• HOME
 • »
 • NEWS
 • »
 • buzz
 • »
 • BevQ App | ആപ്പ് കിട്ടാത്തതിന് തെറിവിളിക്കുന്നവരെ ഇതിലേ ഇതിലേ...

BevQ App | ആപ്പ് കിട്ടാത്തതിന് തെറിവിളിക്കുന്നവരെ ഇതിലേ ഇതിലേ...

BevQ ആപ്പ് ഒടുവിൽ ലോഞ്ച് ആയെങ്കിലും OTP കിട്ടാത്തതിനാൽ ബുക്കിംഗ് പൂർത്തിയാക്കാനാവാതെ നിരാശരായ കുടിയന്മാർ ആപ്പ് വികസിപ്പിച്ച ഫെയർകോഡ് എന്ന കമ്പനിയുടെ ഫേസ്ബുക്ക് പേജിൽ താണ്ഡവമാടുന്നത് കണ്ടു. ഈ വിഷയത്തിൽ തെറിവിളിക്കുന്നവർ, അതിന് മുമ്പ് ഇതൊന്നു വായിച്ചുനോക്കുക.

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  മദ്യം വാങ്ങാൻ വരിയിൽ സ്ഥാനം പിടിക്കാനുള്ള ബെവ് ക്യൂ ആപ്പാണ് ഇന്നലെ മുതൽ സംസാരവിഷയം. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഇന്നലെ മുതൽ ആപ്പ് ലഭ്യമാകുമെന്ന അറിയിപ്പ് വന്നത്. എന്നാൽ പാതിരാത്രിയോളം കാത്തിരുന്നിട്ടും ആപ്പ് വന്നില്ല. ഒടുവിൽ 11 മണിക്കുശേഷം ആപ്പ് വന്നെങ്കിലും അതിൽ ബുക്കുചെയ്യുമ്പോൾ ഒടിപി ലഭിക്കാത്തതായി അടുത്ത പ്രശ്നം. ഇത്രയുമായപ്പോൾ നിരാശരായവർ ആപ്പ് ഡെവലപ്പർമാരായ ഫെയർകോഡിന്‍റെ ഫേസ്ബുക്കിൽ കയറി താണ്ഡവമാടാൻ തുടങ്ങി. എന്നാൽ ഈ വിഷയത്തിൽ തെറിവിളിക്കുന്നവർ, അതിന് മുമ്പ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കണമെന്നാണ് ഐടി വിദഗ്ദ്ധനായ സനുജ് സുശീലൻ ആവശ്യപ്പെടുന്നത്. സൈറ്റ് ലഭിക്കാത്തതിനുള്ള കാര്യകാരണസഹിതം ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുകയാണ് സഞ്ജു...

  സനുജ് സുശീലന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

  BevQ ആപ്പ് ഒടുവിൽ ലോഞ്ച് ആയെങ്കിലും OTP കിട്ടാത്തതിനാൽ ബുക്കിംഗ് പൂർത്തിയാക്കാനാവാതെ നിരാശരായ കുടിയന്മാർ ആപ്പ് വികസിപ്പിച്ച ഫെയർകോഡ് എന്ന കമ്പനിയുടെ ഫേസ്ബുക്ക് പേജിൽ താണ്ഡവമാടുന്നത് കണ്ടു. അതിലെ കമന്റുകൾ വായിച്ചു ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി. എന്തായാലും എനിക്ക് പറയാനുള്ളത് അതിനെക്കുറിച്ചല്ല. ചില ഫോൺ കമ്പനികളുടെ ഫ്ലാഷ് സെയ്ൽ സൈറ്റുകൾ ഉപഭോക്താക്കളുടെ തള്ളിക്കയറ്റം കാരണം തകർന്നു തരിപ്പണമായ വാർത്തകൾ കേട്ടിട്ടില്ലേ ? അവിടെയും കാണാം ഇത്തരം ആവലാതി പറച്ചിലും തെറി വിളിയുമൊക്കെ. മില്യൺ കണക്കിന് സെർവറുകൾ ഉപയോഗിക്കുന്ന ഗൂഗിൾ, ഫേസ്ബുക്ക്, ട്വിറ്റർ പോലുള്ള സർവീസുകൾ പോലും ഇടയ്ക്കു ഡൌൺ ആകാറുണ്ട്. എന്നാൽ നിങ്ങൾ വിചാരിക്കുന്നതാവില്ല പലപ്പോളും അതിനു പുറകിലെ കാരണം. കുറച്ചു മാസങ്ങൾ മുമ്പ് ഫേസ്ബുക് ഇതുപോലൊരു വലിയ ഔട്ടെജ് നേരിട്ടപ്പോൾ എഴുതിയ പോസ്റ്റാണ് താഴെ പൗഡർ ഇടീച്ചു വീണ്ടും കൊണ്ടുവന്നിരിക്കുന്നത് . ബൃഹത്തായ അത്തരമൊരു സംവിധാനം എങ്ങനെയാണു കുറച്ചു നേരത്തേക്കെങ്കിലും ഓഫ്‌ലൈൻ ആയതെന്ന് വിശദീകരിക്കാനുള്ള എളിയ ശ്രമമാണ്. ഇതിൽ പറഞ്ഞിരിക്കുന്ന പല സംഗതികളും BevQ ആപ്പിനും ബാധകമാണ്. കഷ്ടി ഒരു മാസം ഉപയോഗിക്കാൻ വേണ്ടി ഉണ്ടാക്കിയിരിക്കുന്ന BevQ തീർച്ചയായും വളരെ വലിയ ഒരു സ്കെയിലിൽ ഡിസൈൻ ചെയ്ത ഒരു സംഗതിയാവാൻ സാധ്യതയില്ല. അത് വികസിപ്പിക്കാനെടുത്ത കുറഞ്ഞ സമയം, ബജറ്റ്, ഇത്തരം ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനുള്ള പരിചയക്കുറവ് ഒക്കെ വെല്ലുവിളികൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. എന്നാലും ഒരു മലയാളി സ്റ്റാർട്ടപ്പ് അതിനുള്ള ധൈര്യം കാണിച്ചു എന്നതുകൊണ്ടും ഇതൊരു താൽക്കാലികമായ സെറ്റപ്പ് ആയതുകൊണ്ടും ഇത്തരം പ്രശ്നങ്ങൾ ക്ഷമിക്കാവുന്നതേയുള്ളൂ.
  ആ ടീമിന് അഭിനന്ദനങ്ങൾ .

