വിവാഹച്ചടങ്ങിനിടെ വരന്‍ 31 ലക്ഷം രൂപ സ്ത്രീധനം നിരസിച്ചു; ഹൃദയം കവര്‍ന്ന് ഒരു വിവാഹ വീഡിയോ
- Published by:meera_57
- news18-malayalam
Last Updated:
നവംബര്‍ 22നായിരുന്നു 26കാരനായ അവധേഷ് സിംഗും 24കാരിയായ അദിതി സിംഗും തമ്മിലുള്ള വിവാഹം
വിവാഹത്തോട് അനുബന്ധിച്ചും വിവാഹത്തിന് ശേഷം വർഷങ്ങളോളം സ്ത്രീധനത്തിന്റെ പേരില്‍ വരനും വരന്റെ വീട്ടുകാരും വധുവിനെയും വധുവിന്റെ വീട്ടുകാരെയും ബുദ്ധിമുട്ടിലാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന നിരവധി വാര്‍ത്തകള്‍ നമ്മുടെ നാട്ടില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ത്രീധന പീഡനം സഹിക്കാന്‍ കഴിയാതെ പെണ്‍കുട്ടികള്‍ ജീവനൊടുക്കുന്ന നിരവധി വാര്‍ത്തകളും മിക്കപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
ഇപ്പോഴിതാ, ഉത്തര്‍പ്രദേശിലെ മുസാഫിര്‍നഗറില്‍ നിന്നുള്ള ഒരു വിവാഹച്ചടങ്ങിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവരുന്നത്. വധുവിന്റെ വീട്ടുകാർ നല്‍കിയ 31 ലക്ഷം രൂപ സ്ത്രീധനം വാങ്ങാന്‍ വിസമ്മതിച്ച വരനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. വധുവിന്റെ അച്ഛന്‍ കോവിഡ് 19 മൂലം വർഷങ്ങൾക്ക് മുമ്പേ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് അവരുടെ മുത്തച്ഛനാണ് ഈ പണം സമാഹരിച്ചതും വിവാഹച്ചടങ്ങിനിടെ കൈമാറിയതും
നവംബര്‍ 22നായിരുന്നു 26കാരനായ അവധേഷ് സിംഗും 24കാരിയായ അദിതി സിംഗും തമ്മിലുള്ള വിവാഹം. വടക്കേ ഇന്ത്യയില്‍ 'ഷഗുൻ' എന്ന പേരില്‍ വിവാഹച്ചടങ്ങിനിടെ സ്ത്രീധനം സ്വീകരിക്കുന്ന പരമ്പരാഗത ആചാരമുണ്ട്. എന്നാല്‍ വരന്‍ ചടങ്ങിന്റെ ഭാഗമായി ഒരു രൂപ മാത്രമാണ് 'ഷഗുൻ' ആയി സ്വീകരിച്ചത്.
advertisement
വധുവിന്റെ വീട്ടുകാര്‍ നല്‍കിയ പണം കൈകൂപ്പി നിരസിക്കുന്ന അവധേഷിനെ വൈറലായ വീഡിയോയില്‍ കാണാന്‍ കഴിയും. അദിതിയുടെ കുടുംബത്തിന് പ്രത്യേകിച്ച് അവളുടെ മുത്തച്ഛനായ സുഖ്പാല്‍ സിംഗിനെ സംബന്ധിച്ച് അത് വൈകാരികമായ നിമിഷങ്ങളാണ് നല്‍കിയത്.
കോവിഡ് 19 ബാധിച്ചാണ് അദിതിയുടെ പിതാവ് മരണമടഞ്ഞത്. ഇതിന് ശേഷം അവള്‍ തന്റെ മുത്തച്ഛനോടൊപ്പമാണ് താമസിച്ചിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തന്റെ പേരക്കുട്ടിയെ മാന്യമായ രീതിയില്‍ വിവാഹം ചെയ്ത് പറഞ്ഞയയ്ക്കുന്നതിനായി അദ്ദേഹം പണം സമാഹരിക്കുകയായിരുന്നു.
''പണം സ്വീകരിക്കേണ്ടതില്ലെന്ന് എന്റെ തീരുമാനത്തെ എന്റെ കുടുംബവും പിന്തുണച്ചു. ഞങ്ങള്‍ സ്ത്രീധനത്തിനെതിരാണ്. എന്റെ ഭാര്യയുടെ കുടുംബത്തിന് മേല്‍ യാതൊരുവിധത്തിലുള്ള സാമ്പത്തിക ബാധ്യതയും ഏല്‍പ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല,'' അവധേഷ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
advertisement
ഷാഗുണ്‍ എന്ന നിയില്‍ പ്രതീകാത്മമായി ഒരു രൂപ മാത്രമെ സ്വീകരിക്കൂവെന്ന് അദിതിയുടെ കുടുംബത്തെ വരന്റെ കുടുംബം നേരത്തെ തന്നെ അറിയിച്ചിരുന്നതായി അവധേഷിന്റെ ബന്ധു ഠാക്കൂര്‍ നരേന്ദ്ര സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
''ഇതൊക്കെയാണെങ്കിലും വധുവിന്റെ കുടുംബം 31 ലക്ഷം രൂപ കരുതി അത് വരന് കൈമാറാന്‍ ശ്രമിച്ചതിന് അവരോട് ബഹുമാനം തോന്നുന്നു. എന്നാല്‍ അവധേഷ് അവരോടുള്ള തന്റെ വാക്ക് പാലിച്ചു. അദ്ദേഹത്തെക്കുറിച്ചോര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു,'' ഠാക്കൂര്‍ പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 04, 2025 10:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാഹച്ചടങ്ങിനിടെ വരന്‍ 31 ലക്ഷം രൂപ സ്ത്രീധനം നിരസിച്ചു; ഹൃദയം കവര്‍ന്ന് ഒരു വിവാഹ വീഡിയോ


