ഹോസ്റ്റലുകളിലെ പെൺജീവിതം നരകതുല്യമോ? വനിതാകമ്മീഷന് പരാതി നൽകി ക്യാംപയ്ൻ

Last Updated:

സംസ്ഥാനത്തെ എല്ലാ സ്വകാര്യ ഹോസ്റ്റലുകളിലും പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷന് പരാതി നൽകി

സംസ്ഥാനത്തെ വനിതാ ഹോസ്റ്റലുകളിൽ അന്തേവാസികൾ സമാനതകളില്ലാത്ത ദുരിതം നേരിടുന്നുവെന്ന വാദം ശക്തമാകുന്നു. തലസ്ഥാനത്തെ എഞ്ചിനിയറിങ് കോളേജിലെ വനിതാ ഹോസ്റ്റലിൽ കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തിന് പിന്നാലെയാണ് കുടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. വൈകിട്ട് 6.30ന് ഗേറ്റ് പൂട്ടുന്നതിനെതിരെയായിരുന്നു അവിടുത്തെ പ്രതിഷേധം. ആൺകുട്ടികളുടെ ഹോസ്റ്റലിൽ ഗേറ്റ് പൂട്ടുന്ന സമയമായ 9.30 വരെ തങ്ങൾക്കും അനുവദിക്കണമെന്നതായിരുന്നു പെൺകുട്ടികളുടെ ഹോസ്റ്റൽ അന്തേവാസികളുടെ ആവശ്യം. കാംപസിലെ നഗ്നമായ ലിംഗവിവേചനത്തിനെതിരെ ഒടുവിൽ ആ പെൺകുട്ടികൾ വിജയിച്ചു. ഇതിനിടെ സെക്രട്ടേറിയറ്റിന് സമീപത്തുള്ള വനിതാ ഹോസ്റ്റലിൽ അരങ്ങേറുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നെഴുതുകയാണ് ഡോക്ടർ വീണ ജെ.എസ്. രാത്രിയായാൽ സംസാരിക്കാൻ പാടില്ല, ഒരേ കിടക്കയിൽ രണ്ടു സ്ത്രീകൾ ഇരിക്കാൻ പാടില്ല, പകൽ സമയത്ത് ഫാൻ ഉപയോഗിക്കരുത് ഇങ്ങനെ പോകുന്നു വനിതാ ഹോസ്റ്റലുകളിലെ അലിഖിത നിയമങ്ങൾ. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ഹോസ്റ്റലുകളിലും പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷന് പരാതി നൽകിയെന്നും, കുടുതൽ പേർ പരാതി നൽകാൻ തയ്യാറാകണമെന്നും അവർ ആവശ്യപ്പെടുന്നു.
ഡോ. വീണ ജെ.എസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
പെണ്ണ് ജീവിക്കുന്നത് ഇങ്ങനെയാണ്. വായിക്കണം.
തിരുവനന്തപുരം സെക്രെറ്ററിയറ്റിന് അടുത്തുള്ള ഒരു 'പുരാതന' ലേഡീസ്ജയിലിനെകുറിച്ചാണ് പറയാനുള്ളത്. മനുഷ്യാവകാശങ്ങളെ പറ്റി മനുഷ്യന്‍ വാചാലനാകും മുന്നേ രക്തപങ്കിലകളികള്‍ മാത്രം കളിച്ചുവളര്‍ന്നവരുടെ സ്വന്തം സ്ഥാപനം. സഭാനിര്‍മ്മിത ജയില്‍. വെറും 4650 രൂപ മാസം വാടക തങ്ങളുടെ ഔദാര്യമാണെന്ന മട്ടില്‍ ആണ് 'പെണ്‍കുട്ടികള്‍ക്ക്' താമസം ഒരുക്കിയിരിക്കുന്നത്.
