ലോകത്തിലെ ഏറ്റവും നീളം കൂടിയ കാർ (Longest Car) എന്ന് കണക്കാക്കപ്പെടുന്ന 'ദി അമേരിക്കൻ ഡ്രീം' (The American Dream), അതിന്റെ പഴയ പ്രതാപം വീണ്ടെടുത്തിരിക്കുകയാണ്. 30.54 മീറ്റർ നീളവുമായി ഈ കാർ അടുത്തിടെ ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ (Guinness World Records) ഇടം നേടിയിരുന്നു. ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് അതിന്റെ വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ സൈറ്റുകളിലും കാറിന്റെ വലുപ്പം വെളിപ്പെടുത്തുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഗിന്നസ് വേൾഡ് റെക്കോർഡ്സ് അനുസരിച്ച്, 1986 ൽ കാലിഫോർണിയയിലെ ബർബാങ്കിൽ കസ്റ്റമൈസർ ആയ ജെയ് ഓർബെർഗ് ആണ് ഈ കാർ ആദ്യം നിർമ്മിച്ചത്. മുൻ വർഷങ്ങളിൽ, 60 അടിയായിരുന്നു കാറിന്റെ നീളം. ഇതിന് 26 ചക്രങ്ങൾ ഉണ്ട്. മുന്നിലും പിന്നിലും സ്ഥാപിച്ചിട്ടുള്ള ഒരു ജോടി വി8 എഞ്ചിനുകളിലാണ് ഇത് പ്രവർത്തിക്കുന്നത്. കുറച്ച് അധികം മാറ്റങ്ങൾ വരുത്തിയതിന് ശേഷം, ഇപ്പോൾ കാർ 30.5 മീറ്റർ കൂടി നീട്ടിയിരിക്കുകയാണ്. ഉദാഹരണത്തിന് ആറ് ഹോണ്ട സിറ്റി സെഡാനുകൾ നിരത്തിയിട്ടതിനേക്കാൾ നീളം വരും ഈ കാറിന്.
1976ലെ കാഡിലാക് എൽഡൊറാഡോ ലിമോസിനുകളെ അടിസ്ഥാനമാക്കിയുള്ളതാണ് "ദി അമേരിക്കൻ ഡ്രീം", രണ്ടറ്റത്തുനിന്നും ഓടിക്കാൻ കഴിയുമെന്ന ഗിന്നസ് വേൾഡ് റെക്കോർഡും ഈ കാർ കരസ്ഥമാക്കിയിട്ടുണ്ട്. രണ്ട് ഭാഗങ്ങളായി നിർമ്മിച്ച് ഇടുങ്ങിയ കോണുകളിൽ തിരിയുന്നതിനായി ഒരു വിജാഗിരി ഉപയോഗിച്ച് മധ്യഭാഗത്ത് യോജിപ്പിച്ചിരിക്കുകയാണ്.
നീളത്തിൽ മാത്രമല്ല ആഢംബരത്തിലും ഏറെ മുന്നിലാണ് ഈ കാർ. ഒരു വലിയ വാട്ടർബെഡ്, ഡൈവിംഗ് ബോർഡുള്ള ഒരു നീന്തൽക്കുളം, ഒരു ജാക്കൂസി, ഒരു ബാത്ത് ടബ്, ഒരു മിനി ഗോൾഫ് കോഴ്സ്, ഹെലിപാഡ് എന്നിവയും കാറിന്റെ പ്രത്യേകതകളാണ്. “ഹെലിപാഡ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത് സ്റ്റീൽ ബ്രാക്കറ്റുകളോടെയാണ്, കൂടാതെ അയ്യായിരം പൗണ്ട് വരെ വഹിക്കാനും ഇതിന് കഴിയും,” ദി അമേരിക്കൻ ഡ്രീം പുതുക്കി പണിയുന്നതിൽ ഏർപ്പെട്ടിരുന്ന മൈക്കൽ മാനിങ് ഗിന്നസ് വേൾഡ് റെക്കോർഡിനോട് പറഞ്ഞു.
റഫ്രിജറേറ്ററുകളും ടെലിഫോണുകളും നിരവധി ടിവി സെറ്റുകളും ഉള്ള ഈ കാറിൽ ഒരേസമയം 75ലധികം പേർക്ക് ഇരിക്കാനാകും. തുടക്ക കാലങ്ങളിൽ, കാർ നിരവധി സിനിമകളിൽ പ്രത്യക്ഷപ്പെടുകയും പലരും വാടകയ്ക്ക് എടുക്കുകയും ചെയ്തിരുന്നു. എന്നാൽ അതിന്റെ ചെലവും പാർക്കിങ് പ്രശ്നങ്ങളും കാരണം, ആളുകൾക്ക് കാറിനോടുള്ള താൽപ്പര്യം നഷ്ടപ്പെട്ടു. ഇബെയിൽ ഇത് വാങ്ങിയതിന് ശേഷമാണ് മാനിങ് പുനരുദ്ധാരണ പദ്ധതി ഏറ്റെടുത്തത്.
Also Read-Honda കാറുകൾക്ക് 35,956 രൂപ വരെ വിലക്കിഴിവ്; മാർച്ച് അവസാനം വരെ മാത്രം; വിശദാംശങ്ങൾ അറിയാംഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം, ഷിപ്പിംഗ്, സാമഗ്രികൾ, തൊഴിലാളികളുടെ ചെലവ് എന്നിവ ഉൾപ്പടെ കാർ പുതുക്കി പണിയുന്നതിന് 250,000 ഡോളറോളം ചെലവ് വന്നിട്ടുണ്ട്. കാറിന്റെ നിർമ്മാണം പൂർത്തിയാക്കാൻ മൂന്ന് വർഷമെടുത്തു. എന്നാൽ കാർ റോഡിലിറങ്ങില്ല. ഡെസർലാൻഡ് പാർക്ക് കാർ മ്യൂസിയത്തിന്റെ വിശിഷ്ടമായ ക്ലാസിക് കാറുകളുടെ ശേഖരത്തിൽ ആയിരിക്കും അമേരിക്കൻ ഡ്രീമിന്റെ ഇനിയുള്ള സ്ഥാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.