ഇന്ധനവില വർധനവിനിടെ, ബാറ്ററി ഉപയോഗിച്ചു പ്രവർത്തിക്കുന്ന 'വ്യോം' ട്രാക്ടർ (Vyom tractor) കണ്ടുപിടിച്ച് ഗുജറാത്തിലെ ഒരു യുവകർഷകൻ. ജാംനഗർ ജില്ലയിലെ കലവാഡ് താലൂക്കിലെ പിപ്പർ ഗ്രാമത്തിലുള്ള മഹേഷ്ഭായ് ഭൂത് (34) (Maheshbhai Bhoot) ആണ് ഈ കണ്ടുപിടിത്തത്തിനു പിന്നിൽ.
പിതാവ് കേശുഭായ് ഭൂട്ടുമായി സഹകരിച്ചാണ് മഹേഷ് കൃഷി ചെയ്യുന്നത്. TYBcom-ൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം ഇ-റിക്ഷാ കോഴ്‌സിൽ സർക്കാർ അംഗീകൃത ഐഎസ്ഒ സർട്ടിഫിക്കറ്റും നേടിയിട്ടുണ്ട്.
22 എച്ച്പി കരുത്തുള്ളതാണ് മഹേഷ് ഭായ് നിർമിച്ച ഈ ട്രാക്ടർ. 72 വാട്ട് ലിഥിയം ബാറ്ററിയാണ് ഇതിലുള്ളത്. ഉയർന്ന ഗുണനിലവാരമുള്ള ഈ ബാറ്ററി ഇടയ്ക്കിടെ മാറ്റേണ്ടതില്ല. 4 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണ്ണമായും ചാർജ് ചെയ്യാം. ഒറ്റത്തവണ ചാർജ് ചെയ്താൽ 10 മണിക്കൂർ തുടർച്ചയായി പ്രവർത്തിപ്പിക്കാനുമാകും. കർഷകന്റെ മൊബൈൽ ഫോണുമായി ബന്ധിപ്പിക്കാൻ കഴിയുമെന്നതാണ് ഈ ട്രാക്ടറിന്റെ മറ്റൊരു പ്രത്യേകത. മൊബൈൽ ഫോൺ വഴി ട്രാക്ടറിന്റെ വേഗതയും നിയന്ത്രിക്കാനാകും.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ ട്രാക്ടർ മലിനീകരണ പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല. കൂടാതെ ട്രാക്ടറിൽ വെള്ളത്തിനായി ട്രാക്ടറിൽ ഒരു മോട്ടോറും സ്ഥാപിച്ചിട്ടുണ്ട്.
ഇന്ധനവില വർധിച്ചു വരുന്നതിനിടെ പെട്രോൾ വാഹനങ്ങൾക്കുള്ള ഒരു ബദൽ മാർഗമായി ഇലക്ട്രോണിക് സൈക്കിൾ കണ്ടുപിടിച്ച ഒരു യുവാവിനെക്കുറിച്ചുള്ള വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു.
ആസാം സ്വദേശിയായ സാമ്രാട്ട് നാഥ് എന്ന യുവാവായിരുന്നു ഈ കണ്ടുപിടിത്തത്തിനു പിന്നിൽ. ഒറ്റ ചാര്‍ജ്ജില്‍ 60 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നതാണ് സൈക്കിളിന്റെ ഒരു പ്രത്യേകത. മാത്രമല്ല, ഈ സൈക്കിള്‍ അങ്ങനെ എളുപ്പത്തില്‍ ആര്‍ക്കും മോഷ്ടിച്ചുകൊണ്ടുപോകാനും കഴിയില്ല. അതിനുള്ള ആധുനിക സെന്‍സറുകളും ട്രാക്കിംഗ് സാങ്കേതിക വിദ്യകളുമെല്ലാം സാമ്രാട്ട് നാഥ് സൈക്കിളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
അസ്സാമിലെ കരിംഗഞ്ച് ജില്ലക്കാരനാണ് സാമ്രാട്ട്. ഉപയോഗിച്ചു കഴിഞ്ഞ ലാപ്‌ടോപ്പുകളില്‍ നിന്ന് റീസൈക്കിള്‍ ചെയ്ത ലിഥിയം- അയണ്‍ ബാറ്ററികളാണ് സൈക്കിളിന് ഊര്‍ജം നല്‍കുന്നത്.
സൈക്കിളിനെ ഇലക്ട്രിക് ബൈക്കാക്കി മാറ്റിയ സംഭവവും വലിയ വാര്‍ത്തയായിരുന്നു. ബൈക്ക് ഓടുമ്പോള്‍ തനിയെ ചാര്‍ജാകും എന്നതാണ് ഈ ബൈക്കിന്റെ മറ്റൊരു പ്രത്യേകത. തമിഴ്നാട്ടിലെ മധുര ജില്ലയിലെ അമേരിക്കന്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ ധനുഷ് കുമാര്‍ ആണ് സ്‌കൂള്‍ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ സൈക്കിളിനെ ഇലക്ട്രിക് ബൈക്കാക്കി മാറ്റിയത്. ഒറ്റ ചാര്‍ജില്‍ 40 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഈ ഇ-ബൈക്കിന് കഴിയുമെന്നും യാത്രയ്ക്കിടെ 20 കിലോമീറ്റര്‍ ഓട്ടോമാറ്റിക്കായി ചാര്‍ജ് ചെയ്യുമെന്നും ധനുഷ് കുമാര്‍ അവകാശപ്പെടുന്നു.നേരത്തെ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബൈക്കും ധനുഷ് വികസിപ്പിച്ചിരുന്നു.
ഇന്ധനവില പ്രതിദിനം വർധിച്ചു വരുന്നതിനിടെ ഇലക്ട്രിക് വാഹനങ്ങളെ ആശ്രയിച്ചു തുടങ്ങിയിരിക്കുകയാണ് പലരും. സ്‌കൂട്ടറുകളിലും കാറുകളിലും മാത്രമല്ല ഈ മാറ്റങ്ങള്‍. ഇ- റിക്ഷകളും ഇ - ബസുകളുമെല്ലാം ഇന്ന് നിരത്തിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.