ഡൽഹിയിലെ (Delhi) നിരത്തുകളിൽ പച്ചയും മഞ്ഞയും നിറത്തിൽ തലങ്ങും വിലങ്ങുമോടുന്ന നിരവധി ഓട്ടോറിക്ഷകൾ കാണാം. എന്നാൽ മുകളിൽ പൂന്തോട്ടമുള്ള ഒരു ഓട്ടോറിക്ഷയും ഇപ്പോൾ അക്കൂട്ടത്തിലുണ്ട്. ഡൽഹിയിലെ കനത്ത ചൂടിനെ അതിജീവിക്കാൻ മഹേന്ദ്ര കുമാറെന്ന ഓട്ടോ ഡ്രൈവർ (Auto Driver) കണ്ടെത്തിയ വഴിയാണിത്. പൂന്തോട്ടം കാരണം ഓട്ടോയിൽ കയറുന്ന യാത്രക്കാർക്ക് ചൂടിന് ആശ്വാസമുണ്ട്. കടുത്ത ചൂട് നേരത്തെ തുടങ്ങിയ ഡൽഹിയിൽ ഇത്തരം കാഴ്ചകൾ ആശ്വാസം പകരുന്നതാണ്. രാജ്യതലസ്ഥാനത്ത് ഇപ്പോൾ കാലാവസ്ഥ 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നുണ്ട്. റോഡിലെ ടാറിനെ പോലും ഉരുക്കുന്ന തരത്തിലുള്ള അസഹ്യമായ ചൂടാണ് നേരത്തെ തന്നെ എത്തിയിരിക്കുന്നത്.
കൊടുംചൂടിലും തൻെറ ഓട്ടോയിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസമുണ്ടെന്ന് മഹേന്ദ്ര കുമാർ പറഞ്ഞു. 48കാരനായ കുമാർ ഓട്ടോയ്ക്ക് മുകളിൽ ഏകദേശം ഇരുപതോളം വ്യത്യസ്ത സസ്യങ്ങളാണ് വെച്ച് പിടിപ്പിച്ചിരിക്കുന്നത്. ഇതിൽ പൂച്ചെടികളും കുറ്റിച്ചെടികളുമെല്ലാമുണ്ട്. ഈ ഓട്ടോ ഡൽഹിയിലെ റോഡുകളിൽ തരംഗമായിക്കഴിഞ്ഞു. വണ്ടിയെത്തുമ്പോൾ ആവേശത്തോടെ ആളുകൾ സ്വീകരിക്കുന്നു. മഹേന്ദ്ര കുമാറിൻെറ ഓട്ടോയിൽ കയറാനും അതിനൊപ്പം നിന്ന് സെൽഫിയെടുക്കാനുമൊക്കെ ആളുകൾ തിരക്ക് കൂട്ടുന്നുണ്ട്. സഞ്ചരിക്കുന്ന പൂന്തോട്ടത്തിലിരുന്ന് സന്തോഷത്തോടെയാണ് എല്ലാവരും യാത്ര ചെയ്യുന്നത്.
"രണ്ട് വർഷം മുമ്പ് ഇത് പോലെ കടുത്ത ചൂടുകാലത്താണ് എനിക്ക് മനസ്സിൽ ഇങ്ങനെ ഒരു ആശയം തോന്നിയത്. ഓട്ടോയ്ക്ക് മുകളിൽ കുറച്ച് ചെടികൾ വളർത്തിയാൽ വണ്ടിക്ക് അൽപം തണുപ്പുണ്ടാവുമല്ലോ എന്നെനിക്ക് തോന്നി. ഓട്ടോയിൽ കയറുന്ന യാത്രക്കാർക്കും വലിയ ആശ്വാസമാവുമെന്ന് കരുതിയാണ് പൂന്തോട്ടം ഉണ്ടാക്കിയത്," മഹേന്ദ്ര കുമാർ എഎഫ‍്‍പിയോട് പറഞ്ഞു. രണ്ട് ചെറിയ കൂളറുകളും ഒരു ഫാനും ഓട്ടോയ്ക്കുള്ളിൽ ഇത് കൂടാതെ വെച്ചിട്ടുണ്ട്. "പ്രകൃതിദത്തമായ എസി പോലെയാണ് ഇപ്പോൾ ഇത് പ്രവർത്തിക്കുന്നത്. ഓട്ടം കഴിഞ്ഞാൽ എൻെറ യാത്രക്കാരിൽ പലരും സന്തോഷത്തിൻെറ ഭാഗമായി 10 രൂപയോ 20 രൂപയോ അധികം തരുകയും ചെയ്യുന്നുണ്ട്," മൂന്ന് കുട്ടികളുടെ അച്ഛൻ കൂടിയായ മഹേന്ദ്ര കുമാർ കൂട്ടിച്ചേർത്തു.
Also Read-
Car Accident | യുവതി പോലീസ് സ്റ്റേഷനുള്ളിലേക്ക് കാർ ഇടിച്ചുകയറ്റി; വഴിതെറ്റിച്ചത് GPS എന്ന്ഓട്ടോയ്ക്ക് മുകളിൽ ചെടികൾ വളർത്തുന്നത് പ്രയാസമുള്ള കാര്യമല്ലെന്ന് കുമാർ പറഞ്ഞു. ആദ്യം തന്നെ മുകളിൽ ഒരു പായ് വിരിച്ചു. പിന്നീട് ഇതിന് മുകളിൽ ചാക്കിട്ടു. ശേഷം മണ്ണ് പരത്തുകയും വെള്ളം തളിക്കുകയും ചെയ്തു. സുഹൃത്തുക്കളാണ് കുമാറിന് വിത്തുകൾ നൽകിയത്. റോഡരികിൽ നിന്ന് കിട്ടിയ കുറച്ച് പുല്ലും വെച്ച് പിടിപ്പിച്ചു. വളരെ പെട്ടെന്ന് തന്നെ വിത്ത് മുളച്ച് വന്നുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. "അമിത അധ്വാനമൊന്നും ഇതിന് ആവശ്യമില്ല. ഒരു ബോട്ടിലിലിൽ വെള്ളം നിറച്ച് ദിവസവും രണ്ട് നേരം തളിച്ച് കൊടുത്താൽ മാത്രം മതി," കുമാർ പറഞ്ഞു.
ഡൽഹിയിലെ ആളുകൾ കടുത്ത ചൂടിനെ അതിജീവിക്കുകയാണ്. ഹിമാചൽ പ്രദേശിൽ നിന്ന് ഒഡീഷ വരെയെത്തിയ ഉഷ്ണതരംഗമാണ് രാജ്യത്തിൻെറ മിക്ക മേഖലകളിലും ചൂട് ക്രമാതീതമായി കൂടാൻ കാരണമായത്. കഴിഞ്ഞയാഴ്ച ഡൽഹിയിലെ ചൂട് 45 ഡിഗ്രിക്ക് മുകളിൽ വരെയെത്തിയിരുന്നു. സാധാരണ ഗതിയിൽ ഈ സമയത്ത് ഉണ്ടാവുന്നതിനേക്കാൾ ഏറെ കൂടുതലാണിത്. അടുത്ത മൂന്ന് നാല് ദിവസം കൂടി ഉഷ്ണതരംഗം ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ഇത് പിന്നെയും നീണ്ടുനിന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.