ബംഗളൂരുവിലെ നൈസ് റോഡിൽ ബൈക്ക് യാത്രികരായ രണ്ട് സ്ത്രീകളെ ഒരാൾ അസഭ്യം പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ച ആയിരിക്കുകയാണ്. സ്ത്രീ സുരക്ഷയ്ക്ക് നേരെയുള്ള വെല്ലുവിളിയായാണ് പലരും ഈ വീഡിയോ ചൂണ്ടിക്കാണിക്കുന്നത്. ദക്ഷിണ ബംഗളൂരുവിലെ ഗോട്ടിഗെരെയ്ക്ക് സമീപം വനിതാ ബൈക്ക് യാത്രികരായ പ്രിയങ്ക പ്രസാദും ഷാരോൺ സാമുവലും വനിതാ ദിന ബൈക്ക് റാലിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ബൈക്ക് യാത്രികരായ ഇരുവരും റോഡരികിൽ നിൽക്കുമ്പോൾ അഭിഭാഷകനാണെന്ന് അവകാശപ്പെട്ട ഒരാൾ വന്ന് റോഡിൽ നിൽക്കരുതെന്ന് പറഞ്ഞു. പ്രിയങ്കയും ഷാരോണും ഇയാളെ ചോദ്യം ചെയ്തതോടെ ബൈക്കിന്റെ താക്കോൽ എടുത്ത് ഇയാൾ കടന്നുകളഞ്ഞു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ക്യാമറയിൽ പകർത്തുകയും പ്രിയങ്ക സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. “ഇതാണ് പ്രശ്നം. ദയവായി ഞങ്ങളെ സഹായിക്കൂ. ഞങ്ങൾ ബന്നാർഘട്ട എൻട്രി നൈസ് റോഡിലാണ്,” പ്രിയങ്ക പോസ്റ്റിൽ പറഞ്ഞു.
View this post on Instagram
ഒരാൾ റോഡിന് അപ്പുറത്ത് നിന്ന് സ്ത്രീകളോട് അവിടെ നിൽക്കരുതെന്നും കടന്ന് പോകാനും ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. തങ്ങൾ വെള്ളം കുടിക്കാൻ നിർത്തിയതാണെന്ന് സ്ത്രീകൾ പറയുന്നത് വീഡിയോയിൽ കേൾക്കുന്നുണ്ട്. അൽപ സമയത്തിനകം മറ്റൊരാൾ റോഡ് മുറിച്ച് കടന്ന് സ്ത്രീകളുടെ അടുത്തെത്തുകയും അവിടെ നിന്ന് പോകാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. എന്താണ് കാര്യമെന്ന സ്ത്രീകളുടെ ചോദ്യത്തിനോട് അയാൾ പ്രതികരിക്കുന്നില്ല. ഒടുവിൽ ഇത് സ്ഥലത്തിന് മുന്നിലുള്ള റോഡാണെന്നും നിങ്ങൾക്ക് ഇവിടെ നില്ക്കാൻ അവകാശമില്ലെന്നും അയാൾ പറയുന്നുണ്ട്.
അയാളുടെ പേര് മഞ്ചുനാഥ് എന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്, അഭിഭാഷകനാണ് മഞ്ചുനാഥ്. എന്നാൽ തങ്ങൾ വെള്ളം കുടിക്കാൻ വേണ്ടിയാണ് നിർത്തിയത് എന്ന് സ്ത്രീകൾ പറയുന്നുണ്ട്. തന്റെ സ്ഥലത്തേയ്ക്കുള്ള വഴി തടയുകയാണെന്ന് പറഞ്ഞ് അയാൾ സ്ത്രീകളോട് കടന്ന് പോകാൻ ആവർത്തിച്ചു. എന്നാൽ സ്‌ത്രീകൾ താൻ പറയുന്നത് കേൾക്കുന്നില്ലെന്ന് കണ്ടപ്പോൾ മഞ്ജുനാഥ് അവരെ ഒരു പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞ് ബൈക്കുകളിലൊന്നിൽ നിന്ന് താക്കോലെടുത്ത് നടന്നു പോയി. അതേസമയം ഇവരെ സഹായിക്കാൻ പ്രിയങ്ക അഭ്യർത്ഥിക്കുന്നത് മറ്റൊരു വീഡിയോയിൽ കാണാം.
View this post on Instagram
ഇരുവരും ഏകദേശം 45 മിനിറ്റോളം പൊരിവെയിലത്ത് നിൽക്കുകയായിരുന്നെന്നും അതുവരെ പോലീസ് എത്തിയില്ലെന്നും പ്രിയങ്കയും ഷാരോണും കൂട്ടിച്ചേർത്തു. തങ്ങൾ വാഷ്‌റൂമിൽ പോലും പോയിട്ടില്ലെന്നും ഇരുവരും പറഞ്ഞു. പ്രിയങ്കയെയും ഷാരോണിനെയും പിന്തുണച്ചുകൊണ്ട് ആയിരക്കണക്കിന് കമൻറുകൾ ആണ് വന്നത്. അയാൾ യഥാർത്ഥത്തിൽ ഒരു അഭിഭാഷകനാണെങ്കിൽ ബാർ കൗൺസിൽ അടിയന്തിരമായി നടപടിയെടുക്കണമെന്ന് പലരും ആവശ്യപ്പെട്ടു. ഏറ്റവും പുതിയ വിവരം അനുസരിച്ച്, സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.