നഷ്‌ടപ്പെട്ടുവെന്ന് കരുതിയ വളർത്തുമൃഗങ്ങളെ തിരികെ കിട്ടുന്നത് വലിയ സന്തോഷം തന്നെയാണ്. 17 വർഷത്തിന് ശേഷം തന്റെ പൂച്ചയെ (Cat) തിരികെ കിട്ടിയ യുകെ (UK) സ്വദേശിനി കിം കോളിയേഴ്‌സ് ഇങ്ങനെയൊരു സന്തോഷത്തിലാണ്. കിം ഇംഗ്ലണ്ടിൽ നിന്ന് സ്‌കോട്ട്‌ലൻഡിലെ മിഡ്‌ലോത്തിയനിലേക്ക് താമസം മാറിയിരുന്നു. വീടു മാറിയതിന് തൊട്ടുപിന്നാലെയാണ് കിമ്മിന് ടില്ലി എന്ന തന്റെ പൂച്ചയെ നഷ്ടപ്പെട്ടത്. പൂച്ചയുടെ ഫോട്ടോ പതിച്ച പോസ്റ്ററുകളും മറ്റും പതിച്ച് കിം നിരവധി തവണ പൂച്ചയെ തിരികെ കിട്ടാനായി അന്വേഷണം നടത്തിയിരുന്നു. കൂടാതെ പൂച്ചയുടെ മൈക്രോചിപ്പ് വിശദാംശങ്ങൾ കിം യഥാസമയം അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരുന്നു. ഇതിനിടെ രണ്ട് വീടുകൾ മാറിയെങ്കിലും മൈക്രോചിപ്പിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ കിം മറന്നിരുന്നില്ല.
കഴിഞ്ഞ ചൊവ്വാഴ്ച, സ്കോട്ടിഷ് സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസിൽ (എസ്എസ്പിസിഎ) നിന്ന് കിമ്മിന് ഓരു ഫോൺകോൾ ലഭിച്ചു. ടില്ലി എന്ന പേരിൽ നിങ്ങൾക്ക് ഒരു പൂച്ചയുണ്ടോ എന്നാണ് അവർ ചോദിച്ചത്. തന്റെ 17 വർഷം മുമ്പ് കാണാതായ പൂച്ചയെക്കുറിച്ച് അന്വേഷിച്ച് വന്ന കോൾ കിമ്മിനെ ശരിയ്ക്കും ഞെട്ടിച്ചു.
തനിക്ക് വളരെക്കാലം മുമ്പ് ടില്ലി എന്ന പേരിൽ ഒരു പൂച്ചയുണ്ടായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് താൻ പ്രതികരിച്ചതെന്ന് കിം ഡെയ്‌ലി റെക്കോർഡിനോട് സംസാരിക്കവേ പറഞ്ഞു. അവരുടെ വാനിൽ പൂച്ച ഉണ്ടായിരുന്നുവെന്നാണ് ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. ഇതു കേട്ട് കിം ഞെട്ടി.
“വളരെ വിചിത്രമായ ഒരു അനുഭവമായിരുന്നു അത്. എന്റെ ലോകം തന്നെ തലകീഴായി മാറിയത് പോലെ തോന്നി" കിം ഡെയ്‌ലി റെക്കോർഡിനോട് പറഞ്ഞു.
ആശ്ചര്യമെന്തെന്നാൽ ടില്ലി അപ്രത്യക്ഷയായ അതേ സ്ഥലത്തു നിന്നാണ് അവളെ കണ്ടെത്തിയതും. അലഞ്ഞു നടന്ന ടില്ലിയെ കണ്ട ഒരാൾ പൂച്ചയ്ക്ക് സഹായം ആവശ്യമാണെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എസ്എസ്പിസിഎയെ അറിയിക്കുകയായിരുന്നു. ടില്ലിക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ട്. ടില്ലിയുടെ മൂത്രാശയത്തിൽ മുഴയുമുണ്ട്. പൂച്ച ഇപ്പോൾ കിം ജോലി ചെയ്യുന്ന പെന്റ്‌ലാൻഡ് വെറ്ററിനറി ക്ലിനിക്കിൽ പാലിയേറ്റീവ് കെയറിലാണുള്ളത്.
ടില്ലിയുടെ അവസാന നാളുകൾ വീട്ടിൽ തന്റെ പ്രായമായ രണ്ട് പൂച്ചകളോടൊപ്പം ജീവിക്കാൻ ടില്ലിക്ക് കഴിയുമെന്നാണ് കിമ്മിന്റെ പ്രതീക്ഷ. ഇത്രയും നീണ്ട വേർപിരിയലിന് ശേഷം കാണാതായ വളർത്തുമൃഗത്തെ തിരികെ കിട്ടിയതിനെക്കുറിച്ച് താൻ കേട്ടിട്ടില്ലെന്ന് വെറ്റ് നഴ്‌സ് പറഞ്ഞു. കിമ്മിന് തന്റെ പൂച്ചയെ തിരികെ കിട്ടാൻ കാരണം മൈക്രോചിപ്പ് വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്തതിനാലാണ്. വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ടിട്ടുള്ള എല്ലാവരും ഇത് കൃത്യമായി ചെയ്യണമെന്നാണ് കിമ്മിന്റെ നിർദ്ദേശം.
മാസങ്ങളായി കാണാതെ പോയ പൂച്ചയുടെ ശബ്ദം ഫോണിലൂടെ തിരിച്ചറിയുകയും പൂച്ചയെ തിരികെ കിട്ടുകയും ചെയ്ത ഒരു സംഭവം അടുത്തിടെ സോഷ്യൽ മീഡിയയിൽ വാർത്തയായി മാറിയിരുന്നു. പൂച്ചയുടെ 'മ്യാവു' (meow) ശബ്ദം കേട്ടാണ് ഉടമ തന്റെ സ്വന്തം വളർത്തു പൂച്ചയെ തിരിച്ചറിഞ്ഞത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.