ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില് ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും ധോണിയുടെ പ്രശസ്തി അല്‍പ്പം പോലും കുറഞ്ഞിട്ടില്ല. ഇപ്പോഴും ആരാധകര്‍ക്ക് ഏറ്റവും പ്രിയങ്കരനായ ക്രിക്കറ്റ് താരമായി എം.എസ് ധോണി തുടരുന്നു. ധോണിയുടെ ക്യാപ്റ്റന്‍സിയ്ക്ക് കീഴില്‍ രാജ്യത്തിനായി കന്നി അരങ്ങേറ്റം കുറിച്ച കളിക്കാരും മോശക്കാരല്ല.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സിനെയാണ് നയിക്കുന്നത്. ഇത്തവണ ലീഗിന്റെ പതിനാലാം സീസണ് കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചതോടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്ന തിരക്കിലാണ് ധോണി. കോവിഡ് -19 നിയന്ത്രണങ്ങളില്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ അല്‍പ്പം ഇളവുകള്‍ നല്‍കിയതോടെ അദ്ദേഹം തന്റെ ചില സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ഒപ്പം അവധിക്കാല യാത്രയ്ക്കായി ഷിംലയിലേക്ക് തിരിച്ചിരുന്നു.
എന്നാല്‍ ധോണിയുടെ ഷിംല സന്ദര്‍ശനം ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കിയത് അദ്ദേഹത്തിന്റെ കടുത്ത ആരാധകനായ ദേവിനാണ്. ധോണിയുടെ ഓട്ടോഗ്രാഫിനായി വര്‍ഷങ്ങളായി കാത്തിരുന്ന ദേവിന് തന്റെ 13 വര്‍ഷങ്ങളായുള്ള സ്വപ്നമാണ് ഷിംലയില്‍ വച്ച് സാക്ഷാത്ക്കരിക്കാനായത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ നേരിട്ട് കാണുക എന്നത് ദേവിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. മീനബാഗ് ഹോംസ് ഹോട്ടലില്‍ ജീവനക്കാരനായ ദേവ് മീനബാഗ് ഷിംലയില്‍ നിന്ന് മീനബാഗ് രത്നാരിയിലേക്ക് സ്ഥലംമാറ്റം ചോദിച്ച് വാങ്ങിയാണ് എത്തിയത്.
മീനബാഗ് ഹോംസ് അവരുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ദേവിന്റെ ധോണിയോടുള്ള ആരാധന വ്യക്തമാക്കുന്ന കുറിപ്പ് പങ്കിട്ടത്. 2005ല്‍ ധോണിയുടെ റോഹ്റു സന്ദര്‍ശന വേളയില്‍ ധോണിയെ കാണാന്‍ ഇയാള്‍ ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റാനായില്ലെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. പോസ്റ്റില്‍ ദേവ് ധോണിയോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കാണാം. ദേവിന്റെ മൊബൈല്‍ കവറില്‍ ധോണിയുടെ ഓട്ടോഗ്രാഫ് ലഭിച്ചുവെന്നും പോസ്റ്റില്‍ കുറച്ചിട്ടുണ്ട്.
ദേവിനെപ്പോലുള്ള മറ്റ് ചിലര്‍ക്കും ധോണിയെ കാണാനും ഫോട്ടോയെടുക്കാനും അവസരം ലഭിച്ചു. സ്വകാര്യ ജീവിതം നയിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ധോണി. ഇദ്ദേഹം പരസ്യമായി പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാറുമില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന പന്ത്രണ്ടോളം പേരാണ് ധോണിക്കൊപ്പം അവധികാലം ആഘോഷിക്കാന്‍ ഷിംലയില്‍ എത്തിയത്. ഷിംലയില്‍ നിന്നുള്ള ചിത്രങ്ങള്‍ ധോണിയുടെ ഭാര്യ സാക്ഷി ധോണി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ധോണിയുടെ മകള്‍ സിവ ധോണി ഇവര്‍ താമസിക്കുന്ന വില്ലയ്ക്ക് പുറത്ത് നില്ക്കുന്ന ചിത്രങ്ങളും സാക്ഷി ധോണി പങ്കുവച്ചിരുന്നു.
ധോണിയുടെ പ്രിയപ്പെട്ട അവധികാല വിനോദ സഞ്ചാര കേന്ദ്രമാണ് ഷിംല. മൂന്ന് വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ധോണി കുടുംബത്തോടൊപ്പം ഇവിടെ എത്തുന്നത്. 2018 ല്‍ ഒരു പരസ്യ ഷൂട്ടിനായാണ് ധോണി ആദ്യമായി ഷിംലയില്‍ എത്തുന്നത്. അന്ന് ധോണിയുടെ നിരവധി ചിത്രങ്ങളും പുറത്തു വന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.