• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഫേസ്ബുക്കിൽ പോരടിച്ച് ജലീലും അബ്ദുറബ്ബും; പരസ്പരം പരിഹാസ പോസ്റ്റുകൾ; ആഘോഷമാക്കി അണികൾ

ഫേസ്ബുക്കിൽ പോരടിച്ച് ജലീലും അബ്ദുറബ്ബും; പരസ്പരം പരിഹാസ പോസ്റ്റുകൾ; ആഘോഷമാക്കി അണികൾ

സാദിഖലി തങ്ങളുടെ വാക്കുകൾ ഉദ്ധരിച്ച് ജലീൽ തുടങ്ങിവച്ചു ജലീലിനെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും ചേർത്ത് അബ്ദു റബ്ബിൻ്റെ പരിഹാസം നിറഞ്ഞ വിശദമായ മറുപടി 

പികെ അബ്ദുറബ്ബ്, കെ ടി ജലീൽ

പികെ അബ്ദുറബ്ബ്, കെ ടി ജലീൽ

  • Share this:

    രണ്ട് ദിവസമായി ഫേസ്ബുക്കിൽ പൊരിഞ്ഞ പോരാട്ടമാണ് മുൻ മന്ത്രിമാരായ കെ ടി ജലീലും പി കെ അബ്ദുറബ്ബും തമ്മിൽ. പ്രവാസി കേരളാ സഭ വിവാദത്തിൽ സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവന ഉദ്ധരിച്ച് കെ ടി ജലീൽ നടത്തിയ ഫേസ്ബുക് പോസ്റ്റ് ആണ് പോരാട്ടത്തിന് തുടക്കമിട്ടത്.. ആ പോസ്റ്റ് ഇങ്ങനെ.

    “ആർക്കെങ്കിലും വിൽക്കാനും വിലക്കെടുക്കാനും മുസ്ലിംലീഗ് വാണിയങ്കുളം ചന്തയിലെ നാൽക്കാലിയല്ലെന്നാണ് സാദിഖലി തങ്ങൾ പറഞ്ഞതിൻ്റെ പച്ച മലയാളത്തിലുള്ള അർത്ഥം. 🤣🤣
    അത് ചെലര്ക്ക് തിരിം. ചെലര്ക്ക് തിരീല.😂😂 ”

    ഇതിന് മറുപടിയായി പികെ അബ്ദു റബ്ബ് വക വന്നു മറ്റൊരു ഫേസ്ബുക് പോസ്റ്റ്. അതും ജലീലിൻ്റെ പോസ്റ്റിൻ്റെ സ്‌ക്രീൻഷോട്ട് സഹിതം. അത് ഇപ്രകാരം
    “കയറിക്കിടക്കാൻ കൂടു പോലുമില്ലാതെ, അങ്ങാടികളിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന, തെരുവുകളിലൊട്ടിച്ച നോട്ടീസുകളിലെ മൈദ പശക്കു വേണ്ടിപോലും കടിപിടികൂടുന്ന ചില വളർത്തുമൃഗങ്ങളുമുണ്ട്…!അവയെയോർത്ത് സഹതാപം മാത്രം.
    ചെലോൽക്ക് തിരിം, ചെലോൽക്ക് തിരീല.”

    മുസ്ലിം ലീഗ് പ്രവർത്തകർ ജലീലിനെതിരെ പരിഹാസത്തോടെ മുദ്രാവാക്യം വിളിക്കുന്നത് ഓർമിപ്പിക്കുക ആയിരുന്നു പികെ അബ്ദുറബ്. ഇതിന് മറുപടിയായി ഒരല്പം ചരിത്രം ഓർമിപ്പിച്ച് ആണ് ജലീൽ വിശദീകരണം കുറിച്ചത്…

    ” ഇങ്ങള് പണ്ടേ തിര്യാത്ത കൂട്ടത്തിലാ. അതുകൊണ്ടാണല്ലോ ‘ഗംഗ’ എന്ന് പേരിട്ട ഒദ്യോഗിക വസതിയിൽ താമസിച്ചാൽ ഇസ്ലാമീന്ന് പൊറത്താകൂന്ന് കരുതി വീടിൻ്റെ പേര് മാറ്റിയത്.
    തലയിൽ ആൾതാമസമില്ലാത്ത ഇരുകാലികൾക്ക് കേറിക്കിടക്കാൻ ഒരു കൂടുണ്ടായിട്ട് എന്താ കാര്യം? ”

    പണ്ട്  റബ്ബ് മന്ത്രിയായപ്പോൾ ഔദ്യോഗിക വസതിയുടെ  പേര്  മാറ്റിയ സംഭവം ഓർമിപ്പിച്ച് ആയിരുന്നു ജലീലിൻ്റെ പരിഹാസം.. വൈകിയില്ല റബ്ബ് വക വന്നു അടുത്ത പോസ്റ്റ്. അത് അല്പം ഗൗരവത്തിൽ, കുറച്ചധികം നീളത്തിൽ വിശദമായി തന്നെ ഉള്ളത് ആണ്. ആ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ.

