നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Escaped Prisoner | ലോക്ക്ഡൗണിൽ അതിജീവനം അസാധ്യം; മൂന്നു പതിറ്റാണ്ടിനു ശേഷം ജയിൽ ചാടിയ പ്രതി കീഴടങ്ങി

  Escaped Prisoner | ലോക്ക്ഡൗണിൽ അതിജീവനം അസാധ്യം; മൂന്നു പതിറ്റാണ്ടിനു ശേഷം ജയിൽ ചാടിയ പ്രതി കീഴടങ്ങി

  വീടില്ലാതെ പുറത്ത് കഴിയുന്നതിനേക്കാള്‍ നല്ലത് ജയിലില്‍ കഴിയുന്നതാണെന്ന് തീരുമാനിച്ച ഡെസിക്ക് സ്വയം കീഴടങ്ങുകയായിരുന്നു.

  • Share this:
   ഡാര്‍ക്കോ ഡെസിക്ക് എന്ന ഓസ്ട്രേലിയക്കാരന്റെ ജീവിതം കേട്ടാല്‍ ആരും അത്ഭുതപ്പെടും. പണം കൊണ്ടോ പ്രശസ്തികൊണ്ടോ അല്ല ഡെസിക്കിന്റെ ജീവിതം ചര്‍ച്ചയാകുന്നത്. ജയിലില്‍ നിന്നും രക്ഷപ്പെട്ട് ഒളിവിലായിരുന്ന ഡാര്‍ക്കോ ഡെസിക്ക് തന്റെ ഒളിവു ജീവിതം അവസാനിപ്പിച്ച് മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം കീഴടങ്ങിയിരിക്കുകയാണ്. കോവിഡ് 19 മഹാമാരി ലോകത്തെ മുഴുവന്‍ തളര്‍ത്തിയ സാഹചര്യത്തില്‍ താമസ സൗകര്യമോ ജോലിയോ കണ്ടെത്താന്‍ കഴിയാതെ അതിജീവനം ദുസ്സഹമായതിനെ തുടര്‍ന്നായിരുന്നു ഡെസിക്കിന്റെ കീഴടങ്ങല്‍.

   കഞ്ചാവ് വളര്‍ത്തിയതിനാണു ഡാര്‍ക്കോ ''ഡോഗി'' ഡെസിക്ക് പിടിക്കപ്പെട്ടത്. മൂന്നര വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ഡെസിക്ക് 13 മാസത്തിനു ശേഷം 1992 ആഗസ്റ്റ് 1 ന് രാത്രി ന്യൂ സൗത്ത് വെയില്‍സിലെ ഗ്രാഫ്റ്റണ്‍ കറക്ഷന്‍ സെന്ററില്‍ നിന്നും ഹാക്‌സോ ബ്ലേഡും, ബോള്‍ട്ട് കട്ടറുകളും ഉപയോഗിച്ച് രക്ഷപ്പെട്ടു. തിരച്ചില്‍ നടത്തിയിട്ടും അധികാരികള്‍ക്ക് ഡെസിക്കിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല

   രക്ഷപ്പെട്ട ഡെസിക്ക് ഒളിവിലായിരുന്നു. 30 വര്‍ഷത്തിനു ശേഷം ഡെസിക്ക് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ എല്ലാവരും അത്ഭുതപ്പെട്ടുപോയി. ലോക്ക്ഡൗണ്‍ ഡെസിക്കിനെ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ത്തിയിരുന്നു. താമസ സൗകര്യം നഷ്ടപ്പെടുകയും ഉപജീവനത്തിന് മാര്‍ഗങ്ങളെല്ലാം അടയുകയും ചെയ്തതോടെയാണ് ഡെസിക്ക് പൊലീസിന് കീഴടങ്ങാന്‍ തീരുമാനിച്ചത്.

