HOME /NEWS /Buzz / Self-Marriage | സ്വയം വിവാഹം ചെയ്യാനൊരുങ്ങി ​ഗുജറാത്ത് സ്വദേശിനി; രാജ്യത്തെ ആദ്യ സംഭവമെന്ന് അവകാശവാദം

Self-Marriage | സ്വയം വിവാഹം ചെയ്യാനൊരുങ്ങി ​ഗുജറാത്ത് സ്വദേശിനി; രാജ്യത്തെ ആദ്യ സംഭവമെന്ന് അവകാശവാദം

ക്ഷമ ബിന്ദു

ക്ഷമ ബിന്ദു

24 കാരിയായ ക്ഷമ ബിന്ദു ആണ് തന്നെത്തന്നെ വിവാഹം ചെയ്യാൻ തയ്യാറെടുക്കുന്നത്

  • Share this:

    മറ്റൊരാളെ വിവാഹം ചെയ്യാൻ താത്പര്യം ഇല്ലാത്തതിനാൽ സ്വയം വിവാഹം (self-marriage) ചെയ്യാനൊരുങ്ങി ​ഗുജറാത്തിലെ വഡോദര സ്വദേശിയായ യുവതി. 24 കാരിയായ ക്ഷമ ബിന്ദു (Kshama Bindu) ആണ് തന്നെത്തന്നെ വിവാഹം ചെയ്യാൻ തയ്യാറെടുക്കുന്നത്. പരമ്പരാഗത രീതിയിലുള്ള വിവാഹച്ചടങ്ങുകളും സംഘടിപ്പിക്കും. ജൂൺ 11 ന് ആയിരിക്കും ചടങ്ങുകൾ. ​ ഒരു വധുവിനെ പോലെ താൻ അണിഞ്ഞൊരുങ്ങുമെന്നും നെറ്റിയിൽ സിന്ദൂരം ചാർത്തുമെന്നും ക്ഷമ പറഞ്ഞിട്ടുണ്ട്. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ക്ഷമ.

    "ഞാൻ ഒരിക്കലും മറ്റൊരാളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടില്ല. പക്ഷേ എനിക്ക് ഒരു വധു ആകാൻ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഞാൻ എന്നെ തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചു", ക്ഷമ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

    രാജ്യത്ത് ഏതെങ്കിലും സ്ത്രീ ഇത്തരത്തിൽ സ്വയം വിവാഹം കഴിച്ചിട്ടുണ്ടോ എന്നറിയാൻ ക്ഷമ ഓൺലൈൻ വഴി അന്വേഷണങ്ങൾ നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. "ഒരുപക്ഷേ നമ്മുടെ രാജ്യത്ത് ആദ്യമായി ആത്മസ്നേഹത്തിന്റെ ഇത്തരമൊരു മാതൃക കാണിക്കുന്നത് ഞാനായിരിക്കാം", ക്ഷമ പറഞ്ഞു.

    "സ്വയം-വിവാഹം ചെയ്യുക എന്നത് നിങ്ങളോടു തന്നെ കാണിക്കുന്ന പ്രതിബദ്ധതയും തന്നോട് തന്നെയുള്ള നിരുപാധികമായ സ്നേഹവുമാണ് കാണിക്കുന്നത്. അത് സ്വയം അംഗീകരിക്കാനുള്ള ഒരു പ്രവൃത്തി കൂടിയാണ്. മറ്റുള്ളവർ അവർ ഇഷ്ടപ്പെടുന്ന ഒരാളെ വിവാഹം കഴിക്കുന്നു. ഞാൻ എന്നെത്തന്നെ സ്നേഹിക്കുന്നു, അതിനാലാണ് ഇത്തരമൊരു കല്യാണം", ക്ഷമ കൂട്ടിച്ചേർത്തു.

    ക്ഷമ ചെയ്യുന്നത് അർഥശൂന്യമായ കാര്യങ്ങളാണെന്ന് പറയുന്നവരോടും അവൾക്ക് മറുപടിയുണ്ട്: ''സ്ത്രീകളുടെ അഭിപ്രായങ്ങൾക്ക് വില കൽപിക്കണം എന്നു കൂടിയാണ് ഇതിലൂടെ ഞാൻ പറയാൻ ആ​ഗ്രഹിക്കുന്നത്''. വിവാഹത്തിന് തനിക്ക് മാതാപിതാക്കളുടെ പൂർണ പിന്തുണയും അനു​ഗ്രഹവും ഉണ്ടെന്നും അവർ തുറന്ന മനസുള്ളവരാണെന്നും ക്ഷമ കൂട്ടിച്ചേർത്തു.

    ഗോത്രിയിലെ ഒരു ക്ഷേത്രത്തിൽ വച്ച് തന്റെ കല്യാണം നടത്താനാണ് ക്ഷമ പദ്ധതിയിട്ടിരിക്കുന്നത്. അതിനായി അപേക്ഷ നൽകിയിട്ടുണ്ട്. അഞ്ച് പ്രതിജ്ഞകളും എഴുതി തയ്യാറാക്കിയിട്ടുണ്ട്. വിവാഹത്തിനു ശേഷം ഗോവയിൽ രണ്ടാഴ്ചത്തെ ഹണിമൂൺ നടത്താനും ക്ഷമ ആ​ഗ്രഹിക്കുന്നുണ്ട്.

    സ്വയം വിവാഹം കഴിച്ച ബ്രസീലിയൻ മോഡലിന്റെ വാർത്ത മുൻപ് ചർച്ചയായിരുന്നു. അവർ വിവാഹ മോചനത്തിന് കാത്തിരിക്കുന്ന വാർത്തയും അതിനു ശേഷം പുറത്തു വന്നിരുന്നു. ക്രിസ് ഗലേര എന്ന മോഡലാണ് സ്വയം വിവാഹിതയായത്. പരമ്പരാഗത വെളുത്ത ബ്രൈഡൽ ഗൗൺ ധരിച്ച് ബ്രസീലിലെ സാവോപോളോയിലെ പള്ളിയുടെ മുന്നിൽ നിൽക്കുന്ന ക്രിസ് ഗലേറ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. താൻ ആഗ്രഹിച്ച പോലെ ഒരു പ്രത്യേക വ്യക്തിയെ കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനത്തിൽ എത്തിയിരിക്കുന്നത് എന്നും ക്രിസ് പറഞ്ഞിരുന്നു. പുരുഷന്മാർക്ക് വിശ്വസ്തത പുലർത്തുന്നതിനോ ഒരു സ്ത്രീയുടെ കൂടെ താമസിക്കുന്നതിനോ ബുദ്ധിമുട്ടാണ് എന്നു പറഞ്ഞാണ് ക്രിസ് സ്വയം വിവാഹം ചെയ്തത്. എന്നാൽ പിന്നീട് അഭിപ്രായം മാറ്റുകയായിരുന്നു.

    First published:

    Tags: Wedding