  ശരിക്കും ഔട്ട് ആയോ എൻജിൻ ?

  ഇക്കഴിഞ്ഞയാഴ്ച ഏറ്റവും കൂടുതൽ ജനങ്ങളെ അങ്കലാപ്പിലാക്കിയ ഒരു "ദുരന്ത"മായിരുന്നല്ലോ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും നടത്തിയ അപ്രഖ്യാപിത പണിമുടക്ക്. വല കെട്ടിയ ലോകം മുഴുവൻ ഏതാനും മണിക്കൂറുകൾ സ്തംഭിച്ചു. ഇന്ത്യക്കാർ കൂർക്കം വലിച്ചുറങ്ങുന്ന സമയമായിരുന്നതിനാൽ നമുക്ക് പരിഭ്രാന്തരാകാൻ അധികം സമയം കിട്ടിയില്ല എന്ന് മാത്രം. എന്തായാലും നാട്ടുകാർ മുഴുവൻ നിരന്നിരുന്നു സക്കർ ബർഗിനെ കൂക്കി വിളിക്കുന്നതും കണ്ടു. സെർവർ കോൺഫിഗറേഷൻ ഇഷ്യൂ എന്തോ ആണ് ഇതിനു കാരണമെന്നു ഫേസ്ബുക് പത്രക്കുറിപ്പിറക്കിയിട്ടുണ്ട് . എന്നാൽ ഇത് ഫേസ്ബുക് മാത്രമല്ല ഒരുപാടു ഉപയോക്താക്കൾ ഉള്ള സർവീസുകളെല്ലാം നേരിടുന്ന ഒരു പ്രശ്നമാണ്. ഐ ആർ സി ടി സി വെബ്സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചിട്ടുള്ളവർ ഇതിന്റെ പല വകഭേദങ്ങളും കണ്ടിട്ടുണ്ടാവും. ഇത്തരം പണിമുടക്കലുകൾ എങ്ങനെയാണു സംഭവിക്കുന്നത് എന്നതാണ് നമ്മുടെ വിഷയം. പ്രാഥമികമായി അറിയേണ്ട ചില വിവരങ്ങൾ കൂടി ചേർത്തപ്പോൾ അല്പം നീളം കൂടിപ്പോയിട്ടുണ്ട്.

  TRENDING:ഉത്രയെ കടിച്ചത് അഞ്ച് വയസുള്ള മൂർഖൻ; അതിനു മുന്നേ സൂരജ് പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക നൽകിയെന്ന് പൊലീസ് [NEWS]Bev Q App | 'കമ്പ്യൂട്ടർ സയൻസ് ബി ടെക് കഴിഞ്ഞിട്ടും പണി അറിയാത്തവർക്കുള്ള വേക്കൻസി നിങ്ങളുടെ കമ്പനിയിൽ ഉണ്ടോ?' [NEWS]മകൾ നേരിട്ടത് കൊടുംക്രൂരതകൾ; ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അഞ്ജനയുടെ അമ്മ പ്രധാനമന്ത്രിക്ക് പരാതി നൽകി [NEWS]

  എവിടെയാണ് വെബ്‌സൈറ്റുകളെ പ്രതിഷ്ഠിച്ചിരിക്കുന്നത് ?

  പണ്ടൊക്കെ വെബ്സൈറ്റുകൾ എന്ന് വച്ചാൽ റേഡിയോ പോലെയായിരുന്നു. അതിലുള്ളത് വായിക്കാമെന്നല്ലാതെ തിരിച്ചൊന്നും അങ്ങോട്ട് പറയാൻ പറ്റില്ല. HTML കൊണ്ട് ഉണ്ടാക്കിയ ചെറിയ ചെറിയ സൈറ്റുകൾ. ഇമെയിൽ സൈറ്റുകൾ ആണ് അന്നേറ്റവും കൂടുതൽപേർ സന്ദർശിച്ചിരുന്നത്. സാങ്കേതിക വിദ്യ വികസിച്ചു. ജാവ പോലുള്ള ഭാഷകളും മികച്ച ഡേറ്റാബേസ് സോഫ്ട്‍വെയറുകളും ഒക്കെ രംഗപ്രവേശം ചെയ്തതോടെ വെബ്സൈറ്റുകളും വളരെ മെച്ചപ്പെട്ടു. ലളിതമായി പറഞ്ഞാൽ ഒരു വെബ്സൈറ്റ് എന്നത് മേല്പറഞ്ഞതു പോലുള്ള ഭാഷകളിൽ എഴുതി ഉണ്ടാക്കിയ കുറെ പേജുകളാണ്. സ്ഥിരമായ ഒരു ഐ പി വിലാസത്തിൽ അത് സൂക്ഷിച്ചു വച്ചിരിക്കുന്നു. എല്ലാ സൈറ്റുകളുടെയും ഐപി ഓർമ വയ്ക്കാൻ പ്രയാസമായതുകൊണ്ട് അതുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു URL ഉപയോഗിച്ച് നമ്മൾ ആ സൈറ്റുകൾ സന്ദർശിക്കുന്നു. വെബ്സൈറ്റുകൾ മാത്രമല്ല വെബ് ആപ്ലിക്കേഷനുകളും ഇതുപോലെ തന്നെയാണ് നമ്മൾ ഉപയോഗിക്കുന്നത്. ഒരു വെബ്സൈറ്റ് സൂക്ഷിക്കുന്നത് , അഥവാ ഹോസ്റ്റ് ചെയ്യുന്നത് വെബ് സെർവർ എന്ന് വിളിക്കുന്ന ഒരു സോഫ്റ്റ്‌വെയറിലാണ്. ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ വച്ച് Apache Foundation പുറത്തിറക്കിയ Apache വെബ് സെർവർ ആണ് ഒന്നാം സ്ഥാനത്ത്. Ngix , IIS , Node Server, Google Web Server തുടങ്ങി പല തരം വെബ് സെർവറുകൾ മാർക്കറ്റിലുണ്ട്. ഇവരെല്ലാവരും കൂടി കോടിക്കണക്കിനു വെബ്സൈറ്റുകളാണ് കൈകാര്യം ചെയ്യുന്നത്.

  ഒരു വെബ്സൈറ്റിലുള്ളതെല്ലാം ഒരു മുതലാളിയുടെ തന്നെയോ ?

  ഒരു വെബ്സൈറ്റിൽ നിങ്ങൾ കാണുന്നതിന്റെയൊക്കെ ഉടമയും ഉത്തരവാദിയും നിയമപരമായിആ സൈറ്റ് നടത്തുന്നവർ തന്നെയാണെങ്കിലും അവർ വാടകയ്‌ക്കെടുത്ത സാധനങ്ങളും ചിലപ്പോ സൈറ്റിലുണ്ടാവും. ഏറ്റവും നല്ല ഉദാഹരണമാണ് ഓൺലൈൻ പർച്ചേസ് ചെയ്യുമ്പോൾ ഉപയോഗിക്കുന്ന Payment Gateway. പണം അടയ്ക്കാനുള്ള ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾ ആ സൈറ്റിൽ നിന്ന് പുറത്തിറങ്ങി വേറൊരു പേജിലേക്ക് പോകുന്നത് ശ്രദ്ധിച്ചിട്ടില്ലേ ? അത് വേറൊരു കമ്പനിയുടെ പേജാണ്. പണമടയ്ക്കാനുള്ള സൗകര്യങ്ങൾ ഉണ്ടാക്കി വച്ചിരിക്കുന്ന സ്ഥലം. അതിൽ പണമടച്ചു കഴിയുമ്പോൾ ആ കമ്പനി ഇവരോട് അത് അക്‌നോളഡ്‌ജ്‌ ചെയ്യുകയും അതുവഴി ആ കച്ചവടം പൂർണമാവുകയും ചെയ്യും. ചില ഫോട്ടോഗ്രാഫി വെബ്സൈറ്റുകളിൽ ചിത്രങ്ങൾ എഡിറ്റ് ചെയ്യാൻ നോക്കുമ്പോളും ഇതാണ് സംഭവിക്കുക. നെറ്റ് ബാങ്കിങ് ഉപയോഗിച്ചാണ് പണമടയ്ക്കുന്നതെങ്കിൽ ബാങ്കിന്റെ തന്നെ പേജിലേക്കും പോകാറുണ്ട്. ചില വെബ്സൈറ്റുകളിൽ ഷെയർ വിലകളും കാലാവസ്ഥയും ഒക്കെ സ്ക്രോൾ ചെയ്തു കാണിക്കുന്നത് കണ്ടിട്ടില്ലേ ? അതും ഇതുപോലുള്ള സർവീസുകളിൽ നിന്ന് അവർ വിവരങ്ങൾ ശേഖരിച്ചു കാണിക്കുന്നതാണ്. ചുരുക്കി പറഞ്ഞാൽ ഇത്രേയുള്ളൂ. ഒരു വെബ്‌സൈറ്റിൽ നിങ്ങൾ കാണുന്ന എല്ലാ ഭാഗവും ഉണ്ടാക്കുന്നത് അവർ തന്നെയാകണമെന്നില്ല. വേറെ കമ്പനികളുടെ സർവീസുകളും അതിലുണ്ടാവാം.

  ലോഡ് കയറുമ്പോൾ പണി പാളും

  മറ്റുള്ള സമയമങ്ങളിൽ പയറു പോലെ പണിയെടുക്കുന്ന IRCTC വെബ്സൈറ്റ് തത്കാൽ ബുക്കിങ് സമയത്ത് ടി ജി രവിയുടെ മുന്നിലകപ്പെട്ട ഉണ്ണിമേരിയെ പോലെ സ്തംഭിച്ചു നിൽക്കുന്നത് കണ്ടിട്ടില്ലേ ? ഇത് മനസ്സിലാകണമെങ്കിൽ ഊണ് വിളമ്പുന്ന ഒരാളെ സങ്കല്പിച്ചാൽ മതി. അയാളുടെ കപ്പാസിറ്റി ഒരു സമയം ഒരു പ്ളേറ്റ് എന്നും വിചാരിക്കുക. പത്തോ ഇരുപതോ പേർ ഒരുമിച്ചു വന്നാൽ അല്പം സമയമെടുത്താൽ പോലും അയാൾക്കത് ചെയ്തു തീർക്കാൻ കഴിയും. എന്നാൽ ഒരു ആയിരം പേർ ഒരുമിച്ചു പ്ളേറ്റുമായി വന്നാൽ ആർക്കാദ്യം കൊടുക്കണം എന്നാലോചിച്ചു അന്തം വിട്ടു നിൽക്കാനേ കഴിയൂ. ഏകദേശം ഇതുപോലെയാണ് വെബ് സെർവറിനും പണി കിട്ടുന്നത്. പീക്ക് ടൈമിൽ ലക്ഷക്കണക്കിന് ആൾക്കാരാണ് ഒരേ സമയം ആ സൈറ്റിലേക്ക് ഇടിച്ചു കയറുന്നത്. ഇതേ പ്രതിഭാസമാണ് ആമസോൺ പോലെയുള്ള കമ്പനികൾ നടത്തുന്ന ഫ്ലാഷ് സെയിലുകളിലും സംഭവിക്കുന്നത്.

  അയ്യോ. അപ്പൊ എന്ത് ചെയ്യും ?

  മുകളിലത്തെ ഉദാഹരണത്തിലേക്കു തിരിച്ചു പോകാം. നിങ്ങളാണെങ്കിൽ ആ സാഹചര്യത്തിൽ എന്ത് ചെയ്യും ? വിളമ്പാൻ ഒരാൾക്ക് പകരം പത്തു പേരെ നിർത്തും. അല്ലേ ? അത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത് . കൂടുതൽ വെബ് സെർവറുകൾ ഉപയോഗിക്കുക. അതാവുമ്പോൾ വരുന്ന സന്ദർശകരെ കൈകാര്യം ചെയ്യാൻ ഒരുപാടുപേരായി. പക്ഷെ ഇവിടെയും ശ്രദ്ധിക്കേണ്ട ഒരു സംഗതിയുണ്ട്. ഈ വിളമ്പുകാരിൽ അങ്ങേയറ്റത്ത് നിൽക്കുന്ന മൂന്നു നാലു പേരുടെയടുത്ത് അധികം ആൾക്കാർ പോകുന്നില്ല എന്ന് കരുതുക. എല്ലാവരും ആദ്യം കാണുന്ന ആളുടെ അടുത്താണ് പ്ളേറ്റുമായി ചെല്ലുന്നത്. അപ്പൊ ഇത് പൊളിയും. ആദ്യം നിൽക്കുന്നവർ മാത്രം പണിയെടുക്കുകയും മറ്റുള്ളവർ ചുമ്മാ നിൽക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും. ഇതെങ്ങനെ പരിഹരിക്കും ? സിംപിൾ. ഒരു കാരണവരെ അവിടെ മേൽനോട്ടത്തിന് നിർത്തിയാൽ മതി. പ്ളേറ്റുമായി വരുന്നവരെ പുള്ളിക്കാരൻ ഒഴിവുള്ള വിളമ്പുകാരന്റെ അടുത്തേയ്ക്കു പറഞ്ഞു വിടും. എല്ലാ വിളമ്പുകാരുടെയടുത്തും ആളുണ്ട് എന്ന് ഉറപ്പു വരുത്തും. ഈ കാരണവരുടെ സ്ഥാനമാണ് ലോഡ് ബാലൻസറിനുള്ളത്. ലോഡ് ബാലൻസറാണ് വെബ്‌സൈറ്റിലേക്ക് വരുന്ന സന്ദർശകരുടെ എണ്ണം നോക്കി ഒഴിവുള്ള വെബ് സെർവറിലേക്കു അതിനെ തിരിച്ചു വിടുന്നത്.

  അപ്പൊ എല്ലാത്തിനും പരിഹാരമായോ ?

  ഇല്ല. ഒരു വെബ് സെർവറിനു ഒരേ സമയം ആയിരം റിക്വസ്റ്റുകൾ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടെങ്കിൽ ഒരു ലക്ഷം യൂസർമാരെ കൈകാര്യം ചെയ്യാൻ നൂറു വെബ് സെർവറുകൾ വേണ്ടി വരും. ( ഈ കണക്ക് എപ്പോളും ശരിയാവണം എന്ന് നിർബന്ധമില്ല. കപ്പാസിറ്റി പ്ലാനിങ്ങിൽ ഒരുപാടു കാര്യങ്ങൾ വേറെയുമുണ്ട്. പക്ഷെ നല്ലതു പോലെ ആർക്കിടെക്ട് ചെയ്യപ്പെട്ട ഒരു ആപ്പ്ളിക്കേഷൻ ഇതുപോലെ സ്കെയിലബിൾ ആയിരിക്കും.) എന്നാൽ ഇതെങ്ങനെ നടക്കും ? നിങ്ങൾ ആഹാരം കഴിക്കാൻ പ്രതീക്ഷിക്കുന്നത് ആയിരം പേരെയും എന്നാൽ യഥാർത്ഥത്തിൽ വന്നത് അയ്യായിരം പേരുമാണെന്നു വയ്ക്കുക. കൂടുതൽ വിളമ്പുകാരെ സംഘടിപ്പിക്കാൻ സ്വാഭാവികമായും കുറച്ചു സമയമെടുക്കും. വിളമ്പുകാർ എത്തുമ്പോളേക്കും ആഹാരം കിട്ടാതെ വലഞ്ഞ ജനം തിരികെ പോയിട്ടുണ്ടാവും. അവിടെയാണ് ക്‌ളൗഡ്‌ പോലുള്ള സാങ്കേതികത സഹായത്തിനെത്തുന്നത്. ഇലാസ്റ്റിക് സ്കേലിങ് ഉപയോഗിച്ച് സിസ്റ്റം തന്നെ ഓട്ടോമാറ്റിക് ആയി ആവശ്യമുള്ളത്ര സെർവറുകൾ കൂട്ടിച്ചേർക്കുന്ന പരിപാടിയാണിത്. ലോഡ് കുറയുമ്പോൾ സെർവറുകളുടെ എണ്ണം സിസ്റ്റം തന്നെ കുറയ്ക്കുകയും ചെയ്യും. ഇതിന്റെ ഒരു ഗുണം എന്താണെന്ന് വച്ചാൽ നിങ്ങൾക്ക് വേറെ തലവേദനയൊന്നുമില്ല. ലോഡ് ബാലൻസിംഗ്, ലോഡ് ഡിസ്ട്രിബിയൂഷൻ ഒക്കെ ഓട്ടോമാറ്റിക് ആയി നടന്നോളും.

  ദുബായിലെ അളിയന് കിട്ടുന്നുണ്ട് , എനിക്ക് കിട്ടുന്നില്ല

  ചാറ്റ് പ്രോഗ്രാമുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചിട്ടുണ്ടോ ? ഒരേ സമയത്ത് ദുബായിലുള്ള നിങ്ങളുടെ അളിയന്റെ കംപ്യൂട്ടറിൽ അത് വർക്ക് ചെയ്യുന്നുണ്ട്. പക്ഷെ അതേ സാധനം നിങ്ങളുടെ കംപ്യൂട്ടറിൽ വർക്ക് ചെയ്യുന്നില്ല. ഫേസ്ബുക് ഡൌൺ ആവുമ്പോൾ ഇതും വാർത്തയാകാറുണ്ട്.
  ചില രാജ്യങ്ങളിൽ വർക്ക് ചെയ്യുന്നുണ്ട്, ചിലയിടത്തു മാത്രം കിട്ടുന്നില്ല എന്നൊക്കെ. ഇതിന്റെ പുറകിലുള്ള രഹസ്യം എന്താണെന്നറിയാമോ ? മില്യൺ കണക്കിന് അംഗങ്ങളുള്ള ഫേസ്ബുക്ക്, ട്വിറ്റർ , ഗൂഗിൾ പോലെയുള്ളവർ ഒരു സ്ഥലത്തല്ല സെർവറുകൾ ഒക്കെ കൂട്ടി വച്ചിരിക്കുന്നത്. ഭൂമിശാസ്ത്രപരമായ കണക്കുകൾ നോക്കിയിട്ടു ലോകം മുഴുവൻ ചിതറി കിടക്കുന്ന രീതിയിലാണ് അവരുടെ ഡാറ്റ സെന്ററുകളോ റൗട്ടറുകളോ ഉള്ളത്. ഇതിലെല്ലാമുള്ള വിവരങ്ങൾ തത്സമയം തന്നെ അങ്ങോട്ടുമിങ്ങോട്ടും കോപ്പി ചെയ്യപ്പെടുന്നതുകൊണ്ടു എല്ലാ സെർവറുകളിലും ഒരേ വിവരങ്ങൾ തന്നെയാവും ഉണ്ടാവുക. ഇന്ത്യയിൽ നിന്ന് ഫേസ്ബുക്കോ യാഹൂവോ ഒക്കെ ആക്സസ് ചെയ്യുമ്പോൾ മിക്കവാറും ഏഷ്യയിൽ ( സിംഗപ്പൂരിലാണ് വലിയ ചില കമ്പനികളുടെ ഡാറ്റ സെന്ററുകൾ ഉള്ളത് ) ഹോസ്റ്റ് ചെയ്തിട്ടുള്ള സെർവറുകളിലേക്കാവും നിങ്ങൾ റീ ഡയറക്റ്റ് ചെയ്യപ്പെടുന്നത്. ഭൂമിയുടെ അപ്പുറത്തുള്ള ഒരു വെബ്സെർവറിൽ പോയി വരാനെടുക്കുന്ന സമയം അങ്ങനെ കുറയ്ക്കാൻ കഴിയും ( ഒരു സൈറ്റ് നിങ്ങൾ സന്ദർശിക്കുമ്പോൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്ന് ആ വെബ്സെർവറിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ റൂട്ടിലൂടെയാണ് ആ റിക്വെസ്റ്റ് പോവുക. ഫൂരിയർ അൽഗോരിതം വായിച്ചു നോക്കുക. സെയിൽസ് മാൻ അൽഗോരിതം പോലെ. ഒരുപാടു സ്ഥലങ്ങളിൽ പോകേണ്ട ഒരു സെയിൽസ് മാൻ ഏറ്റവും ദൂരം കുറഞ്ഞ റൂട്ടുകൾ കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ലോജിക് )

  അപ്പൊ പിന്നെ എങ്ങനെയാണ് ഈ പണിമുടക്കുണ്ടാവുന്നത് ?

  ഒരു വെബ്സൈറ്റ് നിങ്ങൾ തുറന്നു നോക്കുമ്പോൾ അത് കിട്ടുന്നില്ലെങ്കിൽ ആ സൈറ്റ് മുഴുവനായി പൊട്ടിത്തകർന്നു കിടക്കുന്നു എന്നല്ല അർത്ഥം. സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്നിടത്തെ നെറ്റ്‌വർക്ക് ഇഷ്യൂസ്, എന്തെങ്കിലും തരത്തിലുള്ള ഹാർഡ്‌വെയർ പ്രശ്നങ്ങൾ, വെബ്സെർവറുകളിലെ എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ തുടങ്ങി പല കാരണങ്ങൾ കൊണ്ടും നിങ്ങൾക്കത് കിട്ടാതാവാം. ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് തന്നെ നോക്കുക. പണം അടയ്ക്കുന്നിടത്ത് വച്ച് അത് പരാജയപ്പെട്ടാൽ നിങ്ങൾ സ്വാഭാവികമായും ഐ ആർ സി ടി സിയെ ആവും തെറി വിളിക്കുന്നത്. പക്ഷെ ചിലപ്പോൾ ആ പേയ്മെന്റ് ഗേറ്റ് വേ പ്രവർത്തിക്കാത്തതാകാം യഥാർത്ഥ കാരണം. ശരിയാണ്, യൂസറെ സംബന്ധിച്ചിടത്തോളം കാരണം അറിയേണ്ട കാര്യമില്ല. വൈദ്യുതി സംബന്ധമായ പ്രശ്നങ്ങൾ, ഏതെങ്കിലും പ്രധാന നെറ്റ്‌വർക്ക് ഹബ്ബിലെ പ്രശ്നങ്ങൾ, സെർവറിലെ എന്തെങ്കിലും ഹാർഡ്‌വെയർ തകരാറിലാവുക തുടങ്ങി ഒരുപാടു സാങ്കേതികമായ കാരണങ്ങൾ ഇതിനുണ്ടാവാം. ഇന്ത്യയിലിരുന്നു അമേരിക്കയിലുള്ള ഒരു വെബ്സെർവറിൽ സൂക്ഷിച്ചിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ നിങ്ങളോർക്കുക, ഭൂമിയുടെ അപ്പുറത്തുള്ള ആ സെർവർ വരെയുള്ള യാത്ര ആയിരക്കണക്കിന് മൈലുകൾ കടലിനടിയിലൂടെയും ലക്ഷക്കണക്കിന് കിലോമീറ്ററുകൾ നീളമുള്ള കേബിളുകളിലൂടെയുമൊക്കെ സഞ്ചരിച്ചാണ് തിരിച്ചു നിങ്ങളുടെ കമ്പ്യൂട്ടറിലോ ഫോണിലോ ഒക്കെയെത്തുന്നതെന്ന്. ഇതിനിടയിലുള്ള ഒരു ചെറിയ ഘടകം വിചാരിച്ചാൽ മതി എല്ലാം കുളമാക്കാൻ

  എല്ലാ പണിമുടക്കും ഇങ്ങനെയല്ല, പണി കിട്ടുന്നതുമുണ്ട്

  ഫേസ്ബുക്ക് ഡൌൺ ആയപ്പോൾ കമ്പനി ഇറക്കിയ പത്രക്കുറിപ്പിൽ ഇങ്ങനെയൊരു വാചകമുണ്ടായിരുന്നു. ഇപ്പോളുണ്ടായത് സെർവറിലെ ഒരു കോൺഫിഗറേഷൻ ഇഷ്യു മാത്രമാണ്, അല്ലാതെ DDoS അല്ല അതിനു കാരണമെന്ന്. ഈ DDoS അല്പം സൂക്ഷിക്കേണ്ട ഒരു സംഗതിയാണ്. ഇത് ശരിക്കും പണികൊടുക്കാൻ വേണ്ടിയുള്ള ആക്രമണമാണ്. Distributed Denial of Service എന്നാണ് ഇതിന്റെ പൂർണ രൂപം. Denial of Service അഥവാ DoS ആണ് ഇതിന്റെ അപ്പൻ. ഒരു കമ്പ്യൂട്ടറിൽ നിന്ന് ചറപറാ ലക്ഷക്കണക്കിന് റിക്വസ്റ്റ് ഒരു വെബ്‌സൈറ്റിലേക്ക് വിടുകയാണ് ഇതിൽ ചെയ്യുന്നത്. ഒരുപാടു റിക്വസ്റ്റുകൾ ഒരുമിച്ചു വരുമ്പോൾ അത് കൈകാര്യം ചെയ്യാൻ കഴിയാതെ വെബ്സെർവർ സ്തംഭിക്കും.എന്നാൽ ആ വെബ്സൈറ്റ് മാനേജ് ചെയ്യുന്നവർക്ക് അത് എളുപ്പത്തിൽ പരിഹരിക്കാനാവും. ഏതു ഐപി അഡ്രസ്സിൽ നിന്നാണ് ഇത്രയും റിക്വസ്റ്റ് വരുന്നതെന്ന് നോക്കി ആ ഐ പി ബ്ലോക്ക് ചെയ്താൽ മതി. ഇതിനെ വെല്ലുവിളിച്ചുകൊണ്ടാണ് DDoS രംഗപ്രവേശം ചെയ്യുന്നത്. ഏതെങ്കിലും മാൽവെയർ ഉപയോഗിച്ചോ മറ്റോ ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളിൽ നിന്ന് ഒരേ സമയം ആ വെബ്സൈറ്റ് സന്ദർശിക്കാൻ ശ്രമിക്കുകയാണ് ഇതിൽ ചെയ്യുക. ഒരുവിധമുള്ള കമ്പനികളുടെയെല്ലാം പേടിസ്വപ്നമാണ് ഇത്തരം അറ്റാക്കുകൾ. പല പല സ്ഥലങ്ങളിൽ നിന്ന്, വ്യത്യസ്തമായ ഐ പി അഡ്രസ്സുകളിൽ നിന്ന് വരുന്ന റിക്വസ്റ്റുകൾ ഒരു അക്രമണമാണോ അതോ യഥാർത്ഥ റിക്വസ്റ്റുകളാണോ എന്ന് തിരിച്ചറിയാനെടുക്കുന്ന അൽപ സമയത്തിനുള്ളിൽ തന്നെ നടക്കേണ്ടത് നടന്നിരിക്കും. ( ഇത് തടയാനുള്ള റിയൽ ടൈം അനലിറ്റിക്‌സ് / പ്രിവൻഷൻ സോഫ്ട്‍വെയറുകൾ ഇപ്പോൾ ലഭ്യമാണ് എന്നാണറിവ് )

  ഇതൊക്കെ ഡൗൺ ആയാൽ എന്താണ് പ്രശ്നം ?