Issues
1) രണ്ട് പേര് താമസിക്കുന്ന, വാടക കൂടിയ ചുരുക്കം ചില റൂമുകളും, അഞ്ചു മുതല്‍ ഏഴുപേര്‍ വരെ അടങ്ങിയ മറ്റ് റൂമുകളും. അത്രയും പേര്‍ക്ക് സാധനങ്ങള്‍ വെക്കാന്‍ ഒരലമാരയും രണ്ട് മേശയും രണ്ട് കസേരകളും, ഒരു ഫാനും ഒരു ലൈറ്റും മാത്രം.
advertisement
2) രാവിലെ ഒരു രണ്ട് മണിക്കൂര്‍മാത്രം ബാത്‌റൂമുകളിലെ പൈപ്പില്‍ വെള്ളം വരും. പിന്നെ വല്ലപ്പോഴും വന്നാലായി. കൂടുതല്‍ ബക്കറ്റുകള്‍ വാങ്ങി വെള്ളം പിടിച്ചു ബാത്‌റൂമുകളിലും അവിടേക്കുള്ള വഴികളിലും വെച്ചപ്പോള്‍ ദേ വന്നു ഭീഷണി. 'വെള്ളം ഒഴിച്ച് കളയും'ത്രേ. ഇതേ രീതിയില്‍മാത്രം ജലം ലഭ്യമാക്കുന്ന ശനിയും ഞായറും മാത്രമേ തുണി കഴുകാവൂ എന്നാണ് നിയമം. ഈ മുഷിഞ്ഞ തുണി വെക്കാന്‍ സ്വന്തം റൂം മാത്രമേ ഉള്ളൂ. അലമാര പോലുമില്ല.
എപ്പോളും തുറന്നിടുന്ന ജനലുകള്‍ എത്ര സ്ത്രീജീവിതങ്ങളില്‍ ഉണ്ടെന്ന് കൂടെ ഇതോടനുബന്ധിച്ചു ചിന്തിക്കുക. എത്രപേര്‍ ആണ് ഈ അടഞ്ഞ, മുഷിഞ്ഞ വായു ശ്വസിച്ചു ജീവിക്കുന്നത് !
advertisement
3)സോളാര്‍ വൈദ്യുതി ലഭ്യമാക്കുന്ന ഈ ജയിലില്‍ എത്ര ചൂടുള്ള ദിവസമായാലും പകല്‍ ഫാന്‍ ഇടാന്‍ സമ്മതിക്കില്ല. സ്വിച്ച് ഓഫാക്കും. ഫോണോ ലാപ് ടോപ്പോ ചാര്‍ജ് ചെയ്യാന്‍ പ്രത്യേക റൂം ഉണ്ട്. നട തുറക്കാന്‍ കാത്തിരിക്കണം. വൈകിട്ട് അഞ്ചു മുതല്‍ രാത്രി പതിനൊന്നു വരെ മാത്രം റൂമുകളില്‍ ലൈറ്റ് and ഫാന്‍ കാണും. പതിനൊന്നിന് ശേഷം ഫാന്‍ മാത്രം ഉപയോഗിക്കാം . ഫാനെങ്കിലും ഉണ്ടല്ലോ എന്ന ആശ്വാസം. പിന്നെ വേണമെങ്കില്‍ വരാന്തയില്‍ ഇരുന്നു വായിക്കുക. എന്നാ ഒരു സ്വാതന്ത്ര്യം ആണല്ലേ.
advertisement
4) രാത്രി ഒന്‍പതുമണിക്ക് ജയില്‍ സെക്യൂരിറ്റിയായ പട്ടിയെ അഴിച്ചുവിടും. പിന്നെ അവിടെ ആരും പരസ്പരമോ അല്ലാതെയോ സംസാരിക്കാന്‍ പാടില്ല.
5) ഒരേ കിടക്കയില്‍ രണ്ടു പെണ്ണുങ്ങള്‍ ഇരിക്കരുത്. മൂന്നോ നാലോ പറ്റുമോ എന്നാരും ചോദിച്ചിട്ടുമില്ല. അപ്പോ രണ്ട് പേരുള്ള ആ റൂമില്‍???????? ശ്ശ്ശ്ശ്ഹ്ഹ്ഹ്ഹ്ഹ്ഹ്
ശബ്ദം കേട്ടാല്‍ അവര്‍ക്ക് എന്താ ചെയ്യുന്നതെന്ന് പിടികിട്ടുമത്രേ. എങ്ങാനും തറയില്‍ വഴുക്കിവീഴുമ്പോള്‍ 'അആഹ്ഹ്ഹ്' എന്ന് നിലവിളിച്ചാല്‍ എന്താകുമോ എന്തോ?? അല്ലാ, സ്ത്രീകളുടെ അആഹ്ഹ്ഹ്ഹ് വിളിക്ക് ഒരര്‍ത്ഥമല്ലേ ഉള്ളൂ. അല്ലേ?????
advertisement
6) നൈറ്റി ഇടാന്‍ പാടില്ല. ഈയടുത്തായി ടി ഷര്‍ട്ടും ജീന്‍സും പോലും നിരോധിച്ചു.
