മുൻ കാമുകനോടുള്ള പക വീട്ടാൻ വ്യത്യസ്ത 'സമ്മാനം'നൽകി യുവതി; വൈറൽ വീഡിയോ
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഉപഭോക്താവിന്‍റെ അഭ്യർഥന അതേപടി നിറവേറ്റിയ ഡെലിവറി ബോയ്ക്ക് 5 സ്റ്റാർ റേറ്റിംഗ് നൽകണമെന്നും ഒരുവിഭാഗം
പ്രണയത്തിന്‍റെ മാസം ആയാണ് ഫെബ്രുവരി വിശേഷിപ്പിക്കപ്പെടുന്നത്. പ്രണയിതാക്കള്‍ക്ക് തങ്ങളുടെ പ്രണയം ആഘോഷമാക്കാനായി 'ഹഗ് ഡേ', 'കിസ് ഡേ', 'വാലന്‍റൈൻസ് ഡേ' തുടങ്ങി നിരവധി ദിനങ്ങൾ തുടർച്ചയായി എത്തുന്ന മാസം. പ്രണയിതാക്കൾക്കായി സമ്മാനങ്ങള്‍ തേടിയും അവർക്ക് പ്രണയ സന്ദേശങ്ങൾ അയച്ചും ഈ ദിനം ലോകമെമ്പാടും ആഘോഷമാക്കാറുണ്ട്.
എന്നാൽ പ്രണയത്തകർച്ച സംഭവിച്ചവർക്ക്, അല്ലെങ്കിൽ ഇതുവരെ പ്രണയം ഒന്നും ഇല്ലാത്തവരെ ഈ ആഘോഷങ്ങൾ കുറച്ച് അലോസരപ്പെടുത്തും എന്നതിലും സംശയമില്ല. പ്രണയത്തകർച്ച നേരിട്ട ഒരു യുവതി തന്‍റെ കാമുകന് നൽകിയ ഒരു വ്യത്യസ്ത സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചൈനയിലെ ഷാങ്ഡോങ് സ്വദേശിനിയായ യുവതിയാണ് ബ്രേക്ക് അപ്പ് ആയ കാമുകനോടുള്ള ദേഷ്യം തീർക്കാൻ വേറിട്ട വഴി തിരഞ്ഞെടുത്തത്.
advertisement
ഓൺലൈൻ വഴി ഒരു കപ്പ് ചായയാണ് ഇവർ മുൻ കാമുകനായി ഓർഡർ ചെയ്തത്. എന്നിട്ട് ഒരു പ്രത്യേക നിർദേശവും ഡെലിവറി ബോയിക്ക് നൽകിയിരുന്നു. 'അയാളോട് നല്ലതായി പെരുമാറേണ്ട കാര്യമില്ല. ഈ ചായ അയാളുടെ മുഖത്തേക്ക് ഒഴിച്ചാൽ മതിയാകും' എന്നായിരുന്നു അഭ്യർഥന. ഉപഭോക്താവിന്‍റെ നിർദേശം അതേപടി പിന്തുടർന്ന ഡെലിവറി ബോയ് ചായ യുവാവിന്‍റെ മുഖത്തേക്ക് തന്നെ ഒഴിക്കുകയും ചെയ്തു. ഈ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തായതോടെയാണ് വൈറലായത്.
advertisement
ഡെലിവറി ബോയ് ചായ മുഖത്തേക്കൊഴിക്കുമ്പോൾ കാര്യം അറിയാതെ അമ്പരന്ന് നിൽക്കുന്നയാളെയാണ് വീഡിയോയിൽ കാണാനാകുന്നത്. ഇതിനു ശേഷം ഓർഡർ റെസീപ്റ്റ് കാട്ടി അതിലെ നിർദേശത്തിലേക്ക് വിരൽ ചൂണ്ടുന്നുമുണ്ട്. തുടർന്ന് യുവാവിനോട് ഖേദം പ്രകടിപ്പിച്ച ശേഷമാണ് ഡെലിവറി ബോയ് മടങ്ങുന്നതെന്നാണ് ദൃശ്യങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
advertisement
അതേസമയം സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നാണ് വീഡിയോയിൽ ഉൾപ്പെട്ട ഡെലിവറി ബോയ് ജോലി ചെയ്യുന്ന മെയ്ത്വാൻ ടേക്ക് എവേ സർവീസ് അധികൃതർ അറിയിച്ചത്. യുക്തിരഹിതമായ ഒരു ഓർഡർ ലഭിക്കുമ്പോൾ അത് ഉപഭോക്താവുമായി ആശയവിനിമയം നടത്താനോ അല്ലെങ്കിൽ ഓർഡർ കാന്‍സൽ ചെയ്യാനോ ആ ഡെലിവറി ബോയ് തയ്യാറാകണമായിരുന്നു എന്നാണ് ഇവരുടെ പ്രതികരണം എന്ന് ഓറിയന്‍റൽ ഡെയ്ലി റിപ്പോർട്ട് ചെയ്യുന്നു.
advertisement
എന്നാൽ സംഭവത്തിൽ രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ് സോഷ്യൽ മീഡിയയും ചർച്ച ആരംഭിച്ചിട്ടുണ്ട്. കസ്റ്റമറുടെ പരാതി ലഭിക്കാതിരിക്കാൻ ആകും ഡെലിവറി ബോയ് ഇത്തരത്തിൽ ചെയ്തതെന്ന് മനസിലാക്കാമെന്നാണ് ഒരുകൂട്ടരുടെ വാദം. ഇത്തരമൊരു നിർദേശം അതേപടി അനുസരിച്ചതിനെതിരെ വിമർശനം ഉന്നയിക്കുന്നവരും കുറവല്ല. ഉപഭോക്താവിന്‍റെ അഭ്യർഥന അതേപടി നിറവേറ്റിയ ഡെലിവറി ബോയ്ക്ക് 5 സ്റ്റാർ റേറ്റിംഗ് നൽകണമെന്നും ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 13, 2021 1:19 PM IST