ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഫുട്‌ബോള്‍ കേവലം ഒരു കളിയല്ല. അവരുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന ഒന്നാണ് ഫുട്‌ബോള്‍. 2022 ഡിസംബറില്‍ അര്‍ജന്റീന ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ ആഘോങ്ങളാണ് നടന്നത്. നീണ്ട 36 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ലയണല്‍ മെസ്സി ലോകകപ്പ് ട്രോഫി അര്‍ജന്റീനക്ക് നേടിക്കൊടുത്തത്.
ഇതിനിടെ സാന്റാ ഫെ പ്രവിശ്യയിലെ സിവില്‍ രജിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ് രസകരമായ ഒരു വസ്തുതയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അതായത്, 2022 ഡിസംബറില്‍ ജനിച്ച 70 കുട്ടികളില്‍ ഒരാള്‍ക്ക് വീതം അര്‍ജന്റീന ഫുട്‌ബോള്‍ താരങ്ങളുടെ പേരുകളാണ് ഇട്ടിരിക്കുന്നത്. മെസ്സിക്ക് പുറമെ, ജൂലിയന്‍ അല്‍വാരസ്, ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് തുടങ്ങിയ ടീമംഗങ്ങളുടെ പേരുകളും ഇട്ടിട്ടുണ്ടെന്ന് സാന്റാ ഫെയുടെ സിവില്‍ രജിസ്ട്രി ഡയറക്ടര്‍ മരിയാനോ ഗാല്‍വെസ് പറഞ്ഞു. എന്നാൽ ലയണൽ, ലയണേല തുടങ്ങിയവയാണ് കുട്ടികൾക്ക് ഏറ്റവും കൂടുതൽ ഇടുന്ന പേരുകൾ.
Also Read- തിളച്ച എണ്ണയിലേക്കിട്ട മീൻ ജീവനോടെ പിടച്ചു; വീഡിയോ ദൃശ്യം വൈറൽ
ഇതിനിടെ, റൊസാരിയോ ആസ്ഥാനമായുള്ള ലാ ക്യാപിറ്റല്‍ എന്ന പത്രം മെസ്സിക്ക് ‘ലയണല്‍’ എന്ന പേര് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. അര്‍ജന്റീനയില്‍ ലയണല്‍ എന്ന പേര് വളരെ സാധാരണമാണ്. എന്നാല്‍ മെസിയുടെ പേരിന് പിന്നിലെ കാരണം പ്രശസ്ത അമേരിക്കന്‍ ഗായകന്‍ ലയണല്‍ റിച്ചിയാണെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Also Read- സിനിമാതാരങ്ങളേ കടത്തിവെട്ടുന്ന’ ഹൈദർ’; ബെംഗളുരു സ്വദേശി ഒന്നര വയസ്സുകാരന് നൽകിയത് 20 കോടി
മെസ്സിയുടെ അമ്മ സെലിയ കുക്കിറ്റിനി റിച്ചിയുടെ വലിയ ആരാധികയായിരുന്നു. 1987ല്‍ സെലിയ ഗര്‍ഭിണിയായിരുന്നപ്പോള്‍, റിച്ചിയുടെ ഏറ്റവും ജനപ്രിയ രചനകളിലൊന്നായ ‘സേ യു, സേ മീ’ എന്ന ഗാനം ട്രെന്‍ഡിംഗായിരുന്നു. റിച്ചിയോടുള്ള ആരാധനയെ തുടര്‍ന്ന് കുക്കിറ്റിനി തന്റെ മകന് ലയണല്‍ എന്ന പേര് കൂടി നല്‍കുകയായിരുന്നുവെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2014-ല്‍, ഇതിനെക്കുറിച്ച് അറിഞ്ഞ റിച്ചി താന്‍ മെസിയെ നേരിട്ട് കാണുമെന്നും ഒരു മാധ്യമത്തോട് സംസാരിക്കവെ പറഞ്ഞിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ഡിസംബര്‍ 18 ന്, ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഫ്രാന്‍സിനെ പൊരുതി തോല്‍പ്പിച്ചാണ് അര്‍ജന്റീന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് അര്‍ജന്റീന കിരീടം സ്വന്തമാക്കിയത്. 4-3 എന്ന സ്‌കോറിനാണ് അര്‍ജന്റീന ഷൂട്ടൌട്ടില്‍ വിജയിച്ചത്. അര്‍ജന്റീനയ്ക്കുവേണ്ടി മെസി, ഡിബാല, പര്‍ഡേസ്, മോണ്ടിയല്‍ എന്നിവര്‍ ലക്ഷ്യം കണ്ടു.
അര്‍ജന്റീനയുടെ മൂന്നാമത് ലോകകപ്പ് കിരീടമാണിത്. ലയണല്‍ മെസി മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും ഏറ്റവുമധികം ഗോളടിച്ചതിനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌ക്കാരം ഫ്രഞ്ച് താരം കീലിയന്‍ എംബാപ്പെയും നേടി. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൌ അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസിനാണ് ലഭിച്ചത്. മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടത് അര്‍ജന്റീനയുടെ എന്‍സോ ഫെര്‍ണാണ്ടസിനെയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.