7) ജയില്‍ ആവശ്യങ്ങള്‍ക്ക് കടയില്‍ പോകാനും അല്ലറചില്ലറ പണികള്‍ക്കും അവിടെ ഒരു ചേട്ടനുണ്ട്. അലക്കുമ്പോള്‍ കുനിയുന്ന പെണ്‍കുട്ടികളെ ചേട്ടന്‍ നന്നായി നോക്കിക്കോളുംത്രേ. രാത്രി ഒന്‍പതുമണി മുതല്‍ മാത്രം സ്വാതന്ത്ര്യം അനുഭവിക്കുന്ന പട്ടിയെ ഫുള്‍ടൈം ജോലിക്ക് വെക്കണം എന്നേ എനിക്ക് പറയാന്‍ തോന്നുന്നുള്ളൂ. By the by, തൊട്ടടുത്തുള്ള വന്‍കിട ഹോട്ടലിലെ സെക്യൂരിറ്റിചേട്ടനുമായി ഈ ചേട്ടന്‍ സല്ലപിക്കും. ആണ്‍കുട്ടികളോട് ചിരിക്കുന്ന പെണ്‍കുട്ടികളെ മോണിറ്റര്‍ ചെയ്തു അന്തപുരത്തില്‍ വിവരമെത്തിക്കും. ഇത്തരത്തില്‍ മിനിമം ഒരു ചേട്ടന്‍ എല്ലാ ഹോസ്റ്റലുകളിലും ഉണ്ടാകും. അയാള്‍ക്ക് ഹോസ്റ്റല്‍അധികാരിയുടെ അത്രതന്നെ അധികാരവും ഉണ്ടാകാറുണ്ട് :(
advertisement
8) ഫ്രാങ്കോനെതിരെ തെരുവിലിറങ്ങേണ്ടി വന്ന മനുഷ്യസ്ത്രീകളോട് അന്തപ്പുരത്തിലെ തിരുവസ്ത്രധാരികള്‍ക്ക് പഞ്ചപുച്ഛമാണ്. 'ഇതെന്തു കലികാലം' എന്നൊക്കെ പറഞ്ഞു നെടുവീര്‍പ്പാണ് പോലും. ഈ നെടുവീര്‍പ്പ്കാരികള്‍ക്ക് വാടകക്കാരുടെ ഫുഡ് അല്ലാ. സ്‌പെഷ്യല്‍ ആയി വേറെ ഭാഗത്താണ് ഫുഡ്.
സഭയുടെ കീഴിലുള്ള അട്ടപ്പാടിയിലെ ഒരു ഹോസ്റ്റലില്‍ 2014ല്‍ ചെന്നപ്പോള്‍ കാണാന്‍ കഴിഞ്ഞത് ഇതാണ്. വീടുകളില്‍ താമസിക്കാന്‍ ഗതിയില്ലാത്ത കുറേ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സഭയുടെ കീഴിലുള്ള ഒരു അസോസിയേഷന്റെ കൂടെ താമസിക്കുന്നു. ആണ്‍കുട്ടികളെ നോക്കാന്‍ അച്ഛന്മാര്‍, പെണ്‍കുട്ടികളെ നോക്കാന്‍ കന്യാസ്ത്രീകള്‍. അച്ഛന്മാരും ആണ്‍കുട്ടികളും ഒരേ ഭക്ഷണം ഒന്നിച്ചിരുന്നു കഴിക്കുന്നു. ആണ്‍കുട്ടികള്‍ ചാടിയോടി ചിരിച്ചു നടക്കുന്നു. പെണ്‍കുട്ടികള്‍ എങ്ങനെ നടക്കുന്നു എന്നറിയാന്‍ പോയിരുന്നു. കാണാന്‍പോലും കിട്ടിയില്ല. 'അസമയം' ആയതിനാല്‍ 'കോഴിക്കൂട്ടില്‍' കയറ്റിയിരുന്നു. കന്യാത്രീകളുടെ കൂടെ അവര്‍ ഭക്ഷണം കഴിക്കില്ല. അവര്‍ക്ക് കൊടുക്കുന്നത് വേറെ ഭക്ഷണം ആണത്രേ :(
advertisement
