയില്‍ വിവാദം
- Published by:Sarika N
- news18-malayalam
Last Updated:
ഗാസിയാബാദിലെ ഒരു അപ്പര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം
ഉത്തര്‍പ്രദേശിലെ ഒരു പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നൽകിയ അര്‍ദ്ധവാര്‍ഷിക പരീക്ഷാ ചോദ്യപേപ്പറിലെ ചെറിയ പിശക് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറിലാണ് തെറ്റ് സംഭവിച്ചത്. ചോദ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ വിമർശനങ്ങൾ ഉയരുകയായിരുന്നു. ഗാസിയാബാദിലെ ഒരു അപ്പര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. 7, 8 ക്ലാസുകളിലെ കണക്ക് പരീക്ഷയ്ക്കിടെയാണ് ചോദ്യപേപ്പര്‍ ചര്‍ച്ചയായത്. ഇതോടെ ചോദ്യപേപ്പര്‍ സജ്ജീകരണ പ്രക്രിയയ്ക്കു നേരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു.
നാല് കിലോ അരിയുടെ വില 420 രൂപയാണെങ്കില്‍ 12 കിലോ അരിക്ക് എത്ര രൂപ വരും എന്ന മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യത്തെച്ചൊല്ലിയാണ് വിവാദം. ഇതിന്റെ ശരിയായ ഉത്തരം 1,260 രൂപയാണ്. എന്നാല്‍ ചോദ്യപേപ്പറില്‍ നല്‍കിയിട്ടുള്ള ഉത്തര ഓപ്ഷനുകളില്‍ ശരിയുത്തരം ഇല്ലായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ നാല് ഓപ്ഷനുകളും തെറ്റായിരുന്നു. 1,000 രൂപ, 760 രൂപ, 1,160 രൂപ, 1360 രൂപ എന്നിങ്ങനെ നാല് തെറ്റുത്തരങ്ങളാണ് നല്‍കിയത്. ചോദ്യവും ഉത്തരവും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. അരിക്ക് വില കൂടിയോ എന്നുള്ള സംശയങ്ങളും പരിഹാസ രൂപേണ ഉയര്‍ന്നുവന്നു.
advertisement
ഏഴാം ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിയാണ് ചോദ്യപേപ്പറിലെ രണ്ട് ചോദ്യങ്ങള്‍ തെറ്റാണെന്ന് ചൂണ്ടി കാണിച്ചത്. വിദ്യാര്‍ത്ഥികള്‍ പരസ്പരം ചര്‍ച്ചചെയ്ത ശേഷം ഇത് സ്‌കൂള്‍ അധ്യപകരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ചോദ്യത്തില്‍ തെറ്റ് പറ്റിയതണാണെന്ന് അധ്യാപകര്‍ പിന്നീട് സ്ഥിരീകരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ ഗണിതശാസ്ത്ര ചോദ്യപേപ്പറിലെ ഒരു ചോദ്യത്തിലും പിശക് സംഭവിച്ചതായാണ് വിവരം.
വലതു കോണുള്ള ത്രികോണത്തിലെ 90 ഡിഗ്രി കോണിന് എതിര്‍വശത്തുള്ള ഭാഗം തിരിച്ചറിയാന്‍ ആവശ്യപ്പെട്ടുള്ളതായിരുന്നു ഏഴാം ക്ലാസ് പേപ്പറില്‍ തെറ്റായി വന്ന രണ്ടാമത്തെ ചോദ്യം. ശരിയുത്തരം 'ഹൈപ്പോടെന്യൂസ്' ആണെങ്കിലും ഓപ്ഷനുകളില്‍ ഇത് നല്‍കിയിരുന്നില്ല. ഇത് ചോദ്യപേപ്പര്‍ അച്ചടിക്കുന്നതിലോ അല്ലെങ്കില്‍ പ്രൂഫ് റീഡിംഗിലോ വന്ന പിഴവിനെയാണ് സൂചിപ്പിക്കുന്നത്.
advertisement
8-ാം വിദ്യാര്‍ത്ഥികള്‍ക്കുള്ള ചോദ്യപേപ്പറിലും തെറ്റായ ചോദ്യം പ്രത്യക്ഷപ്പെട്ടു. ആ ചോദ്യം തന്നെ അസാധുവാണെന്ന് പിന്നീട് അധ്യാപകര്‍ ചൂണ്ടിക്കാട്ടി. സംഭവത്തെ തുടര്‍ന്ന് തെറ്റായ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ നിര്‍ദ്ദേശം നല്‍കി. മൂല്യനിര്‍ണ്ണയ സമയത്ത് ഈ ചോദ്യങ്ങള്‍ക്ക് മുഴുവന്‍ മാര്‍ക്കും നല്‍കുമെന്നും അധ്യാപകര്‍ ഉറപ്പുനല്‍കി.
സംഭവം കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. പരീക്ഷാ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നതിനും പരിശോധിക്കുന്നതിനും ഉത്തരവാദിത്തപ്പെട്ട കമ്മിറ്റിയുടെ അശ്രദ്ധയാണ് പിശക് സംഭവിക്കാന്‍ കാരണമെന്ന് അധ്യാപകര്‍ ആരോപിച്ചു. ആവര്‍ത്തിച്ചുള്ള തെറ്റുകള്‍ സംവിധാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആത്മവിശ്വാസത്തെ ദുര്‍ബലപ്പെടുത്തുമെന്നും അധ്യാപകര്‍ മുന്നറിയിപ്പ് നല്‍കി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Uttar Pradesh
First Published :
Dec 22, 2025 12:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
4 കിലോ അരിക്ക് 420 രൂപയാണെങ്കില്‍ 12 കിലോയ്ക്ക് എത്ര വില? കണക്ക് പരീക്ഷയിലെ ചോദ്യത്തെച്ചൊല്ലി യുപിയില്‍ വിവാദം






