• HOME
 • »
 • NEWS
 • »
 • buzz
 • »
 • തുഷാറിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മുഖ്യമന്ത്രിയും മേയര്‍ ബ്രോയും; അഡ്മിന് അബദ്ധം പറ്റിയതാണെന്ന് വിശദീകരണം

തുഷാറിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മുഖ്യമന്ത്രിയും മേയര്‍ ബ്രോയും; അഡ്മിന് അബദ്ധം പറ്റിയതാണെന്ന് വിശദീകരണം

'പിന്നാക്കക്കാരനായ മുഖ്യമന്ത്രിയും മുന്നോക്ക ഭൂരിപക്ഷ മണ്ഡലത്തില്‍ നിന്ന് വിജയിച്ച പിന്നാക്കക്കാരനും ഒരുമിച്ചു തലയുയര്‍ത്തി നില്‍ക്കുന്ന ഈ കാഴ്ച കേരളത്തിലെ അധ:സ്ഥിത ജനവിഭാഗങ്ങള്‍ക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ്' എന്ന കുറിപ്പോടെയായിരുന്നു ചിത്രം.

തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട വിവാദ പോസ്റ്റ്

തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട വിവാദ പോസ്റ്റ്

 • Share this:
  ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് വിജയത്തെ അഭിനന്ദിച്ചു വന്ന പോസ്റ്റ് അധികം വൈകാതെ പിന്‍വലിച്ചു. പേജ് കൈകാര്യം ചെയ്യുന്നയാളുടെ ക്ഷമാപണവും അബദ്ധം പറ്റിയതാണെന്ന വിശദീകരണവും പുതിയതായി പോസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയും വട്ടിയൂര്‍ക്കാവിലെ വിജയി വി.കെ പ്രശാന്തും ഒരുമിച്ചുനില്‍ക്കുന്ന ചിത്രമാണ് തെരഞ്ഞെടുപ്പു ഫലം വന്നതിന് പിന്നാലെ തുഷാറിന്റെ എഫ്ബി പേജില്‍ പ്രത്യക്ഷപ്പെട്ടത്.

  'പിന്നാക്കക്കാരനായ മുഖ്യമന്ത്രിയും മുന്നോക്ക ഭൂരിപക്ഷ മണ്ഡലത്തില്‍ നിന്ന് വിജയിച്ച പിന്നാക്കക്കാരനും ഒരുമിച്ചു തലയുയര്‍ത്തി നില്‍ക്കുന്ന ഈ കാഴ്ച കേരളത്തിലെ അധ:സ്ഥിത ജനവിഭാഗങ്ങള്‍ക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ്' എന്ന കുറിപ്പോടെയായിരുന്നു ചിത്രം. പോസ്റ്റ് ചര്‍ച്ചാവിഷയമായതോടെ പിന്‍വലിച്ചശേഷമാണ് പേജ് കൈകാര്യം ചെയ്തിരുന്ന കിരണ്‍ചന്ദ്രന്‍ എന്നയാളിന്റേതായി തനിക്കു പറ്റിയ അബദ്ധമാണെന്ന വിശദീകരണം വന്നത്.

  also read :മുല്ലപ്പള്ളി രാമചന്ദ്രനോട് പറയാനുള്ളത് 'Its just not Cricket'

  രണ്ടാഴ്ചയായി താനാണ് പേജ് കൈകാര്യം ചെയ്യുന്നതെന്ന് കിരണ്‍ ചന്ദ്രന്റെ വിശദീകരണത്തില്‍ പറയുന്നു. അശ്രദ്ധകാരണം അബദ്ധവശാല്‍ അണ് ഈ പോസ്റ്റ് പേജില്‍ വന്നത്. പോസ്റ്റ് റിമൂവ് ചെയ്‌തെങ്കിലും,അതിലൂടെ തന്റെ നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കും ബി.ഡി.ജെ.എസിനും ഉണ്ടായ വിഷമവും ആഘാതവും ഒരു ക്ഷമാപണത്തില്‍ തീരുന്നതല്ലായെന്ന് അറിയാം. എന്‍.ഡി.എ മുന്നണിയില്‍ തുടക്കം മുതല്‍ ഉറച്ചുനില്‍ക്കുന്ന ബി.ഡി.ജെ.എസിന് ആ നിലപാടില്‍ ഇതുവരേയും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല എന്നും വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.