ഞെട്ടാന്‍ നിക്കണ്ട. ഇവിടെ പല യൂണിവേഴ്‌സിറ്റികളിലെയും ആണ്‍പെണ്‍ ഹോസ്റ്റലുകളില്‍ അവര്‍ക്ക് കിട്ടുന്ന ഭക്ഷണത്തിന്റെ നിലവാരം നിങ്ങള്‍ താരതമ്യം ചെയ്തു നോക്കിയിട്ടുണ്ടോ. കൂടുതല്‍ കാശ് കൊടുത്താലും, പെണ്ണാണെങ്കില്‍ 'തരത്തില് ചോയിച്ചാ മതി' എന്ന അടക്കല്‍ ആണ്. ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ പാത്രം കഴുകാന്‍ പോലും ആളുണ്ട്. എന്നാല്‍ നാളെ ഇവന്മാര്‍ പഠിത്തം കഴിഞ്ഞ് പെണ്ണിനെ രക്ഷിക്കാന്‍ വേണ്ടിയെന്ന വിധം അല്ലെങ്കില്‍ ഒന്ന് കല്യാണം കഴിച്ചാല്‍ നന്നാവാന്‍ പറ്റുമെന്ന മട്ടില്‍ വിവാഹിതരാകുമ്പോള്‍ അവന്റെയൊക്കെ പാത്രം കഴുകാന്‍ ലേഡീസ് ഹോസ്റ്റലില്‍ തന്നെ ട്രെയിനിങ് കിട്ടും.
9) കട്ടന്‍ചായയില്‍ വേണ്ടതിലധികം വെള്ളമുണ്ടാവും. പാലില്ലായ്മയും. അതുകൊണ്ട് വല്ലപ്പോഴും ഒരു ചായ കുടിക്കാന്‍ പുറത്തിറങ്ങുന്ന 'ഒരുമ്പെട്ടവളു'മാരുടെ പുറകേ പതുങ്ങിച്ചെന്ന് മേല്‍പ്പറഞ്ഞ ചേട്ടന്‍ ചോദിക്കും. 'കണ്ട കള്ളുകുടിയന്മാര്‍ ഒണ്ടാക്കണ ചായയെ നീയൊക്കെ കുടിക്കുള്ളു അല്ലേ?? അങ്ങനെ അതും തീരും.
വൈകിട്ട് പുറത്തോട്ടിറങ്ങണം എന്ന് ചിന്തിക്കാന്‍ പേരിനുപോലും അവിടെ പെണ്‍കുട്ടികള്‍ ഇല്ല. എല്ലാം ദൈവഭയമുള്ള ഒരേ അച്ചില്‍ വേവിക്കപ്പെട്ട മൃതതുല്യര്‍ എന്നേ പറയാനാവുന്നുള്ളു :(
10) പല ബാത്റൂമുകളും അടക്കാന്‍ കുറ്റികളില്ല. പൈപ്പുകള്‍ പലതും പ്രവര്‍ത്തനവൈകല്യം ഉള്ളത്. ലേഡീസ് അല്ലേ. പൈപ്പൊക്കെ ഇത്ര മതി. വാതില്‍ അടക്കുന്നത് എന്തിനാ
പക്ഷെ ഇതെല്ലാം വെളിപ്പെടുത്തിയ ഒരു ചുണക്കുട്ടിയെ ഞാന്‍ പരിചയപ്പെട്ടു. അവള്‍ വനിതാ കമ്മീഷനില്‍ പരാതി കൊടുത്തിട്ടുണ്ട് . പേര് വെക്കാന്‍ ഭയമാണ്. സഭയെ ആണ് ഭയം. ദൈവത്തിനെയല്ല.
NB: ആണ്‍കുട്ടികളോട് പറയാന്‍ ഉള്ളത്.
ഒരേയൊരു ദിവസം
നിങ്ങള്‍ക്ക് ലേഡീസ് ഹോസ്റ്റലിലെ (പെണ്‍കുട്ടികളെ മുഴുവന്‍ പുറത്ത് നിര്‍ത്തിമാത്രം ;) due respect to age old culture'-!)
അതിനുള്ളിലെ നിയമങ്ങള്‍ക്കുള്ളില്‍, അവരുടെ റൂമുകളിലെ എണ്ണത്തിനനുസരിച്ചു കൂട്ടുകാരോടൊപ്പം താമസിക്കാമോ??
