അവധിദിനങ്ങള്‍ കൂടുതൽ ഇന്ത്യയുടെ ഉത്പാദനക്ഷമതയെ ബാധിക്കുന്നുവെന്ന് വിമര്‍ശനം
- Published by:Sarika N
- news18-malayalam
Last Updated:
ഇന്ത്യയുടെ അവധിദിനങ്ങളുടെ കാര്യത്തില്‍ പുനര്‍വിചിന്തനം ആവശ്യമാണെന്നും മെച്ചപ്പെട്ട സന്തുലിതാവസ്ഥ കൈവരിക്കേണ്ടതുണ്ടെന്നും രവികുമാർ ചൂണ്ടിക്കാട്ടി
തൊഴില്‍-ജീവിത സന്തുലിതാവസ്ഥ എപ്പോഴും ചര്‍ച്ചാവിഷയമാണ്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോഴും തുടരുന്നുമുണ്ട്. എന്നാലിപ്പോഴിതാ ഇന്ത്യയിലെ അവധിദിനങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു പ്രതികരണമാണ് പുതിയ ഒരു ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ അവധിദിനങ്ങള്‍ കൂടുതലാണെന്നും ഇത് രാജ്യത്തിന്റെ ഉത്പാദനക്ഷമതയെ ബാധിക്കുന്നതുമായാണ് പുതിയ വിമര്‍ശനം. ക്ലീന്റൂംസ് കണ്ടെയ്ന്‍മെന്റ് സ്ഥാപകനും സിഇഒയുമായ രവികുമാര്‍ തുമ്മലച്ചര്‍ളയാണ് ഈ വിമര്‍ശനം പങ്കുവെച്ചിരിക്കുന്നത്.
ഏപ്രിലിലെ അവധിദിനങ്ങളുടെ പട്ടിക ലിങ്ക്ഡ് ഇന്നില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിവിധ മേഖലകളുടെ ഉത്പാദനക്ഷമതയെ അവധിദിനങ്ങള്‍ ബാധിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. പൊതു, ഓപ്ഷണല്‍ അവധികള്‍ രാജ്യത്ത് കൂടുതലാണെന്നും അദ്ദേഹം എടുത്തുപറയുന്നു. ഏപ്രിലില്‍ മാത്രം പത്ത് അവധിദിനങ്ങളാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് ജോലികള്‍ മന്ദഗതിയിലാക്കുകയും ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് രവികുമാര്‍ പറയുന്നു. പ്രത്യേകിച്ച് നിര്‍ണായക വ്യവസായ മേഖലകളില്‍ ഇത് അന്താരാഷ്ട്ര വിശ്വാസ്യതയെ തകര്‍ക്കുന്നതായാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
advertisement
ഇന്ത്യന്‍, പാശ്ചാത്യ പാരമ്പര്യങ്ങള്‍ ആഘോഷിക്കപ്പെടേണ്ടതാണെങ്കിലും അത് ഉത്പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കരുതെന്നാണ് അദ്ദേഹത്തിന്റെ വാദം. രാജ്യത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെയും (എംഎസ്എംഇ) നിര്‍ണ്ണായക പ്രാധാന്യമുള്ള മേഖലകളെയും അന്താരാഷ്ട്ര വിശ്വാസ്യതയെയും ഇത് ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയുമായി ഇന്ത്യയെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സാമ്പത്തിക വേഗതയില്‍ ശ്രദ്ധയൂന്നുന്നതിനാല്‍ ഇന്ത്യയേക്കാള്‍ വളരെ വേഗത്തിലാണ് ചൈനയുടെ മുന്നേറ്റമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.
കൂടുതല്‍ കാര്യക്ഷമമായ സംവിധാനങ്ങളും അവസരങ്ങളും തേടിയാണ് നിരവധി ഇന്ത്യക്കാര്‍ വിദേശത്തേക്ക് കുടിയേറുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. ചൈന 60 വര്‍ഷം മുന്നിലാണ് സഞ്ചരിക്കുന്നത്. സാമ്പത്തികപ്രവര്‍ത്തനങ്ങളിലെ വേഗതയ്ക്ക് ചൈന നല്‍കുന്ന മുന്‍ഗണനയുടെ ഫലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
ഇന്ത്യയുടെ അവധിദിനങ്ങളുടെ കാര്യത്തില്‍ പുനര്‍വിചിന്തനം ആവശ്യമാണെന്നും മെച്ചപ്പെട്ട സന്തുലിതാവസ്ഥ കൈവരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സോഷ്യല്‍മീഡിയയില്‍ വളരെ വേഗത്തിലാണ് വിമര്‍ശനം ആളുകള്‍ ഏറ്റെടുത്തത്. ഇതോടെ ഇതുസംബന്ധിച്ച ചര്‍ച്ചകളും സജീവമായി.
ഇന്ത്യയുടെയും മറ്റ് വിദേശ രാജ്യങ്ങളിലെയും തൊഴില്‍ രീതിയെക്കുറിച്ച് പ്രതിപാദിച്ചായിരുന്നു ഒരാളുടെ പ്രതികരണം. മറ്റ് രാജ്യങ്ങളില്‍ തൊഴില്‍ വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ കോര്‍പ്പറേറ്റുകളുടെ മാനേജ്‌മെന്റ് ഭാഗത്തുനിന്നുള്ളത് സാമ്പത്തിക പ്രയോജനം മാത്രം നോക്കിയുള്ള തൊഴില്‍ സംസ്‌കാരമാണെന്നാണ് ഒരാള്‍ പ്രതികരിച്ചത്. ഇവിടെ മാനസിക ആരോഗ്യവും തൊഴില്‍-ജീവിത സന്തുലിതാവസ്ഥയും ഒന്നുമല്ലെന്നും അദ്ദേഹം കുറിച്ചു.
advertisement
ജീവനക്കാര്‍ ആത്മാര്‍ത്ഥതയോടെ കമ്പനിക്കുവേണ്ടി ജോലി ചെയ്യണമെങ്കില്‍ അവര്‍ക്ക് തിരിച്ച് അതിനുള്ള നേട്ടങ്ങള്‍ നല്‍കണമെന്ന് സിഇഒമാരും ഉന്നത മാനേജ്‌മെന്റ്തലത്തിലുള്ളവരും മനസ്സിലാക്കണമെന്നായിരുന്നു മറ്റൊരു നിര്‍ദേശം. അവധിദിനങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കരുത്, ജീവനക്കാര്‍ക്ക് മതിയായ വിശ്രമം ലഭിക്കുന്നുണ്ടോ എന്നുകൂടി നോക്കണമെന്നായിരുന്നു മറ്റൊരു കമന്റ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
April 22, 2025 3:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അവധിദിനങ്ങള്‍ കൂടുതൽ ഇന്ത്യയുടെ ഉത്പാദനക്ഷമതയെ ബാധിക്കുന്നുവെന്ന് വിമര്‍ശനം