കേരളത്തിലെ പോലെ ആനകള്‍ക്ക് വലിയ പ്രാധാന്യം നല്കുന്ന നിരവധി ക്ഷേത്രങ്ങള്‍ തമിഴ്നാട്ടിലുമുണ്ട്. സംസ്ഥാനത്തെ പല പുരാതനമായ ക്ഷേത്രങ്ങളിലും ആനകളുടെ സാന്നിധ്യം കാണാന്‍ കഴിയും. ക്ഷേത്ര അധികാരികളും ഭക്തരും സര്‍ക്കാരുമൊക്കെ ആനകളുടെ സംരക്ഷണത്തിനായി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. അത്തരമൊരു കൗതുകരമായ സംഭവമാണ് തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ അടുത്തിടെ നടന്നത്.
പേരൂര്‍ പട്ടേശ്വരര്‍ ക്ഷേത്രത്തിലെ ആനയായ കല്യാണിക്ക് കുളിക്കാനായി 50 ലക്ഷം രൂപയുടെ ആഡംബരകുളമാണ് അധികാരികള്‍ നിര്‍മ്മിച്ച് നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ തുക വകയിരുത്തി നിര്‍മ്മിച്ച ബാത്തിംഗ് പൂളിന്റെ ഉദ്ഘാടനം തമിഴ്നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ നിര്‍വഹിച്ചു.
പുതുതായി നിര്‍മ്മിച്ച പൂളില്‍ നീന്തി തുടിയ്ക്കുന്ന കല്യാണി ആനയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. കല്യാണിക്ക് പൂളിലേക്ക് സുഖമായി ഇറങ്ങാന്നതിന് 300 മീറ്റര്‍ നീളവും 5 മീറ്റര്‍ വീതിയുമുള്ള റാംപും നിര്‍മ്മിച്ചിട്ടുണ്ട്.
ഷവറും കുടയുടെ തണലും അടക്കമുള്ള സൗകര്യങ്ങള്‍ കല്യാണിക്കായി കുളത്തില്‍ ഒരുക്കിയിട്ടുണ്ട്. മൂന്നു മണിക്കൂറോളം നീണ്ട കുളിക്ക് ശേഷം പത്ത് കിലോമീറ്റര്‍ കല്യാണിയെ നടത്തണം എന്ന ലക്ഷ്യത്തോടെയാണ് കുളവും സമീപത്തായി വാക്ക് വേയും തയ്യാറാക്കിയിട്ടുള്ളത്.
2000 വര്‍ഷത്തോളം പഴക്കമുള്ള പേരൂര്‍ ക്ഷേത്രത്തിലേക്ക് 1996ലാണ് കല്യാണിയെ കൊണ്ടുവന്നത്.ഭഗന് രവി എന്നയാളാണ് കല്യാണിയെ സംരക്ഷിക്കുന്നതും പരിപാലിക്കുന്നതും. ക്ഷേത്രത്തിലെത്തുന്ന വലുപ്പ ചെറുപ്പമില്ലാത്ത ഭക്തരുടെ എല്ലാം തന്നെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് 32കാരിയായ കല്യാണി. കല്യാണിയെ കാണാനായി മാത്രം ക്ഷേത്ര ദര്‍ശനം നടത്തുന്നവരുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.