   യുഗോസ്ലാവിയന്‍ വംശജനായ ഡെസിക്ക് ജയിലില്‍ നിന്നും രക്ഷപെട്ടശേഷം സിഡ്നിയുടെ വടക്കന്‍ ബീച്ചുകളിലേക്ക് പലായനം ചെയ്തു. അവിടെ ഡെസിക്ക് നിര്‍മാണ തൊഴിലാളിയായി ജോലി ചെയ്തു. തന്റെ കഴിഞ്ഞകാലം ആരോടും പങ്കുവെക്കാനോ ആരുമായും അടുത്തിടപഴകാനോ ഡെസിക്ക് തയ്യാറായിരുന്നില്ല. താന്‍ പിടിക്കപ്പെടുമോ എന്ന ഭയം കാരണം ഡെസിക്ക് എല്ലാവരില്‍ നിന്നും അകന്നു നിന്നു. തിരിച്ചറിയല്‍ രേഖകളൊന്നും ഇല്ലാത്തതിനാല്‍ കഴിഞ്ഞ 29 വര്‍ഷത്തിനിടയില്‍ അദ്ദേഹം ഒരു ഡോക്ടറെ പോലും സന്ദര്‍ശിച്ചിട്ടില്ല. കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തതിനാല്‍ തനിക്ക് ആവശ്യമുള്ളിടത്തെല്ലാം നടന്നാണ് അദ്ദേഹം യാത്ര ചെയ്തത്.

   നിര്‍ബന്ധിത സൈനിക സേവനത്തിന് ചേര്‍ക്കുന്നത് ഒഴിവാക്കാനും തന്റെ ജന്മനാടായ യുഗോസ്ലാവിയയിലേക്ക് നാടുകടത്തുമോ എന്ന ഭയം മൂലവുമാണ് ഡെസിക്ക് ജയില്‍ ചാടിയത്. ലോക്ക്ഡൗണ്‍ സമയത്ത്ഒരു ഘട്ടത്തില്‍ വാടക നല്‍കാത്തതിനാല്‍ വീട്ടുടമ പുറത്താക്കുന്ന സാഹചര്യവും ഡെസിക്കിന് നേരിടേണ്ടിവന്നു. തുടര്‍ന്ന് ബീച്ചില്‍ കിടന്നുറങ്ങാന്‍ അയാള്‍ നിര്‍ബന്ധിതനായി. ഒടുവില്‍, വീടില്ലാതെ പുറത്ത് കഴിയുന്നതിനേക്കാള്‍ നല്ലത് ജയിലില്‍ കഴിയുന്നതാണെന്ന് തീരുമാനിച്ച ഡെസിക്ക് സ്വയം കീഴടങ്ങുകയായിരുന്നു.

   ചെറിയ ജോലികള്‍ ചെയ്തു ജീവിച്ചിരുന്ന ഡെസിക്കിന് വീടിന്റെ വാടക നല്‍കുക എന്നത് തന്നെ വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. കോവിഡ് കാരണമുള്ള ലോക്ക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടപ്പോള്‍ സ്ഥിതി കൂടുതല്‍ മോശമായി. പോലീസ് സ്റ്റേഷനില്‍ എത്തി ഡാര്‍ക്കോ ഡെസിക്ക് സ്വയം കീഴടങ്ങി. നിയമപരമായ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതിന് അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ജാമ്യമില്ലാതെ ജയിലില്‍ അടയ്ക്കുകയും ചെയ്തു. എന്നാല്‍ ഈ ജയില്‍വാസം ഡെസിക്ക് പ്രതീക്ഷിച്ചതായിരുന്നു.

   എന്നാല്‍, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അദ്ദേഹവുമായി ഇടപഴകി ജീവിച്ചവര്‍ അയാളെ വീണ്ടും ഒരു സ്വതന്ത്ര മനുഷ്യനായി കാണാന്‍ ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും ഡെസിക്കിനെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. അവര്‍ അദ്ദേഹത്തെ മാന്യനും കഠിനാധ്വാനിയുമായ വ്യക്തിയായി വിശേഷിപ്പിക്കുകയും ചെയ്യുന്നു.

   പ്രോപ്പര്‍ട്ടി ഡെവലപ്പറും വടക്കന്‍ ബീച്ചിലെ ഏറ്റവും ധനികനുമായ പീറ്റര്‍ ഹിഗ്ഗിന്‍സിന്റെ മകളായ ബെല്ലി ഹിഗ്വിന്‍സ് ഡെസിക്കിന് വേണ്ടി ഒരു ഓണ്‍ലൈന്‍ കാമ്പെയ്ന്‍ ആരംഭിച്ചു. 64 വയസ്സുള്ള ഡെസിക്കിന് ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ സഹായിക്കുന്നതിനായി ഈ ക്യാമ്പയിനിലൂടെ ഇതിനകം 30,000 ഡോളര്‍ സമാഹരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഡെസിക്കിന് വേണ്ടി വാദിക്കാന്‍ ബെല്ലിയുടെ പിതാവ് പരിചയസമ്പന്നനായ ഒരു അഭിഭാഷകനെയും നിയമിച്ചു.
   Published by:Jayashankar AV
   First published:
   )}