രണ്ട് ലക്ഷം രൂപയോളം പന്തയം വച്ച് 10 മിനിട്ടുകൊണ്ട് ഒരു ലിറ്റർ മദ്യം കുടിച്ചയാൾക്ക് ദാരുണാന്ത്യം
- Published by:Vishnupriya S
- news18-malayalam
Last Updated:
വീര്യം കൂടിയ മദ്യം പത്ത് മിനിറ്റിനുള്ളില്‍ കുടിച്ചു തീര്‍ത്തയാളാണ് മരിച്ചത്
ഓഫീസ് പാര്‍ട്ടിക്കിടെ വലിയ തുകയ്ക്ക് പന്തയം വെച്ച് ഒരു ലിറ്റര്‍ മദ്യം കഴിച്ച ചൈനീസ് സ്വദേശിക്ക് ദാരുണാന്ത്യം. വീര്യം കൂടിയ മദ്യം പത്ത് മിനിറ്റിനുള്ളില്‍ കുടിച്ചു തീര്‍ത്തയാളാണ് മരിച്ചത്. ഗുവാങ്‌ഡോങ് പ്രവിശ്യയിലെ തെക്ക് കിഴക്കന്‍ മേഖലയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഷാങ് ആണ് മരിച്ചതെന്ന് ചൈനീസ് മാധ്യമമായ സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു. ജൂലൈയില്‍ ഓഫീസിലെ ജീവനക്കാര്‍ പങ്കെടുത്ത ഒരു അത്താഴവിരുന്നില്‍ ഷാങും പങ്കെടുത്തിരുന്നു. അത്താഴവിരുന്നിനിടെ ഇദ്ദേഹത്തിന്റെ ബോസ് യാങ് ആണ് പന്തയത്തിന് തുടക്കമിട്ടത്. ജൂലൈയിലാണ് സംഭവം.
വീര്യം കൂടിയ ചൈനീസ് മദ്യമായ ചൈനീസ് ബൈജു സ്പിരിറ്റ് കുടിച്ച് മത്സരത്തില്‍ ഷാങ്ങിനെ തോല്‍പ്പിക്കുന്നയാള്‍ക്ക് 5000(ഏകദേശം 57,895 രൂപ) യുവാന്‍ ബോസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ആരും മുന്നോട്ട് വരാത്തതിനെത്തുടര്‍ന്ന് ബോസ് പന്തയത്തുക ഉയര്‍ത്തി 10000 യുവാന്‍(1.15 ലക്ഷം രൂപ) ആക്കി. തുടര്‍ന്ന് ഷാങ് തന്നെ മത്സരത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ട് വരികയായിരുന്നു. താന്‍ മദ്യം മുഴുവന്‍ കുടിച്ചാല്‍ എന്ത് തരുമെന്ന ഷാങ്ങിന്റെ ചോദ്യത്തിന് 20,000 യുവാൻ ( ഏകദേശം 2.31 ലക്ഷം രൂപ) നല്‍കുമെന്ന് യാങ് ഉറപ്പുനല്‍കി.
advertisement
മത്സരത്തില്‍ ഷാങ് തോറ്റാല്‍ 10,000 യുവാൻ മുടക്കി കമ്പനിയിലെ മുഴുവന്‍ പേര്‍ക്കും ചായ വാങ്ങി നല്‍കണമെന്ന് യാങ് ആവശ്യപ്പെട്ടിരുന്നുവെന്ന് ഇവരുടെ സഹപ്രവര്‍ത്തകരിലൊരാള്‍ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. ഷാങ്ങിനെതിരേ മത്സരിക്കാന്‍ യാങ് തന്റെ ഡ്രൈവറെ ഉള്‍പ്പടെ കമ്പനിയിലെ നിരവധി ജീവനക്കാരെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്. പത്ത് മിനിറ്റിനുള്ളില്‍ ഷാങ് ഒരു ലിറ്റര്‍ മദ്യം കഴിച്ചതായി പന്തയത്തില്‍ പങ്കെടുത്ത ഒരാള്‍ പറഞ്ഞു. മദ്യം കഴിച്ചപാടെ ഷാങ് കുഴഞ്ഞുവീണു. തുടര്‍ന്ന് ഇയാളെ ഷെന്‍ഷെന്‍ ജുന്‍ലോങ് ഹോസ്പിറ്റലിലെത്തിച്ചു.
advertisement
വിശദമായ പരിശോധനയില്‍ ഷാങ്ങിന്റെ ശരീരത്തില്‍ വളരെ ഉയര്‍ന്ന അളവില്‍ മദ്യം കണ്ടെത്തുകയും ന്യൂമോണിയ ബാധിച്ചതായും ഹൃദയാഘാതമുണ്ടായതായും ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റനില്‍ വ്യക്തമാക്കി. ഷാങ്ങിന്റെ ജീവന്‍ നിലനിര്‍ത്തുന്നതിന് സാധ്യമായതെല്ലാം ചെയ്‌തെങ്കിലും ഓഗസ്റ്റ് മൂന്നിന് അദ്ദേഹം മരണത്തിന് കീഴടങ്ങി. അത്താഴവിരുന്ന് സംഘടിപ്പിച്ച പിറ്റേദിവസം കമ്പനി അടച്ചുപൂട്ടിയിരുന്നു. രാത്രി നടന്ന അത്താഴവിരുന്നിനിടെ ചില അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് കമ്പനി ഔദ്യോഗികമായി പിരിച്ചുവിട്ടതായി കമ്പനിയുടെ പ്രതിനിധി സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചു. സംഭവത്തില്‍ ഷെന്‍ഷെന്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 04, 2023 4:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
രണ്ട് ലക്ഷം രൂപയോളം പന്തയം വച്ച് 10 മിനിട്ടുകൊണ്ട് ഒരു ലിറ്റർ മദ്യം കുടിച്ചയാൾക്ക് ദാരുണാന്ത്യം