    “ഗംഗയെന്നോ, ഗ്രെയ്സെന്നോ,വീട്ടിൻ്റെ പേരെന്തുമാവട്ടെ…!
    ആ വീട്ടിൽ നിന്നും അർധരാത്രികളിൽആരോപണ വിധേയരായ സ്ത്രീകൾക്ക്വാട്ട്സപ്പ് മെസേജുകൾ പോയിട്ടില്ല.
    മണിക്കൂറുകൾ ഫോണിൽ അവരുമായി സംസാരിച്ചിട്ടുമില്ല.
    തലയിൽ മുണ്ടിട്ട് ഇ.ഡിയെ കാണാനും പോയിട്ടില്ല.
    ലോകായുക്ത കണ്ണുരുട്ടിയപ്പോൾ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നിട്ടുമില്ല.
    യുവത്വ കാലത്ത് പാതിരാത്രികളിൽ’ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’എന്നു പോസ്റ്ററൊട്ടിക്കാനും പോയിട്ടില്ല.
    കേരളയാത്രക്കാലത്ത് നടുറോഡിൽവെച്ച് പിണറായിക്കു വേണ്ടി രണ്ട്റകഅത്ത് സുന്നത്ത് നമസ്കാരവും നടത്തിയിട്ടില്ല.
    എക്സ്പ്രസ് ഹൈവേ നാട്ടിലെസമ്പന്നർക്കു വേണ്ടിയാണെന്ന് പറഞ്ഞ്ഖുർആനും, ഹദീസുമോതി അതിനെതിരെ പ്രസംഗിച്ചിട്ടില്ല.
    ആകാശത്തുകൂടെ വിമാനം പോകാൻമഹല്ലു കമ്മിറ്റിയുടെ അനുമതി വേണോഎന്നു പണ്ഡിത ശ്രേഷ്ഠൻമാരോട് തർക്കിച്ചിട്ടില്ല.
    AKG യും, EMS ഉം സ്വർഗ്ഗത്തിലല്ലെങ്കിൽആ സ്വർഗ്ഗത്തിലേക്ക് ഞാനില്ലെന്നവാശിയും എനിക്കില്ല…!
    അഞ്ചു തവണ നിയമസഭാംഗമായെങ്കിലുംനിയമസഭക്കകത്ത് കയറി ഞാൻ ഗുണ്ടായിസം കളിച്ചിട്ടില്ല.
    ഞാനാരുടെയും കൊച്ചാപ്പയുമല്ല. ”

    റബ്ബിൻ്റെ പോസ്റ്റ് ആഘോഷമാക്കിക്കഴിഞ്ഞു ലീഗിന്റെ  സൈബർ പോരാളികൾ. പോസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു മണിക്കൂർ പോലും തികയും മുൻപ് രണ്ടായിരത്തിലധികം ഷെയറുകൾ, 4000 ത്തിൽ അധികം കമൻ്റുകൾ, 15000 ലധികം റിയാക്ഷനുകൾ… റബ്ബിൻ്റെ പോസ്റ്റ് ഇപ്പൊൾ അക്ഷരാർത്ഥത്തിൽ ആറാടുക ആണ്…

    ഏറെ വൈകാതെ ജലീൽ ഫേസ്ബുക്കിലൂടെ തന്നെ റബ്ബിന് ചുട്ട മറുപടി ഇട്ടു..

    റബ്ബാണ് റബ്ബേ റബ്ബ്!

    ഗംഗയിൽ നിന്ന് പോയ മെസ്സേജുകൾ വിശുദ്ധ ഖുർആനും റംസാൻ കിറ്റുകളും വിതരണം ചെയ്യാൻ സഹായം തേടിയതിനുള്ള മറുപടികളായിരുന്നു റബ്ബേ!

    അല്ലാതെ ആരുടെയും ശരീര ലാവണ്യം വർണ്ണിച്ചുള്ള കവിതകളായിരുന്നില്ല റബ്ബേ!