  എന്റെ ഒരു സുഹൃത്ത് ഉണ്ടാക്കിയ ഒരു പുകിൽ ഓർമ വരുന്നു. UKയിലെ പ്രശസ്തമായ ഒരു ഇ-കൊമേഴ്‌സ് വെബ്സൈറ്റിലെ ചെറിയ തകരാർ ഫിക്സ് ചെയ്യുകയായിരുന്നു അവൻ. പെട്ടെന്ന് പരിഹരിക്കേണ്ട എന്തോ ഒരു സംഗതിയായിരുന്നു. നല്ലതു പോലെ ടെസ്റ്റിംഗ് ഒന്നും ചെയ്യാതെ നേരെ പ്രൊഡക്ഷൻ ഡാറ്റാബേസിൽ പോയി അവൻ അതങ്ങു പ്രയോഗിച്ചു. ഒരു വൻകിട ഐസ് ക്രീം കമ്പനിയുടെ വെബ്സൈറ്റ് ആയിരുന്നു. അടുത്ത അഞ്ചു മിനിറ്റ് ലണ്ടനിൽ മാത്രമല്ല യു കെ മുഴുവൻ ആ സൈറ്റ് ഡൌൺ ആയി. ലവന്റെ പ്രയോഗം കാരണം ഡാറ്റാബേസ് സെർവറിൽ ഒരു ഡെഡ് ലോക്ക് ഉണ്ടായതാണ് കാരണം. ആ അഞ്ചു മിനിട്ട് അവർക്കുണ്ടായ നഷ്ടം ആയിരക്കണക്കിന് പൗണ്ട് വരും. ഇക്കാരണത്താൽ അവന്റെ ജോലി പോകേണ്ടതായിരുന്നുവെങ്കിലും എങ്ങനെയോ പുള്ളിക്കാരൻ രക്ഷപെട്ടു. അപ്പോൾ പറഞ്ഞു വന്നത് ഇതാണ്. ലോകത്തുള്ള വൻകിട കമ്പനികളുടെ ഇത്തരം സൈറ്റുകൾ ഡൌൺ ആവുക എന്ന് വച്ചാൽ മില്യൺ കണക്കിന് ഡോളറിന്റെ നഷ്ടം എന്ന് വേണം അതിനെ വായിച്ചെടുക്കേണ്ടത്. ജ്യോത്സ്യന്മാർ പറയുന്നത് പോലെ ധനനഷ്ടം, മാനനഷ്ടം ഒക്കെയുണ്ടാവും.

  തെറി വിളിക്കുമ്പോൾ ഇതും ഓർക്കുക

  ഇത്തവണ ഈ വാർത്തകൾക്കൊപ്പം പലരും ഇട്ട കമന്റുകൾ കണ്ടതുകൊണ്ടാണ് ഇത്രയും വാരിവലിച്ചെഴുതിയത്. സക്കർ ബർഗിനെ കളിയാക്കിയും തെറി വിളിച്ചും കൊണ്ടുള്ളതാണ് അതിൽ കൂടുതലും. അതൊക്കെ കണ്ടാൽ തോന്നും മാർക്ക് സക്കർബർഗ് ഒരു സ്പാനറും കൊട്ടുവടിയുമായി സെർവറിനു കാവലിരിക്കുകയാണെന്ന്. ശരി തന്നെ. യൂസർക്ക് ഇതൊന്നുമറിയേണ്ട കാര്യമില്ല. പക്ഷെ നൂറു ശതമാനം ശക്തമായ ഒരു സിസ്റ്റവും ലോകത്തില്ല എന്ന് കൂടി മനസിലാക്കുക. ഗൂഗിൾ, ഫേസ്ബുക്, ട്വിറ്റർ തുടങ്ങിയവരൊക്കെ മില്യൺ കണക്കിന് സെർവറുകൾ കൊണ്ട് കളിക്കുന്നയാൾക്കാരാണ്. അവരുടെ അംഗങ്ങൾക്ക് ഏറ്റവും നല്ല സർവീസ് നൽകാനുള്ള ആത്മാർത്ഥമായ ശ്രമവും അതിനു പിന്നിലുണ്ട്. ഇവരൊക്കെ അവരുടെ സ്വകാര്യ ആവശ്യങ്ങൾക്കായി കണ്ടുപിടിക്കുന്ന സാങ്കേതിക വിദ്യകൾ പിന്നീട് ലോകത്തെ തന്നെ നിയന്ത്രിച്ച ചരിത്രവുമുണ്ട്. ഉദാഹരണം ഗൂഗിൾ കണ്ടുപിടിച്ച ബിഗ് ടേബിൾ. ഇപ്പോളുള്ള എല്ലാ ബിഗ് ഡാറ്റ അനലിറ്റിക്‌സ് പ്ലാറ്റുഫോമുകളും ആ അർത്ഥത്തിൽ ഗൂഗിളിനോട് കടപ്പെട്ടിരിക്കുന്നു. 99 ശതമാനത്തിനു മുകളിൽ അവൈലബിലിറ്റി ലഭ്യമാക്കുക എന്നതാണ് എല്ലാവരുടെയും ലക്‌ഷ്യം. പക്ഷെ ചിലപ്പോളെങ്കിലും അത് സാധിക്കാതെ വരും. അതും സ്വാഭാവികമാണ് എന്ന് മനസിലാക്കുക.  Published by:Rajesh V
  First published: