സ്വന്തം ഫാം ഹൗസിൽ കുതിരയ്ക്കൊപ്പം ഓടി കായികക്ഷമത പരീക്ഷിക്കുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ വീഡിയോ വൈറലാകുന്നു. സെപ്റ്റംബർ മൂന്നാം വാരം പുനരാരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിന് മുന്നോടിയായി ‘ഫിറ്റ്നസ് പരീക്ഷിക്കാൻ’ ധോണിയ്ക്ക് പുതിയ എതിരാളിയെയാണ് ലഭിച്ചിരിക്കുന്നത്. ധോണിയുടെ ഭാര്യ സാക്ഷിയാണ് ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്‌കെ) ക്യാപ്റ്റൻ കൂടിയായ ധോണിയുടെ ഫാം ഹൗസിൽ നിന്നുള്ള വീഡിയോ പങ്കുവച്ചത്.
ഈ ചെറിയ വീഡിയോയുടെ തുടക്കത്തിൽ കുതിരയെ പിന്നിലാക്കി ധോണി മുന്നേറുന്നത് കാണാം. എന്നാൽ വെളുത്ത നിറത്തിലുള്ള പോണി വേഗത കൂട്ടുന്നതും ധോണി ഏതാനും അടി പിന്നിലാകുന്നതുമാണ് പിന്നീട് കാണുന്നത്. 'സ്ട്രോങ്ങർ ഫാസ്റ്റർ' എന്നാണ് സാക്ഷി ഈ വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
പോസ്റ്റിന് കമന്റായി ധോണിയുടെ സിഎസ്‌കെ ടീം അംഗവും കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ധോണിയ്ക്ക് ഒപ്പം വിരമിക്കുകയും ചെയ്ത സുരേഷ് റെയ്‌ന ഒരു ഫയർ ഇമോജിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തിന്റെ വീഡിയോ കണ്ട് നിരവധി മഹി ആരാധകരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
"രണ്ട് വേഗതയേറിയ ആളുകൾ." "കുതിരയ്ക്കൊപ്പം സിംഹം." എന്നിങ്ങനെ നിരവധി കമന്റുകളാണ് ധോണി ആരാധകർ പങ്കുവച്ചിരിക്കുന്നത്. റാഞ്ചിയിൽ ഏഴ് ഏക്കർ ഫാം ആണ് ധോണിക്ക് സ്വന്തമായുള്ളത്. കുതിരകളോട് പ്രിയമുള്ള ധോണിയ്ക്ക് ഒരു കറുത്ത സ്റ്റാലിയനുമുണ്ട്. കുതിരയുടെ വീഡിയോ മെയ് മാസത്തിലും സാക്ഷി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. “വീട്ടിലേയ്ക്ക് സ്വാഗതം ചേതക്“ എന്നാണ് കുതിരയുടെ പോസ്റ്റിന് അന്ന് അടിക്കുറിപ്പ് നൽകിയിരുന്നത്.
ധോണിക്ക് ഫാമിൽ ബെൽജിയൻ മാലിനോയിസ്, ജർമ്മൻ ഷെപ്പേർഡ് എന്നീ ഇനം നായ്ക്കളുമുണ്ട്. സിഎസ്‌കെ ടീം അംഗം രവീന്ദ്ര ജഡേജയ്ക്ക് ശേഷം കുതിരകളെ വളർത്തുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമാണ് ധോണി. ഡൽഹിയിൽ നിന്ന് വീട്ടിലെത്തിയ ഉടൻ ജഡേജയും തന്റെ മൂന്ന് കുതിരകൾക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. “എനിക്ക് സുരക്ഷിതത്വം തോന്നുന്ന സ്ഥലത്തേക്ക് മടങ്ങി” എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം പങ്കുവച്ചത്.
കോവിഡ് പ്രതിസന്ധി ഐപിഎല്ലിലേക്ക് പടര്‍ന്നതോടെ നിര്‍ത്തി വയ്‌ക്കേണ്ടി വന്ന ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യന്‍ താരങ്ങളും വിദേശതാരങ്ങളും നാട്ടിലേക്ക് മടങ്ങിയിരുന്നു. വിദേശ താരങ്ങളെ നാട്ടിലെത്തിക്കാനുള്ള എല്ലാ കാര്യങ്ങളും ബിസിസിഐ ചെയ്തിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അടക്കമുള്ളവരും അവരവരുടെ വീടുകളില്‍ എത്തിയപ്പോഴും ഡല്‍ഹിയില്‍ നിന്നും അവസാനം വിമാനം കയറുന്ന വ്യക്തി താനായിരിക്കുമെന്നാണ് സിഎസ്‌കെ സഹതാരങ്ങളെ ധോണി അറിയിച്ചത്. തന്റെ ടീമിലെ വിദേശതാരങ്ങള്‍ ആദ്യം നാട്ടിലേക്ക് അയച്ചു. അതിനുശേഷം ഇന്ത്യന്‍ താരങ്ങളെയും അയച്ചു. ഏറ്റവും അവസാനമാണ് ഡല്‍ഹിയില്‍ നിന്നും ധോണി വിമാനം കയറിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.