ഇന്ത്യയുടെ പ്രിയപ്പെട്ട ബോക്‌സർമാരിലൊരാളായ മേരി കോം അടുത്തിടെ ട്വിറ്ററിൽ ഒരു കുട്ടി ആരാധികയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചു. ഓഗസ്റ്റ് 22നാണ് താരം ആരാധികയ്ക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചത്. എന്നാൽ ആരാണ് ഈ ആരാധികയെന്നല്ലേ? ടോക്യോ ഒളിമ്പിക്സിൽ തന്റെ പ്രിയപ്പെട്ട കായികതാരം പരാജയപ്പെട്ടതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ പെൺകുട്ടിയെയാണ് മേരികോം നേരിട്ടെത്തി കണ്ടത്.
"ടോക്യോ 2020 ഒളിമ്പിക്സിൽ ഉടനീളം എനിയ്ക്ക് പിന്തുണ നൽകുകയും എന്റെ തോൽവിൽ കരയുകയും ചെയ്ത എന്റെ പുതിയ ആരാധികയെ ഞാൻ കണ്ടെത്തി," മേരി തന്റെ ആരാധികയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ട്വിറ്ററിൽ കുറിച്ചു.
2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ശേഷം, രണ്ടാമത്തെ ഒളിമ്പിക് മെഡൽ നേടാനുള്ള ഇന്ത്യൻ ബോക്സറുടെ ലക്ഷ്യമാണ് ഇത്തവണ പരാജയപ്പെട്ടത്. കൊളംബിയയുടെ ഇൻഗ്രിഡ് വലൻസിയക്കെതിരെയുള്ള മത്സരത്തിലാണ് മേരി പരാജയപ്പെട്ടത്. താരം ക്വാർട്ടർ ഫൈനലിൽ മുന്നേറുകയും മെഡൽ നേടാനുള്ള സാധ്യത നിലനിർത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇന്ത്യക്കാർക്ക് ഇത് ഒരു വൈകാരിക നിമിഷമായിരുന്നു. എന്നാൽ രണ്ടാം റൗണ്ടിലെ മേരികോമിന്റെ അപ്രതീക്ഷിത പുറത്താകൽ പലരെയും നിരാശപ്പെടുത്തി.
മേരികോമിന്റെ തോൽവിയെ തുടർന്ന് ആരാധികയായ പെൺകുട്ടി കരയുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാവുകയും മേരി തന്നെ അത് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഈ വീഡിയോ പങ്കുവച്ച് ആരാധികയെ നേരിൽ കാണാനുള്ള ആഗ്രഹവും മേരികോം പ്രകടിപ്പിച്ചിരുന്നു. “ഈ പെൺകുട്ടിയെ കാണാൻ എന്നെങ്കിലുമെനിക്ക് അവസരം ലഭിച്ചാൽ ഞാൻ അവളെ കെട്ടിപ്പിടിക്കുകയും സല്യൂട്ട് ചെയ്യുകയും ചെയ്യും. പ്രിയ സഹോദരീ, നിനക്ക് ഏതെങ്കിലുമൊരു കായിക മല്‍സരത്തിൽ താൽപ്പര്യമുണ്ടെങ്കിൽ, നിന്നെ സഹായിക്കുന്നതിന് ഞാൻ തയ്യാറാണ്,” എന്നും മേരികോം പറഞ്ഞിരുന്നു.
നിരവധി ട്വിറ്റർ ഉപയോക്താക്കൾ ഇങ്ങനെയൊരു കാര്യം ചെയ്ത മേരികോമിനെ അഭിനന്ദിച്ചു. ഈ കൂടിക്കാഴ്ച കണ്ട് സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു. പലരും ഇന്ത്യക്കാർക്ക് അഭിമാനിക്കാവുന്ന ഒരു ഇതിഹാസമാണ് മേരി എന്ന് പറഞ്ഞു. ട്വിറ്ററിലെ കമന്റുകളിലൂടെ പലരും മേരികോമിനോടുള്ള ആദരവ് പ്രകടിപ്പിച്ചു. മേരി പലർക്കും ഒരു പ്രചോദനമാണെന്നും ആരാധകരെ നേരിൽ കാണാനെത്തുന്നത് വളരെ വലിയ കാര്യമാണെന്നും ട്വീറ്റിന് മറുപടി നൽകിയ ഒരു ഉപയോക്താവ് കുറിച്ചു.
ദശലക്ഷക്കണക്കിന് ഇന്ത്യൻ ആരാധകർ ടോക്യോ ഒളിമ്പിക്സിലെ മത്സരഫലം തീർച്ചയായും മേരിക്ക് അനുകൂലമായിരിക്കുമെന്നാണ് കരുതിയതെങ്കിലും, മറിച്ചാണ് ഫലം വന്നത്. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അത് ഓർക്കാപ്പുറത്ത് കിട്ടിയ ഒരു അടി പോലെ ആയിരുന്നു. മത്സരഫലം തനിക്ക് അനുകൂലമായിരുന്നില്ലായെങ്കിലും ഇന്ത്യയുടെ ഈ വനിതാ ബോക്സർ എതിരാളിയെ കെട്ടിപ്പിടിച്ച് യഥാർത്ഥ സ്പോർട്സ്മാൻ സ്പിരിറ്റ് പ്രകടിപ്പിക്കുക തന്നെ ചെയ്തു. എന്നാൽ മേരി തന്റെ ഒളിമ്പിക് കരിയറിനു വിരാമമിട്ട് നിരാശയോടെയാണ് റിംഗിൽ നിന്ന് അവസാനമായി പുറത്തേക്കിറങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.