രാത്രികളില്‍ ജനലുകള്‍ പൂട്ടണമെന്ന മാനസികനില വളരെ പ്രധാനമാണ്. വാതില്‍ കുറ്റിയിട്ടടക്കണം. ബഹളം വെക്കരുത്. 'ഫോണില്‍ ആരോടാ കൊഞ്ചുന്നത്' എന്ന് ചോദിക്കാന്‍ ആരേലും കാവലുണ്ടാകും. രാവിലെ ഇറങ്ങുമ്പോള്‍ അപ്പറത്തെ സെക്യൂരിറ്റിചേട്ടന്‍ തുറിച്ചുനോക്കും.
വെള്ളം കുറവായിരിക്കും.. അതുകൊണ്ട് പോയി ജനലില്‍ക്കൂടെ മുള്ളരുത്. ബാത്റൂമില്‍ മുള്ളണം. വൃത്തിയാക്കാതെ ഇരിക്കരുതേ. ഉള്ള വെള്ളത്തില്‍ ഇതൊക്കെ ചെയ്‌തോളണം.
അടുത്ത ദിവസം ആ ജയിലില്‍ നിന്നിറങ്ങുന്നത് ഒരു പുതിയ മനുഷ്യനായിരിക്കും. ഒറപ്പാ.
ആ മനുഷ്യന്‍ ആര്‍ത്തവമുള്ള പെണ്ണിനെ അശുദ്ധയായി പ്രഖ്യാപിക്കില്ല. പൊട്ടിച്ചിരിക്കുന്ന പെണ്ണിനെ ഭ്രാന്തിയായി കാണില്ല. വേദന പരാതിപ്പെടുന്നവള്‍ക്ക് ന്യൂറോസിസ് ആണെന്ന് പറയില്ല. 'നേരത്തെ ഹോസ്റ്റലില്‍ കയറേണ്ടി വരുന്നത് പെണ്ണായത് കൊണ്ടല്ലെ' എന്നവള്‍ വിങ്ങുന്നത് കാണുമ്പോള്‍ അവളെ 'പെഴച്ചോള്‍' എന്ന് വിളിക്കാന്‍ നാവ് പൊങ്ങില്ല. രാത്രി ഹോസ്റ്റല്‍ പ്രവേശനസമയം കൂട്ടാന്‍ പറയുന്നവളുമാരെ നോക്കി 'അടുത്തൊരു ഗൈനക് ഡോക്ടറെ കരുതിക്കോ'എന്ന് പറയാന്‍ തോന്നുന്നില്ല. (അബോര്‍ഷന്‍ ആണ് ഉദ്ദേശിച്ചതെങ്കില്‍,,,, വിവാഹിതര്‍ക്ക് അബോര്‍ഷന്‍ കിട്ടാന്‍ വളരെ എളുപ്പമാണെന്നാ ഇവന്റെയൊക്കെ വിചാരം. ഗൈനക് സദാചാരം ഇതിനേക്കാള്‍ വലുതാ മക്കളേ.
ലേശം ഉളുപ്പ് )
NB2: പേരുവെക്കാതെ കൊടുത്ത പരാതിയില്‍ നടപടിയെടുക്കാന്‍ വനിതാകമ്മീഷന് പറ്റുമോ എന്നറിയില്ല. പക്ഷെ ഇത്രയും വലിയ വയലേഷന്‍ ഉണ്ടെന്ന് കേള്‍ക്കുമ്പോള്‍ അന്വേഷിക്കുക തന്നെ ചെയ്യും എന്നാണ് വിശ്വാസം.
പക്ഷെ എനിക്ക് ചോദിക്കാനുള്ളത് ഇവിടത്തെ concerned ഡിപ്പാര്‍ട്‌മെന്റുകളോടാണ്. മേല്‍പ്പറഞ്ഞ ഹോസ്റ്റലിന്റെ അംഗീകാരം എങ്ങനെയാണ് നിലനിര്‍ത്തപ്പെടുന്നത്. ഒരു റൂമില്‍ ഇത്ര സ്ഥലത്ത് നിശ്ചിത ആളുകള്‍ക്ക് മാത്രമേ താമസിക്കാന്‍ പറ്റൂ എന്ന അനുശാസന ഉള്ളപ്പോള്‍ ഇതൊക്കെ എങ്ങനെ നടക്കുന്നു?
