ബസിലെ യാത്രക്കാരുടെ തിരക്ക് നമുക്കൊരു പുതിയ കാഴ്ചയല്ല. പ്രത്യേകിച്ച് സ്കൂളിന്റെയും ഓഫീസിന്റെയും സമയമാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ജോലി ചെയ്യുന്നവരുടെയും വിദ്യാർത്ഥികളുടെയും ബസ്സിൽ കയറാനുള്ള പരാക്രമവും നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാകും. അത്തരത്തിൽ ഒരു പെൺകുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. തിരക്കേറിയ ബസിൽ ജനാലയിലൂടെ ബസിനുള്ളിലേക്ക് കയറാൻ ശ്രമിക്കുന്ന പെൺകുട്ടിയെയാണ് വീഡിയോയിൽ കാണുന്നത്. റോഡിൽ പെൺകുട്ടിയുടെ സാഹസം കണ്ട ഒരാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
“അത്ഭുതകരമായ ഒരു ഞാണിൻമേൽകളി” എന്ന അടികുറിപ്പോടു കൂടിയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. തുടർന്ന് നിമിഷ നേരങ്ങൾക്കകം തന്നെ വീഡിയോ വൈറലാവുകയും ചെയ്തു. വളരെ തിരക്കേറിയ ഒരു ബസാണ് വീഡിയോയിൽ കാണുന്നത്. ബസിന്റെ ഡോറിൽ വരെ തൂങ്ങി നിൽക്കുന്ന യാത്രക്കാർ കാരണം ഇനി ഒരാൾക്ക് പോലും കയറാൻ സ്ഥലമില്ല എന്നത് വ്യക്തമാണ്. പലർക്കും ബസ്സിന്റെ വാതിലിന്റെ ചവിട്ടുപടിയിൽ പോലും നിൽക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഇനി ബസ്സിൽ കയറാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ പെൺകുട്ടി ബസിന്റെ വിൻഡോയിലൂടെ ബസിലേക്ക് കടക്കാൻ ശ്രമിക്കുകയാണ്.
View this post on Instagram
അതും ബസ് എടുത്തശേഷം ആയിരുന്നു പെൺകുട്ടി അതുവഴി ചാടി കയറാൻ ശ്രമിച്ചത്. ഒരു കാൽ ആദ്യം ജനാല വഴി അകത്തേയ്ക്ക് ഇടുന്നത് വീഡിയോയിൽ കാണാം. ജനാലയുടെ കമ്പിയിൽ പിടിച്ച് ഉള്ളിലേക്ക് കയറാനുള്ള ശ്രമത്തിൽ പിടിവിടാതിരിക്കാൻ ചില യാത്രക്കാർ പെൺകുട്ടിയുടെ കയ്യിൽ പിടിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ പെൺകുട്ടിക്ക് പൂർണമായും ബസ്സിനകത്തേക്ക് കയറാൻ സാധിച്ചോ എന്ന് വ്യക്തല്ല. ഹരിയാനയിൽ നിന്നാണ് ഈ വീഡിയോ പുറത്തു വന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
അതേസമയം ഈ വീഡിയോയിൽ സമ്മിശ്രങ്ങളായ പ്രതികരണങ്ങളുമായാണ് ആളുകൾ രംഗത്തെത്തിയിരിക്കുന്നത്. ചിലർ പെൺകുട്ടിയെ പുകഴ്ത്തുമ്പോൾ മറ്റു ചിലർ വിമർശിക്കുകയും ചെയ്യുന്നുണ്ട്. ” ഈ പെൺകുട്ടി ആർമിയിൽ ചേരണം” എന്നായിരുന്നു വീഡിയോ കണ്ട ഒരാളുടെ കമെന്റ്. ചിലർ ആകട്ടെ ഈ പെൺകുട്ടിയുടെ സാഹസം കണ്ട് ടാർസനോട് ഉപമിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ കുറച്ചുപേർ ഇതിൽ ആശങ്ക പ്രകടിപ്പിക്കുകയും റോഡ് സുരക്ഷകളെ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
“ഇതൊരു തമാശയല്ല, ഒരു ചെറിയ അബദ്ധമാണ്, വലിയ അപകടം സംഭവിക്കുമായിരുന്നു.” എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം ഹരിയാനയിലെ ഒരു സാധാരണ ദിവസം ഇങ്ങനെ തന്നെയാണ് എന്നാണ് മറ്റൊരാൾ വീഡിയോ കണ്ട് അഭിപ്രായപ്പെടുന്നത്. എന്തായാലും ഇതിനോടകം തന്നെ വീഡിയോ നിരവധി ആളുകൾ ഷെയർ ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഇതുവരെ 1.6 ലക്ഷം ആളുകൾ ഈ വീഡിയോയ്ക്ക് ലൈക്കും ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bus, Girl, Viral video