ഓട്ടോയില്‍ നഷ്ടപ്പെട്ട ഫോണ്‍ യുപിഐ കൊണ്ട് എങ്ങനെ തിരിച്ചെടുക്കാം?
- Published by:Sarika N
- news18-malayalam
Last Updated:
ഭാര്യയുടെ നഷ്ടപ്പെട്ട ഫോണ്‍ വീണ്ടെടുക്കാന്‍ യുപിഐ സഹായിച്ചത് എങ്ങനെയാണെന്നാണ് ഒരു പോസ്റ്റില്‍ വിവരിക്കുന്നത്
ഇന്ത്യയുടെ ഡിജിറ്റല്‍ മുന്നേറ്റത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന സാങ്കേതിക പ്ലാറ്റ്‌ഫോമായി യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) മാറിക്കഴിഞ്ഞു. രാജ്യത്തുടനീളം നടക്കുന്ന റീട്ടെയില്‍ പണമിടപാടുകളില്‍ 80 ശതമാനത്തോളം ഇന്ന് നടക്കുന്നത് യുപിഐ വഴിയാണ്. എന്നാല്‍ പണമിടപാടുകള്‍ക്കപ്പുറം യുപിഐ എങ്ങനെയാണ് സഹായകമാകുന്നതെന്ന് കാണിക്കുകയാണ് ഒരു വൈറല്‍ റെഡ്ഡിറ്റ് പോസ്റ്റ്.
ഭാര്യയുടെ നഷ്ടപ്പെട്ട ഫോണ്‍ വീണ്ടെടുക്കാന്‍ യുപിഐ സഹായിച്ചത് എങ്ങനെയാണെന്നാണ് യുവാവ് പോസ്റ്റില്‍ വിവരിക്കുന്നു. നഷ്ടപ്പെട്ട ഫോണ്‍ ഭാര്യയ്ക്ക് തിരികെ ലഭിക്കാന്‍ സഹായിച്ചത് യുപിഐ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്. സംഭവത്തെ അദ്ഭുതം എന്നാണ് യുവാവ് വിശേഷിപ്പിപ്പിച്ചിട്ടുള്ളത്. ബാറ്ററി ഓട്ടോറിക്ഷയില്‍ ഭാര്യ ഫോണ്‍ മറന്നുവെക്കുകയായിരുന്നുവെന്നും ദയാലുവായ ഓട്ടോറിക്ഷാ ഡ്രൈവറും യുപിഐയും ഫോണ്‍ തിരിച്ചുകിട്ടാന്‍ സഹായിച്ചുവെന്നും പോസ്റ്റില്‍ അദ്ദേഹം പറയുന്നു.
"ഒരു ഓട്ടോയില്‍ കയറി യാത്ര ചെയ്തതിനുശേഷം കുറച്ചുകഴിഞ്ഞപ്പോഴാണ് തന്റെ ഫോണ്‍ നഷ്ടപ്പെട്ടതായി ഭാര്യയ്ക്ക് മനസ്സിലായത്. ഫോണില്‍ ഇതുവരെ സിം ഇന്‍സ്റ്റാള്‍ ചെയ്തിരുന്നില്ല. അതുകൊണ്ട് അതിലേക്ക് വിളിച്ചുനോക്കാനും സാധിക്കുമായിരുന്നില്ല. ആദ്യം ആരെങ്കിലും ഫോണ്‍ മോഷ്ടിച്ചതായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് ഫോണ്‍ റിക്ഷയില്‍ മറന്നുവെച്ചതായിരിക്കാനാണ് സാധ്യതയെന്ന് മനസ്സിലാക്കി", യുവാവ് റെഡ്ഡിറ്റില്‍ കുറിച്ചു.
advertisement
ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യുപിഐ വഴിയാണ് ഓട്ടോക്കൂലി നല്‍കിയിരുന്നത്. അതുകൊണ്ട് പേയ്‌മെന്റ് ഡീറ്റെയില്‍സ് നോക്കി ഓട്ടോക്കാരനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും യുപിഐ ഐഡി മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളു. ഇതോടെ ഫോണ്‍ പോയി എന്ന വസ്തുത ഉള്‍ക്കൊള്ളാന്‍ ദമ്പതികള്‍ തയ്യാറായി.
കുറച്ചുകഴിഞ്ഞ് വീട്ടിലേക്ക് തിരിക്കാന്‍ ഒരുങ്ങുന്നതിനിടയില്‍ തന്റെ എക്കൗണ്ടിലേക്ക് ഒരു രൂപ ക്രെഡിറ്റ് ആയെന്ന മെസേജ് വന്നുവെന്നും ഓട്ടോഡ്രൈവര്‍ തന്നെ ബന്ധപ്പെടാന്‍ യുപിഐ വഴി ശ്രമിക്കുകയായിരുന്നുവെന്നും യുവാവ് പറയുന്നു. യുപിഐ ആപ്പ് വഴി തന്നെ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഫോണ്‍ നമ്പറും അദ്ദേഹം മെസേജ് ചെയ്തു. തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ലെന്ന് യുവാവ് പറയുന്നു.
advertisement
ഓട്ടോഡ്രൈവറെ ഉടന്‍ തന്നെ തിരിച്ചുവിളിച്ചുവെന്നും അയാള്‍ തന്റെ വിളി കാത്തിരിക്കുകയായിരുന്നുവെന്നും യുവാവ് കുറിച്ചു. പിന്നീട് അവര്‍ നിന്ന സ്ഥലത്തേക്ക് ഓട്ടോഡ്രൈവര്‍ എത്തുകയും ഫോണ്‍ കൈമാറുകയും ചെയ്തു. യുപിഐ വഴി ഓട്ടോയ്ക്ക് പണം നല്‍കിയതുകൊണ്ട് മാത്രമാണ് ഫോണ്‍ തിരിച്ചുപിടിക്കാനായതെന്ന് യുവാവ് പറഞ്ഞു. നേരിട്ടാണ് പണം നല്‍കിയിരുന്നതെങ്കില്‍ ഒരിക്കലും ഇത് സംഭവിക്കുമായിരുന്നില്ലെന്നും അയാള്‍ വിശദമാക്കി.
ഫോണ്‍ തിരികെ ലഭിച്ചതിനും ഓട്ടോഡ്രൈവറുടെ സത്യസന്ധതയ്ക്കും അവര്‍ കുറച്ചു പണം പ്രതിഫലം നല്‍കുകയും ചെയ്തു.
യുപിഐ അനുഭവം പങ്കുവെച്ചുകൊണ്ടുള്ള യുവാവിന്റെ പോസ്റ്റ് പെട്ടെന്ന് വൈറലായി. സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ ഒരു വിഭാഗം സമാനമായ അനുഭവങ്ങള്‍ പങ്കിട്ടു. ചിലര്‍ ഓട്ടോ ഡ്രൈവറെ പ്രശംസിച്ചു. കൈയ്യില്‍ എപ്പോഴും പണം കൊണ്ടുനടക്കേണ്ട ആവശ്യമില്ലാത്തതും ഉപയോഗിക്കാനുള്ള എളുപ്പവും കാരണം പ്രിയപ്പെട്ട പേയ്‌മെന്റ് സംവിധാനമായി യുപിഐ മാറിക്കഴിഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 24, 2025 9:41 AM IST