(ഒന്‍പതു വയസിന് മുകളില്‍ പ്രായമുള്ള രണ്ടുപേര്‍, അതിലൊരാള്‍ ആണും മറ്റെയാള്‍ പെണ്ണുമായാല്‍, അവര്‍ ഭര്‍ത്താവും ഭാര്യയും അല്ലെങ്കില്‍ അവര്‍ ഒരു റൂമില്‍ താമസിക്കേണ്ടി വന്നാല്‍ അതിനെ overcrowding എന്നാണ് വിശേഷിപ്പിക്കപ്പടുക. Sexual orientation/ ലൈംഗികചായ്വ് സംബന്ധിച്ച ലോകനിലപാടുകളും അവബോധവും കണക്കിലെടുത്തല്ല ഈ അവസ്ഥ മാറേണ്ടത്. ഓരോ വ്യക്തിയ്ക്കും പേര്‍സണല്‍ സ്‌പേസ് വേണമെന്ന തിരിച്ചറിവാണ് നമുക്ക് വേണ്ടത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മാത്രം പേര്‍സണല്‍ സ്‌പേസ് ഉണ്ടായാല്‍ പോരാ)
ഇതീ ഹോസ്റ്റലിന്റെ മാത്രം പ്രശ്‌നമല്ല. മിക്ക ലേഡീസ് ഹോസ്റ്റലുകളുടേയും അവസ്ഥ ഇതാണ്. പെണ്ണുങ്ങള്‍ ആയതുകൊണ്ട് ഇതൊക്കെ മതി എന്നാണ്. അതിനി മെഡിക്കല്‍ പിജി ആണേലും ഏത് നോണ്‍ പ്രഫഷണല്‍ ആണേലും പെണ്ണ് വെറും വെറും വെറും പെണ്ണാ.. ഏതെങ്കിലും വിധം നരകിച്ചേ തീരാവൂ.
ഇത്തരം overcrowded ആയ സ്പേസില്‍ ജീവിക്കുന്നവരുടെ മാനസികഅവസ്ഥകളെപ്പറ്റി പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. കൊലമാസ്സ്പഠനം നടത്താനത്ര വകയുള്ള ഗിനിപന്നികള്‍/കോഴികള്‍/ചരക്കുകള്‍/വെടികള്‍/കേസ്സുകെട്ടുകള്‍ ഇത്തരം ഹോസ്റ്റലുകളില്‍ കുന്നുകൂടിക്കിടപ്പുണ്ട്. ഇഷ്ടം പോലെ വന്നു പഠിച്ചു റിസള്‍ട്ട് ഒന്ന് പബ്ലിഷ് ചെയ്യൂ. അത്രയെങ്കിലും നന്മ കാണിക്കണം.
NB3: പെണ്ണിന്റെ മാനത്തിന്റെ വില മാത്രം ചോദിക്കാന്‍ അറിയുന്ന ഒരു പ്രത്യേകഭൂവിഭാഗമാണ് ഇതെന്നറിയാം. അവളുടെ മനസ്സറിയാതെ മാനം കാക്കാന്‍ പോകുന്നതിലെ നെറികേടാണ് മനസിലാവാത്തത്. സ്വന്തം ശരീരത്തെ ഒന്ന് ശരിക്ക് ശ്രദ്ധിക്കാന്‍ ബാത്റൂമിലെങ്കിലും ഒരു പ്രൈവസി :( ഇതൊക്കെ കഴിഞ്ഞു നമുക്ക് ബോഡി ഓട്ടോണമിയെപ്പറ്റി പറയാം എന്ന് തോന്നുന്നു.
പെണ്ണിനെ പരാജയപ്പെടുത്താന്‍വേണ്ടി മാത്രം ഉണ്ടായ ഈ സമൂഹത്തില്‍ പെണ്ണായി ജനിക്കുന്നതും പൊരുതുന്നതുമെല്ലാം എന്നെങ്കിലും എണ്ണപ്പെടണമെങ്കില്‍ നമ്മള്‍ ഒരുമിച്ചു പോകണം. സ്ത്രീകള്‍ സംഘടിക്കണം. നമ്മളില്‍ ആരുംതന്നെ തുരുത്തുകള്‍ ആവാതെ ശ്രദ്ധിക്കണം.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഹോസ്റ്റലുകളിലെ പെൺജീവിതം നരകതുല്യമോ? വനിതാകമ്മീഷന് പരാതി നൽകി ക്യാംപയ്ൻ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement