കന്നഡ അറിയില്ല! ബംഗളൂരുവിൽ 112 ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ രണ്ട് തവണ പ്രയോജനപ്പെട്ടു
- Published by:Sarika N
- news18-malayalam
Last Updated:
ബംഗളൂരു നിവാസിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലാവുന്നു
ദക്ഷിണേന്ത്യയില്‍ ഒരു പ്രാദേശിക ഭാഷ അറിയാത്തത് പലപ്പോഴും ഒരു ആശങ്കയാണ്. പ്രത്യേകിച്ച് കര്‍ണാടകയില്‍, വര്‍ഷങ്ങളായി ഭാഷയുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. സമീപ കാലത്ത് കന്നഡ അറിയാത്തതിന്റെ പേരില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ ഉള്‍പ്പെട്ട നിരവധി വിവാദങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇത്തവണ ഭാഷാ വിവാദമല്ല മറിച്ച് കന്നഡ അറിയില്ലെങ്കിലും നഗരത്തിലെ അടിയന്തര ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ തനിക്ക് എങ്ങനെ പ്രയോജനപ്പെട്ടുവെന്ന ബംഗളൂരു നിവാസിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ആണ് ചര്‍ച്ചാ വിഷയം. 112 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോൾ വേഗത്തിലുള്ള പ്രതികരണം ലഭിച്ചതിന് ഈ സംവിധാനത്തെ പ്രശംസിച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്. റെഡ്ഡിറ്റിലാണ് പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്.
കഴിഞ്ഞ 27 വര്‍ഷമായി അടിയന്തര സേവനങ്ങള്‍ ഉപയോഗിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ രണ്ടു തവണ 112 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടേണ്ടി വന്നതായി ഉപയോക്താവ് പോസ്റ്റില്‍ പറയുന്നു.
advertisement
"പ്രാദേശിക ഭാഷ സംസാരിക്കാത്തവര്‍ക്ക് ഇത് അത്ര സഹായകമല്ലെന്ന കഥകള്‍ വായിച്ചതിനാല്‍ ഈ നമ്പര്‍ ഉപയോഗിക്കാന്‍ ആദ്യം ഞാന്‍ മടിച്ചിരുന്നു. എന്നാല്‍, പ്രതികരണം അങ്ങനെയായിരുന്നില്ല", അയാള്‍ കുറിച്ചു. '112 ബംഗളൂരു പോലീസിനുള്ള അഭിനന്ദന പോസ്റ്റ്' എന്ന അടിക്കുറിപ്പോടെയാണ് അയാള്‍ റെഡ്ഡിറ്റില്‍ അഭിപ്രായം പങ്കിട്ടത്. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ പ്രയോജനപ്പെട്ട രണ്ട് സംഭവങ്ങളെ കുറിച്ചും ഉപയോക്താവ് പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്.
ആദ്യ സംഭവം ഇന്ദിരാനഗറിന് സമീപത്താണ് നടന്നത്. ഒരാള്‍ സ്‌കൂട്ടി കാറുമായി കൂട്ടിയിടിച്ച് റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടതായി പോസ്റ്റില്‍ പറയുന്നു. ആരും ആംബുലന്‍സ് വിളിച്ചില്ലെന്നും പെട്ടെന്ന് 112-ല്‍ ഡയല്‍ ചെയ്ത് അപകട വിവരം അറിയിച്ചതായും റെഡ്ഡിറ്റര്‍ കുറിച്ചു. അവര്‍ വേഗത്തില്‍ പോലീസില്‍ വിവരം അറിയിക്കുകയും നടപടിയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനായി ഒരു ലിങ്ക് സഹിതമുള്ള എസ്എംഎസ് ഫോണില്‍ തനിക്ക് ലഭിച്ചുവെന്നും അയാള്‍ എഴുതി.
advertisement
"ഞാന്‍ നില്‍ക്കുന്ന സ്ഥലം കണ്ടെത്താന്‍ പോലീസില്‍ നിന്നും ആംബുലന്‍സ് ജീവനക്കാരനില്‍ നിന്നും എനിക്ക് കോളുകള്‍ വന്നു. പോലീസ് അവിടേക്ക് എത്താമെന്ന് പറഞ്ഞപ്പോള്‍ സമയം ലാഭിക്കാന്‍ പരിക്കേറ്റയാളെ നേരിട്ട് ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ടു," അദ്ദേഹം എഴുതി. അപ്പോഴേക്കും പരിക്കേറ്റയാള്‍ക്ക് ബോധം വന്നുവെന്നും അയാള്‍ മദ്യപിച്ചിരുന്നതിനാല്‍ മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുക്കുമെന്ന് ഭയന്ന് ആശുപത്രിയില്‍ വരാന്‍ കൂട്ടാക്കിയില്ലെന്നും അദ്ദേഹം വിശദമാക്കി. പിന്നീട് പോലീസെത്തി അപകടത്തില്‍പ്പെട്ട സ്‌കൂട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പരിക്കേറ്റയാളെ സഹായിക്കുകയും ചെയ്തു.
advertisement
രണ്ടാമത്തെ സംഭവം റെഡ്ഡിറ്റര്‍ താമസിക്കുന്നതിന് അടുത്തുള്ള ബിസിനസില്‍ പാര്‍ക്കില്‍ രാത്രി വൈകിയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഉറങ്ങാന്‍ സാധിക്കാതെ വന്നപ്പോഴായിരുന്നു. ഇത് 112-ല്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്‌തെന്നും വിഷയം പ്രാദേശിക പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറിയെന്നും അദ്ദേഹം കുറിച്ചു. 15 മിനുറ്റിനുള്ളില്‍ ബന്ധപ്പെട്ടവര്‍ സ്ഥലത്തേക്ക് എത്തി ഉറക്കം കെടുത്തുന്ന രാത്രി ജോലികള്‍ നിര്‍ത്തിവെപ്പിച്ചു. പ്രശ്‌നം പരിഹരിച്ചതായി തനിക്ക് കോള്‍ ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉറക്കം നഷ്ടമായെങ്കിലും ബംഗളൂരു പോലീസിനോടുള്ള തന്റെ മതിപ്പ് തീര്‍ച്ചയായും പോയിട്ടില്ലെന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്. പോസ്റ്റിനു താഴെ നിരവധി പേര്‍ പ്രതികരണങ്ങളുമായെത്തി. ഇത്തരം പോസിറ്റീവ് കഥകള്‍ പ്രോത്സാഹനമാണെന്നും പോസ്റ്റിന് നന്ദിയെന്നും ഒരാള്‍ കുറിച്ചു. മറ്റ് ചിലര്‍ സമാനമായ അനുഭവങ്ങളും പങ്കിട്ടു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore [Bangalore],Bangalore,Karnataka
First Published :
Dec 31, 2025 12:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കന്നഡ അറിയില്ല! ബംഗളൂരുവിൽ 112 ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ രണ്ട് തവണ പ്രയോജനപ്പെട്ടു







