ബീഹാറില്‍ നായയ്ക്ക് റെസിഡന്റ്‌സ് സര്‍ട്ടിഫിക്കറ്റ്; അച്ഛന്‍ 'കുത്താ ബാബു', അമ്മ 'കുത്തിയ ദേവി'
- Published by:Sarika N
- news18-malayalam
Last Updated:
സര്‍ട്ടിഫിക്കറ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് സർട്ടിഫിക്കറ്റ് റദ്ദാക്കി
ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനിടെ ഒരു നായക്ക് റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. സര്‍ട്ടിഫിക്കറ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് പാറ്റ്ന ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് അത് റദ്ദാക്കി. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
മസൗരി സോണ്‍ ഓഫീസിലെ ആര്‍ടിപിഎസ് (റൈറ്റ് ടു പബ്ലിക് സര്‍വീസസ്) കൗണ്ടറില്‍ നിന്ന് ജൂലൈ 24ന് നല്‍കിയ സര്‍ട്ടിഫിക്കറ്റിലാണ് അപേക്ഷകന്റെ പേര് 'ഡോഗ് ബാബു' എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പിതാവിന്റെ പേരിന്റെ സ്ഥാനത്ത് 'കുത്താ ബാബു' എന്നും മാതാവിന്റെ പേരിന്റെ സ്ഥാനത്ത് 'കുത്തിയ ദേവി' എന്നും രേഖപ്പെടുത്തിയതായി ആജ്താക്ക് റിപ്പോര്‍ട്ട് ചെയ്തു. മസൗരിയിലെ കൗലിചക് വാര്‍ഡ് 15 എന്നാണ് വിലാസം നല്‍കിയിരിക്കുന്നത്. അപേക്ഷകന്റെ ചിത്രത്തിന്റെ സ്ഥാനത്ത് നായയുടെ ചിത്രമാണ് പതിച്ചത്. റവന്യൂ ഓഫീസര്‍ മുരാരി ചൗഹാന്റെ ഡിജിറ്റല്‍ ഒപ്പും സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടായിരുന്നു.
advertisement
Only in Bihar a residence certificate is issued in the name of “Dog babu” with father’s name as “Kutta babu” pic.twitter.com/NRcO8pjXjU
— Marya Shakil (@maryashakil) July 28, 2025
സര്‍ട്ടിഫിക്കറ്റ് വൈറലായതോടെ സാമൂഹികമാധ്യമങ്ങളില്‍ രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. ഇത് ഇന്ത്യയില്‍ മാത്രം സംഭവിക്കുന്ന കാര്യമാണെന്ന് മാധ്യമപ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായി പറഞ്ഞു. ഇത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയുടെ തെളിവാണെന്നും സത്യാഗ്രഹ എന്ന് എക്‌സ്അക്കൗണ്ട് വിശേഷിപ്പിച്ചു.
advertisement
''കുത്ത ബാബു'വിന്റെയും 'കുത്തിയ ദേവി'യുടെയും മകനായ 'ഡോഗ് ബാബു' എന്ന് പേരുള്ള നായയെ എന്‍ഡിഎ സര്‍ക്കാര്‍ ബീഹാറിലെ താമസക്കാരനായി പട്ടികപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ആധാര്‍, ഇപിഐസിഎഎന്‍ കാര്‍ഡില്ലാത്ത 77 ലക്ഷം യഥാര്‍ത്ഥ പൗരന്മാരെ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒഴിവാക്കി. വോട്ടര്‍മാരെ മായിച്ചുകളയാനും തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിക്കാനുമുള്ള പ്രഹസനമാണിത്,'' ടിഎംസി നേതാവ് നിലഞ്ജന്‍ ദാസ് അഭിപ്രായപ്പെട്ടു.
അതേസമയം, വിവാദമായ സര്‍ട്ടിഫിക്കറ്റ് ഞായറാഴ്ച റദ്ദാക്കിയതായും റവന്യൂ ഓഫീസറുടെ ഡിജിറ്റല്‍ ഒപ്പ് ആര്‍ടിപിഎസ് പോര്‍ട്ടലില്‍ നിന്ന് നീക്കം ചെയ്തതായും മസൗരി സര്‍ക്കിള്‍ ഓഫീസര്‍ പ്രഭാത് രഞ്ജന്‍ പറഞ്ഞതായി ആജ്താക്ക് റിപ്പോര്‍ട്ട് ചെയ്തു. നായയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയവർക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് പാറ്റ്‌ന ജില്ലാ മജിസ്‌ട്രേറ്റ് ഡോ. ത്യാഗരാജന്‍ എസ്എം പറഞ്ഞു. ''ഇത് ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും,'' അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Bihar
First Published :
July 29, 2025 10:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ബീഹാറില്‍ നായയ്ക്ക് റെസിഡന്റ്‌സ് സര്‍ട്ടിഫിക്കറ്റ്; അച്ഛന്‍ 'കുത്താ ബാബു', അമ്മ 'കുത്തിയ ദേവി'