  വട്ടിയൂര്‍ക്കാവില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ബി.ജെ.പി കേന്ദ്രങ്ങളെ ഞെട്ടിച്ചതിന് പിന്നാലെയാണ് ഘടകകക്ഷി നേതാവിന്റേതായി എല്‍.ഡി.എഫ് വിജയത്തെ അഭിനന്ദിക്കുന്ന തരത്തില്‍ പോസ്റ്റ് വന്നത്. ചില ബി.ജെ.പി നേതാക്കള്‍ ഉടന്‍തന്നെ തുഷാറിനെ അതൃപ്തിയറിയിച്ചതായാണ് സൂചന. പേജ് കൈകാര്യം ചെയ്തയാള്‍ക്ക് പറ്റിയ അബദ്ധമാണെന്നാണ് അവര്‍ക്ക് തുഷാര്‍ നല്‍കിയ മറുപടി.

  ബി.ഡി.ജെ.എസ് എല്‍.ഡി.എഫിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ അടുത്തകാലത്തുണ്ടായിരുന്നു. എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിലവില്‍ എല്‍.ഡി.എഫിനോട് കൂടുതല്‍ ആഭിമുഖ്യം പ്രകടിപ്പിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു പോസ്റ്റ് എഫ്.ബി പേജില്‍ വന്നതില്‍ ബി.ജെ.പി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.

  തുഷാര്‍ വെള്ളാപ്പള്ളിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പുതിയതായി പോസ്റ്റ് ചെയ്ത വിശദീകരണത്തിന്റെ പൂര്‍ണരൂപം ചുവടെ:

  എല്ലാവരും ദയവായി ക്ഷമിക്കുക..

  പ്രിയ സഹോദരങ്ങളെ

  ഞാന്‍ കിരണ്‍ ചന്ദ്രന്‍.ശ്രീ തുഷാര്‍ വെള്ളാപ്പള്ളിയുടെ ഒഫിഷ്യല്‍ ഫെയ്‌സ്ബുക്ക് പേജ്(Thushar Vellappally) കഴിഞ്ഞ രണ്ടാഴ്ചയായി ഞാനാണ് അഡ്മിനായി കൈകാര്യം ചെയ്തിരുന്നത്.ആ പേജ് ഇന്ന് software update ചെയ്ത ശേഷം settingsല്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു.എന്റെ അശ്രദ്ധകാരണം അബദ്ധവശാല്‍ അദ്ദേഹത്തിന്റെ പേജില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും വട്ടിയൂര്‍ക്കാവ് വിജയിച്ച സ്ഥാനാര്‍ത്ഥി ശ്രീ പ്രശാന്തുമായി നില്‍ക്കുന്ന ഒരു ഫോട്ടോ ഫെയ്‌സ്ബുക്ക് പോസ്റ്റായി വന്നു.അബദ്ധം പറ്റിയെന്ന് മനസ്സിലായ ഉടനെ പ്രസ്തുത പോസ്റ്റ് റിമൂവ് ചെയ്‌തെങ്കിലും,അതിലൂടെ എന്റെ നേതാവ് ശ്രീ തുഷാര്‍ വെള്ളാപ്പള്ളിക്കും ബി.ഡി.ജെ.എസിനും ഉണ്ടായ വിഷമവും ആഘാതവും ഒരു ക്ഷമാപണത്തില്‍ തീരുന്നതല്ലായെന്ന് അറിയാം.അദ്ദേഹത്തിന്റേയോ പാര്‍ട്ടിയുടേയോ നിലപാടിന് വിരുദ്ധമായ ആ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ശ്രീ തുഷാര്‍വെള്ളാപ്പള്ളിയോടും,
  ബി.ഡി.ജെ.എസിനോടും,മുഴുവന്‍ പ്രവര്‍ത്തകരോടും,അഭ്യൂദയകാംക്ഷികളോടും ഞാന്‍ നിരുപാധികം മാപ്പ് അഭ്യര്‍ത്ഥിക്കുന്നു.എന്‍.ഡി.എ മുന്നണിയില്‍ തുടക്കം മുതല്‍ ഉറച്ചുനില്‍ക്കുന്ന ബി.ഡി.ജെ.എസിന് ആ നിലപാടില്‍ ഇതുവരേയും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.മാനുഷിക പരിഗണന നല്‍കി അറിയാതെ എനിക്ക് പറ്റിപ്പോയ അബദ്ധത്തിന് എല്ലാവരും സദയം ക്ഷമിക്കണമെന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു.
  Kiran Chandran
  First published: