വാലന്റൈന്‍ ദിനത്തോട് അനുബന്ധിച്ച് നിരവധി പ്രണയകഥകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അത്തരത്തില്‍ ചൈനയിലെ ഒരു ദമ്പതികളുടെ കഥയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. മാരക രോഗത്തിന് അടിമയായ തന്റെ മുന്‍ഭാര്യയെ ആശുപത്രി കിടക്കയില്‍ വെച്ച് വീണ്ടും വിവാഹം ചെയ്ത ചൈനീസ് യുവാവിന്റെ കഥയാണ് നിരവധി പേരെ കണ്ണീരീലാഴ്ത്തിയത്. ചൈനയുടെ കിഴക്കന്‍ പ്രദേശമായ ഷാങ്ഹായ് സ്വദേശിയായ യുവാവാണ് കഥയിലെ നായകന്‍.
തന്റെ പേര് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. അദ്ദേഹത്തിന്റെ മുന്‍ഭാര്യ അപ്ലാസ്റ്റിക് അനീമിയ രോഗം ബാധിച്ച് ചികിത്സയിലാണ്. രണ്ട് ആഴ്ച മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. ഇതറിഞ്ഞ യുവാവ് ഉടന്‍ യുവതിയുടെ അരികിലെത്തുകയായിരുന്നു. അവരെ വീണ്ടും വിവാഹം കഴിക്കാൻ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. മൂന്ന് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹ മോചനം നേടിയത്.
Also read-സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത ദ്വീപ്; വിചിത്ര വിശ്വാസങ്ങളും ആചാരവും
രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് യുവതിയെ ആശുപത്രിയിലെ അടിയന്തര വിഭാഗത്തിലേക്ക് മാറ്റാൻ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ അവസരത്തിലാണ് യുവാവ് യുവതിയെ വീണ്ടും വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞ് സമീപിക്കുകയും ഇരുവരും രണ്ടാം വിവാഹത്തിനായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തത്. തുടര്‍ന്ന് ഇരുവരും അടുത്തുള്ള വിവാഹ രജിസ്‌ട്രേഷന്‍ ഓഫീസിൽ പോകുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
പിന്നീട് വിവാഹത്തിന് ശേഷം എടുത്ത ഫോട്ടോയും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ”എല്ലാ ദമ്പതികളും തങ്ങളുടെ വിവാഹം ആഘോഷമാക്കുന്നു. എന്നാല്‍ ഞങ്ങള്‍ കരച്ചിടക്കാനാകാതെ അവളുടെ ജീവന്‍ രക്ഷിക്കാനായി ആശുപത്രിയിലേക്ക് ഓടുകയാണ്,’ എന്നാണ് വിവാഹത്തിന് ശേഷം ഭര്‍ത്താവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
വിവാഹ മോചനത്തിന് ശേഷവും ഒരു വീട്ടിലാണ് തങ്ങള്‍ കഴിഞ്ഞു വന്നിരുന്നത് എന്നാണ് ഭര്‍ത്താവ് അവകാശപ്പെടുന്നത്. വിവാഹ മോചനം എന്ന തീരുമാനം വളരെ ആവേശകരമായി എടുത്ത ഒന്നായിരുന്നു. അപ്ലാസ്റ്റിക് അനീമിയ രോഗം സ്ഥിരീകരിച്ചതിന് ശേഷമാണ് ഭാര്യയുടെ ആരോഗ്യനില തകരാറിലാകാന്‍ തുടങ്ങിയത്. അക്കാര്യം മനസ്സിലാക്കിയതിന് ശേഷമാണ് അവരെ വീണ്ടും വിവാഹം കഴിക്കാന്‍ യുവാവ് തീരുമാനിച്ചത്.
തുടര്‍ന്ന് യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. വിവാഹത്തിന് ശേഷം സര്‍ട്ടിഫിക്കറ്റ് വാങ്ങി ദമ്പതികള്‍ നേരെ പോയത് ആശുപത്രിയിലേക്കാണ്. തുടര്‍ന്ന് ആശുപത്രിയിലെ അടിയന്തര വിഭാഗത്തിൽ യുവതിയെ പ്രവേശിപ്പിക്കുകയായിരുന്നു. ഈ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലാണ് തന്റെ ഭാര്യ എന്നാണ് പിന്നീട് യുവാവ് പറഞ്ഞത്.
ഭാര്യയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരവധി പേരാണ് ഈ ദമ്പതികൾക്ക് ആശംസകളറിയിച്ച് രംഗത്തെത്തിയത്. യുവതിയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും നിരവധി പേര്‍ പറഞ്ഞു. യുവതിയ്ക്ക് വേഗം സുഖം പ്രാപിക്കാന്‍ തങ്ങളുടെ എല്ലാ പ്രാര്‍ത്ഥനയും എന്നാണ് ഉപയോക്താക്കളില്‍ ഭൂരിഭാഗവും പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.