കൊല്ലം: ഉത്രയെ കടിപ്പിച്ചത് അഞ്ചു വയസുള്ള മൂർഖൻ പാമ്പിനെക്കൊണ്ടാണെന്ന് വ്യക്തമായി. പാമ്പിന്‍റെ പോസ്റ്റുമോർട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. കൊടുംവിഷമുള്ള പാമ്പിനെ തന്നെ വേണമെന്ന് സൂരജ് ചോദിച്ചുവാങ്ങുകയായിരുന്നുവെന്നും സൂചനയുണ്ട്. ആദ്യ ശ്രമം പാളിയതിനാലാണ് ഉഗ്രവിഷമുള്ള പാമ്പിനെത്തന്നെ സൂരജ് കല്ലുവാതുക്കൽ സുരേഷിൽനിന്ന് വാങ്ങിയത്.
അതേസമയം ഉത്രയെ രണ്ടുതവണ പാമ്പ് കടിപ്പിക്കുന്നതിനുമുമ്പും സൂരജ് ഉറക്കഗുളിക നൽകിയിരുന്നതായി വ്യക്തമായി. രണ്ടാമത്തെ തവണ പാമ്പ് കടിപ്പിച്ച മെയ് ആറിന് രാത്രി പഴച്ചാറിൽ ഉറക്കഗുളിക പൊടിച്ചുനൽകിയതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഉറക്കഗുളിക വാങ്ങിയ അടൂരിലെ മരുന്നുകടയിൽ അന്വേഷണസംഘം കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തി.
ആദ്യം പാമ്പുകടിയേറ്റ മാർച്ച് രണ്ടിന് അമ്മ വീട്ടിലുണ്ടാക്കിയ പായസത്തിലാണ് ഉറക്കഗുളിക ചേർത്തത്. തുടർന്ന് ഉറക്കത്തിലായിരുന്ന ഉത്രയുടെ ശരീരത്തിലേക്ക് അണലിയെ വിട്ടു. പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിക്കുകയും ചെയ്തു. എന്നാൽ നല്ല ഉറക്കത്തിലായിരുന്നെങ്കിലും കഠിനമായ വേദനയെ തുടർന്ന് ഉത്ര ചാടിയെഴുന്നേറ്റ് ബഹളംവെക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിക്കാൻ വൈകിയെങ്കിലും രണ്ടുമാസത്തോളം നീണ്ട ചികിത്സയ്ക്കൊടുവിൽ ഉത്ര ജീവിതത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
ആദ്യശ്രമം പരാജയപ്പെട്ടതുകൊണ്ടുതന്നെ കരുതലോടെയായിരുന്നു സൂരജിന്‍റെ രണ്ടാം ശ്രമം. മെയ് ആറിന് രാത്രി ഉത്രയുടെ വീട്ടിൽവെച്ച് സൂരജ് തന്നെ തയ്യാറാക്കിയ പഴച്ചാറിൽ കൂടിയ അളവിൽ ഉറക്കഗുളിക പൊടിച്ചുചേർക്കുകയായിരുന്നു. തുടർന്നാണ് അഞ്ചു വയസുള്ള കരിമൂർഖൻ പാമ്പിനെ ഉപയോഗിച്ച് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.