യു എ യിൽ വമ്പൻ വിവാഹത്തിന് 200 കോടി; ബോളിവുഡ് താരങ്ങളും പ്രൈവറ്റ് ജെറ്റുകളും; ഇ.ഡി അന്വേഷണത്തിന്റെ ചൂണ്ടു വിരൽ ആർക്കു നേരെ ?
- Published by:Sarika KP
- news18-malayalam
Last Updated:
ഇ.ഡി അന്വേഷണത്തിന്റെ ചൂണ്ടു വിരൽ ആർക്കു നേരെ ?
യുഎഇയിലെ റാസല്‍ഖൈമയില്‍ വച്ചു നടന്ന തന്റെ ആഡംബര വിവാഹത്തിന് മഹാദേവ് ഓണ്‍ലൈൻ ബുക്ക് ബെറ്റിങ് ആപ്പിന്റെ മുഖ്യ പ്രമോട്ടർമാരിൽ ഒരാളായ സൗരഭ് ചന്ദ്രകർ 200 കോടി രൂപ ചെലവഴിച്ചെന്ന് ഇഡിയുടെ കണ്ടെത്തൽ. കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു വിവാഹം. നാഗ്പൂരിൽ നിന്ന് കുടുംബാംഗങ്ങൾക്ക് യുഎഇയിലേക്ക് വരാനായി ഇയാൾ സ്വകാര്യ ജെറ്റുകൾ വാടകയ്‌ക്കെടുക്കുകയും വിവാഹത്തിൽ പങ്കെടുക്കാൻ സിനിമാ മേഖലയിലെ സെലിബ്രിറ്റികൾക്കടക്കം പണം നൽകിയതായും അന്വേഷണത്തിൽ വ്യക്തമായി. വിവാഹത്തിനായി വെഡ്ഡിങ് പ്ലാനേഴ്‌സ്, നര്‍ത്തകര്‍, അലങ്കാരപ്പണിക്കാര്‍ തുടങ്ങിയവരെ മുംബൈയിൽ നിന്ന് ഏർപ്പാടാക്കുകയും ഹവാല ഇടപാടിലൂടെ പണം കൈമാറുകയും ചെയ്തിരുന്നു.
സെലിബ്രിറ്റികളായ വിശാൽ ദദ്‌ലാനി, അതിഫ് അസ്ലം, രഹത് ഫത്തേ അലി ഖാൻ, നഷ്രത്ത് ബറൂച്ച, കൃതി ഖർബന്ദ, ഭാരതി സിംഗ്, കൃഷ്ണ അഭിഷേക് എന്നിവരോടൊപ്പം ബോളിവുഡ് താരങ്ങളായ ടൈഗർ ഷിറോഫ്, സണ്ണി ലിയോണി എന്നിവരും വിവാഹത്തിൽ പങ്കെടുത്തതായി ഇന്ത്യ ടുഡേ റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേസമയം നേരത്തെ മഹാദേവ് ഓൺലൈൻ ബുക്ക് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട ഓൺലൈൻ കള്ളപ്പണം വെളുപ്പിക്കൽ ശൃംഖലയുടെ കൂടുതൽ വിവരങ്ങളും അന്വേഷണ ഏജൻസി പുറത്തുവിട്ടിരുന്നു. മഹാദേവ് ആപ്ലിക്കേഷൻ വഴി ആളുകൾക്ക് അനധികൃത വെബ്സൈറ്റുകളിലൂടെ ചൂതാട്ടത്തിനുള്ള അവസരം ഒരുക്കുകയും ഇതിലൂടെ ലഭിക്കുന്ന പണം ബിനാമി ബാങ്ക് അക്കൗണ്ടുകളിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഛത്തീസ്ഗഡിലെ ഭിലായ് സ്വദേശികളാണ് മഹാദേവ് ആപ്പിന്റെ ഉടമസ്ഥരായ ചന്ദ്രാകറും രവി ഉപ്പലും. ഈ ആപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവർത്തനങ്ങളും ഇവർ നിയന്ത്രിച്ചിരുന്നത് ദുബായിൽ നിന്നായിരുന്നു എന്നും ഇഡി പറഞ്ഞു.
advertisement
കൂടാതെ അനധികൃത ഓൺലൈൻ ചൂതാട്ട കേസുമായി ബന്ധപ്പെട്ട് റായ്പൂർ, ഭോപ്പാൽ, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ 39 സ്ഥലങ്ങളിൽ നിന്ന് 417 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടുകെട്ടുകയും ചെയ്തു. ഇതിനെ തുടർന്ന് നിലവിൽ വിദേശത്തും ഇഡി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസിലെ പ്രതികൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽ) പ്രകാരം കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചു.
ED has conducted searches against the money laundering networks linked with Mahadev APP in cities like Kolkata, Bhopal, Mumbai etc and retrieved large amount of incriminating evidences and has frozen/seized proceeds of crime worth Rs 417 Crore. pic.twitter.com/GXHWCmKOuY
— ED (@dir_ed) September 15, 2023
advertisement
അതേസമയം കഴിഞ്ഞമാസം ഇതുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡിൽ നടത്തിയ അന്വേഷണത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് അടക്കം സംഘം കൈക്കൂലി വാഗ്ദാനം ചെയ്തതായി കണ്ടെത്തി. ഇതിൽ വാതുവയ്പ്പ് സംഘത്തിലെ പ്രതികളിൽ ഒരാളുടെ ബന്ധു ഉൾപ്പെടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ വാതുവയ്പ്പിലൂടെ ലഭിക്കുന്ന പണം ഓഫ്-ഷോർ അക്കൗണ്ടുകളിലേക്ക് മാറ്റി വലിയ തോതിലുള്ള ഹവാല ഇടപാടുകളാണ് സംഘം നടത്തിയിരുന്നത്.
ഇഡി കണ്ടുകെട്ടിയ അനധികൃത പണം ഉപയോഗിച്ച് യോഗേഷ് പോപ്പാട്ടിന്റെ ഇവന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് 112 കോടി രൂപ ഹവാല ചാനൽ വഴി കൈമാറിയെന്നും 42 കോടി രൂപ ചെലവ് വരുന്ന ഹോട്ടൽ ബുക്കിംഗുകൾ ഈ പണം ഉപയോഗിച്ച് നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അതോടൊപ്പം ധീരജ് അഹൂജയുടെയും വിശാൽ അഹൂജയുടെയും ഉടമസ്ഥതയിലുള്ള ഭോപ്പാലിലെ റാപ്പിഡ് ട്രാവൽസിലും ഇഡി പരിശോധന നടത്തി. കാരണം മഹാദേവ് ആപ്പ് പ്രൊമോട്ടർമാർ, കുടുംബാഗങ്ങൾ , ബിസിനസ്സ് അസോസിയേറ്റ്‌സ്, സെലിബ്രിറ്റികൾ എന്നിവരുടെ മുഴുവൻ ടിക്കറ്റിംഗ് പ്രവർത്തനങ്ങളുടെയും ഉത്തരവാദിത്തവും ഏറ്റെടുത്തിരുന്നത് ഈ സ്ഥാപനമായിരുന്നു.
അതേസമയം മഹാദേവ് ഓൺലൈൻ ബുക്കിംഗ് ആപ്പിന്റെ കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട മറ്റ് ഉന്നതരെയും ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഇഡി കൂട്ടിച്ചേർത്തു. അന്വേഷണത്തിൽ കൊൽക്കത്ത ആസ്ഥാനമായുള്ള വികാഷ് ഛപാരിയയാണ് മഹാദേവ് ആപ്പിന്റെ ഹവാല പണം ഇടപാടുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നതെന്ന് കണ്ടെത്തി. ഇതിനെ തുടർന്ന് ഇയാളുടെ കൂട്ടാളിയായ ഗോവിന്ദ് കേഡിയയുടെ സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ 18 ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസികളും 13 കോടി രൂപ വിലമതിക്കുന്ന സ്വർണവും മറ്റ് ആഭരണങ്ങളും ഇയാളിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 20, 2023 12:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
യു എ യിൽ വമ്പൻ വിവാഹത്തിന് 200 കോടി; ബോളിവുഡ് താരങ്ങളും പ്രൈവറ്റ് ജെറ്റുകളും; ഇ.ഡി അന്വേഷണത്തിന്റെ ചൂണ്ടു വിരൽ ആർക്കു നേരെ ?