മാരകമായ കൊറോണ വൈറസ് ചൈനയിൽ പടരുന്നതിനിടെ വേവിച്ച വവ്വാലിനെ ഭക്ഷിക്കുന്ന ചൈനക്കാരിയുടെ വീഡിയോ ട്വിറ്ററിൽ ചർച്ചയാകുന്നു. പാമ്പ്, വവ്വാൽ മറ്റ് വളർത്തു മൃഗങ്ങൾ എന്നിവയുടെ മാംസം വിൽക്കുന്ന ചൈനയിലെ വുഹാൻ നഗരത്തിലെ ചന്തയിൽ നിന്നാണ് പുതിയ വൈറസ് ഉണ്ടായതെന്നാണ് സംശയിക്കുന്നത്.
ഹോങ്കോംഗിലെ ആപ്പിൾ സർവീസ് എന്ന വാർത്ത സർവീസ് ആണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. ഒരു സ്ത്രീ വവ്വാലിന്റെ ഇറച്ചി ചോപ് സ്റ്റിക് ഉപയോഗിച്ച് കഴിക്കുന്നതാണ് വീഡിയോ. വവ്വാലിന്റെ തൊലി കഴിക്കരുതെന്നും മാംസം മാത്രം കഴിച്ചാൽ മതിയെന്നും ഒരാൾ സമീപത്തു നിന്ന് ചൈനീസ് ഭാഷയിൽ പറയുന്നതും കേൾക്കാം. ഈ വീഡിയോയാണ് ട്വിറ്ററിൽ പ്രചരിക്കുന്നത്.
മറ്റൊരു വീഡിയോയിൽ വവ്വാൽ സൂപ്പിന്റെ വീഡിയോ ഒരു ബ്ലോഗർ പങ്കുവെച്ചിട്ടുണ്ട്. വവ്വാലുകൾ വൃത്തികെട്ട ഗുഹകളിലാണ് ജീവിക്കുന്നതെന്ന് പറഞ്ഞാല്‍ അവയെ കഴിക്കുന്നത് ഒഴിവാക്കുമോ എന്ന് ചോദിച്ചു കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇതിനു പിന്നാലെയാണ് കൊറോണ വൈറസ് പടരുന്നതിനിടെ വവ്വാൽ ഉള്‍പ്പെടെയുള്ളവയുടെ ഇറച്ചി കഴിക്കുന്നതിൽ മുന്നറിയിപ്പുമായി ട്വിറ്ററിസ്റ്റുകൾ എത്തിയിരിക്കുന്നത്. കൊറോണ വൈറസ് പടർന്നു പിടിക്കുമ്പോഴും നിരവധി പേർ ഇപ്പോഴും ചൈനയിൽ വവ്വാൽ ഇറച്ചി ഉൾപ്പെടെയുള്ളവ കഴിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു.
പുതിയ കൊറോണ വൈറസ് ബാധയിൽ ചൈനയിൽ ഇതുവരെ 25 പേരാണ് മരിച്ചതെന്ന് മെയിൽ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. വൈറസ് ബാധ തടയുന്നതിനായി വുഹാനിൽ നിന്നുള്ള ട്രെയ്നുകൾക്കും വിമാനങ്ങൾക്കും ചൈന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ‘2019-nCoV' എന്നാണ് പുതിയ കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്ന പേര്.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.