    ഗംഗയിൽ നിന്ന് ഒഴുകിയ സന്ദേശങ്ങളിൽ ഒരു “ലൗ” ചിഹ്നം പോലും ഉണ്ടായിരുന്നില്ലെന്ന് സാക്ഷാൽ റബ്ബിനറിയാം റബ്ബേ!

    “തലയിൽ മുണ്ടിട്ട്” ചെന്നയാളെ തലങ്ങും വിലങ്ങും ചോദ്യശരങ്ങൾ ഉയർത്തി അമ്പെയ്ത് വീഴ്ത്താൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഇ.ഡി തോറ്റ് പിൻമാറിയില്ലേ റബ്ബേ!

    തൻ്റെ ഉറ്റ ബന്ധു അഭയ കേസിലെ ഒന്നാം പ്രതി ഫാദർ കോട്ടൂരിനെ രക്ഷിക്കാൻ ലോകായുക്താ പദവി ദുരുപയോഗം ചെയ്ത സിറിയക് ജോസഫിനെ ഉപയോഗിച്ച് ലീഗ് നടത്തിയ കള്ളക്കളിയിൽ ചതിച്ച് വീഴ്ത്താൻ ശ്രമിച്ചിട്ടും ജനകീയ കോടതിയിൽ ജയിച്ചു വന്നില്ലേ റബ്ബേ!

    കള്ളച്ചൂതിന് ഒരുമ്പെട്ട ‘യുവസിങ്കം’ താനൂർ കടപ്പുറത്ത് തോറ്റ് മലച്ച് കിടക്കുന്നത് കണ്ടില്ലേ റബ്ബേ!

    ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന വർഗീയ മുദ്രാവാക്യം മുഴക്കിയ സിമിയിൽ നിന്ന് നേർബുദ്ധി തോന്നിയപ്പോൾ പുറത്ത് ചാടി മുസ്ലിംയൂത്ത് ലീഗിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായത് മറന്നു പോയോ റബ്ബേ!

    അതേ സിമിയുടെ നേതാവായ സമദാനി ലീഗിൻ്റെ മലപ്പുറത്തെ എം.പിയാണെന്ന കാര്യം ഓർമ്മയില്ലേ റബ്ബേ!

    എക്സ്പ്രസ് ഹൈവേയുടെ പേരിൽ കുടിയിറക്കപ്പെടുന്നവരുടെ പുനരധിവാസത്തെക്കുറിച്ച് ഒരക്ഷരം പറയാതെ, സ്വന്തക്കാർക്കും ബന്ധുക്കൾക്കും റിയൽ എസ്റ്റേറ്റ് ബിസിനസ്സിന് അവസരമൊരുക്കി, UDF ഒളിച്ചു കളി നടത്തിയപ്പോൾ അതിനെയല്ലേ ശക്തിയുക്തം എതിർത്തത് റബ്ബേ!

    ഇഹലോകത്ത് നൻമ ചെയ്യുന്ന എല്ലാവർക്കുമാണ് സ്വർഗ്ഗമെന്ന് പ്രഖ്യാപിച്ച പ്രവാചക സന്ദേശം ഉയർത്തിപ്പിടിച്ച് മാലോകരെല്ലാം നരകക്കുണ്ടിലാണെന്ന് ശഠിക്കാൻ മാത്രം ക്രൂരനല്ലാതെ പോയത് തെറ്റാണോ റബ്ബേ!

    UDF സർക്കാരിൻ്റെ അഴിമതികൾക്കെതിരെ നിയമസഭക്കകത്തും പുറത്തും കൊടുങ്കാറ്റായ് ആഞ്ഞടിച്ചത് എങ്ങിനെയാണ് ഗുണ്ടായിസമാവുക റബ്ബേ!

    25 കൊല്ലം MLA ആയിട്ടും തുടങ്ങിയേടത്ത് നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് പോകാൻ കഴിയാതെ പാർലമെൻ്ററി ജീവിതം അവസാനിപ്പിച്ചതിൽ എന്തു മഹത്വമിരിക്കുന്നു റബ്ബേ!

    സ്വാശ്രയ മെഡിക്കൽ കോളേജിൽ പി.ജി സീറ്റ് വർധിപ്പിച്ച് സ്വന്തം മകൻ്റെ സീറ്റ് സുരക്ഷിതമാക്കിയ റബ്ബ് കൊച്ചാപ്പയല്ല സാക്ഷാൽ ബാപ്പ തന്നെയാണ് റബ്ബേ!

    ”റബ്ബാണ് റബ്ബേ റബ്ബ്”

    Published by:Rajesh V
    First published: