• HOME
 • »
 • NEWS
 • »
 • buzz
 • »
 • ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വിമാനയാത്രയുടെ അമരക്കാരി; ചരിത്ര നേട്ടവുമായി എയർ ഇന്ത്യ പൈലറ്റ് സോയ അഗർവാൾ

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വിമാനയാത്രയുടെ അമരക്കാരി; ചരിത്ര നേട്ടവുമായി എയർ ഇന്ത്യ പൈലറ്റ് സോയ അഗർവാൾ

എല്ലാ ജീവനക്കാരും സ്ത്രീകളായ കോക്ക്പിറ്റ് നടത്തിയ ഏറ്റവും ദൈർഘ്യമേറിയ വിമാന യാത്രയുടെ ക്യാപ്റ്റനായിരുന്നു സോയ അഗർവാൾ.

സോയ അഗർവാൾ

സോയ അഗർവാൾ

 • Share this:
  എയർ ഇന്ത്യ ക്യാപ്റ്റൻ സോയ അഗർവാൾ സ്ത്രീകൾ മാത്രം ഉൾപ്പെട്ട കോക്ക്പിറ്റുമായി 2021 ജനുവരി 9-ന് സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ബംഗളൂരുവിലേക്ക് വിമാനം പറത്തിയപ്പോൾ രചിക്കപ്പെട്ടത് പുതിയൊരു ചരിത്രമാണ്. എല്ലാ ജീവനക്കാരും സ്ത്രീകളായ കോക്ക്പിറ്റ് നടത്തിയ ഏറ്റവും ദൈർഘ്യമേറിയ വിമാന യാത്രയുടെ ക്യാപ്റ്റനായിരുന്നു സോയ അഗർവാൾ. തന്റെ ജീവിതത്തെക്കുറിച്ചും പൈലറ്റ് ആവാൻ നേരിടേണ്ടി വന്ന കഷ്ടപ്പാടുകളെക്കുറിച്ചും ഒരു ചരിത്രയാത്രയുടെ അമരക്കാരിയായതിന്റെ അനുഭവത്തെക്കുറിച്ചും ഹ്യൂമൻസ് ഓഫ് ബോംബെയോട് സോയ തുറന്നു സംസാരിച്ചു.

  തന്റെ എട്ടാം വയസിലാണ് പൈലറ്റ് ആവണമെന്ന ആഗ്രഹം ഉടലെടുത്തതെന്ന് സോയ പറയുന്നു. അക്കാലത്ത് വീടിന്റെ ടെറസിലേക്ക് പോയി വിമാനങ്ങൾ പറക്കുന്നത് നോക്കി നിൽക്കുകയും എന്നെങ്കിലും ഈ വിമാനങ്ങളിലൊന്ന് പറത്താൻ സാധിച്ചാൽ ആകാശം തൊടാൻ കഴിയുമെന്ന് കരുതുകയും ചെയ്തിരുന്നതായി സോയ പറയുന്നു. എന്നാൽ, തന്റെ മധ്യവർഗ കുടുംബ പശ്ചാത്തലം ഈ ആഗ്രഹങ്ങൾക്ക് പരിമിതിയായി നിന്നിരുന്നതായും അതുകൊണ്ടുതന്നെ ഈ ആഗ്രഹത്തെ കുറിച്ച് മാതാപിതാക്കളോട് തുറന്നു പറയാൻ മടിച്ചിരുന്നു എന്നും സോയ പറഞ്ഞു. എന്നാൽ, ആഗ്രഹം കലശലായതിനെ തുടർന്ന് പത്താം ക്ലാസ് പൂർത്തിയായതിനുശേഷം സോയ ഇതേക്കുറിച്ച് മാതാപിതാക്കളോട് സംസാരിച്ചു. അവരുടെ പ്രതികരണം അനുകൂലമായിരുന്നെങ്കിലും പൈലറ്റ് പരിശീലനത്തിന് എത്ര ചെലവ് വരുമെന്ന ആശങ്ക അവരെ അലട്ടിയിരുന്നു.

  Also Read വാട്സാപ്പിനും ഫേസ്ബുക്കിനും ഇന്ത്യയിൽ പൂട്ടുവീഴുമോ? കേന്ദ്ര നിർദേശങ്ങൾ അംഗീകരിക്കേണ്ട അവസാനദിനം ഇന്ന്

  എന്നാൽ നിശ്ചയദാർഢ്യം കൈവിടാതെ സോയ പതിനൊന്നും പന്ത്രണ്ടും ക്ലാസുകളിൽ സയൻസ് വിഷയങ്ങൾ തിരഞ്ഞെടുത്ത് പഠിച്ചു. പന്ത്രണ്ടാം ക്ലാസിലെ പൊതുപരീക്ഷയിൽ മികച്ച വിജയം നേടിയതിന് ശേഷം ഭൗതികശാസ്ത്രത്തിലാണ് സോയ ബിരുദപഠനം നടത്തിയത്. അതോടൊപ്പം ഒരു ഏവിയേഷൻ കോഴ്സ് പഠിക്കാൻ അപേക്ഷിക്കുകയും ചെയ്തു. ആ കോഴ്‌സിന് ഫീസടയ്ക്കാൻ ഇത്രയും കാലം കരുതി വെച്ചിരുന്ന സമ്പാദ്യം മുഴുവൻ ഉപയോഗിച്ചു. കോളേജിലെ ക്ലാസ് കഴിഞ്ഞാൽ ആ നഗരത്തിന്റെ മറ്റൊരറ്റത്തുള്ള സ്ഥാപനത്തിലേക്ക് ഓടിയെത്തി അവർ ഏവിയേഷൻ കോഴ്‌സിൽ പങ്കെടുത്തു. തന്റെ സ്വപ്‌നങ്ങൾ ബിരുദ പഠനത്തെ ബാധിക്കരുതെന്ന നിർബന്ധം സോയയ്ക്കുണ്ടായിരുന്നു. അങ്ങനെ ഉയർന്ന മാർക്കോടു കൂടി ബിരുദം കരസ്ഥമാക്കിയ സോയ തന്റെ സ്വപ്നം പിന്തുടരാൻ അനുമതി ചോദിച്ചുകൊണ്ട് അച്ഛന്റെയടുത്തെത്തി. ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും ലോണെടുത്ത് മകളെ പഠിപ്പിക്കാൻ ആ പിതാവ് തീരുമാനിച്ചു. അവിടെയും സോയ ഉന്നതവിജയം നേടി.

  പക്ഷേ, തന്റെ കഷ്ടപ്പാടുകൾ അവിടെ അവസാനിച്ചില്ല എന്നും സോയ പറയുന്നു. എയർ ഇന്ത്യയിൽ ജോലി ലഭിക്കുന്നതിന് മുമ്പ് ഏതാണ്ട് രണ്ട് വർഷക്കാലം സോയയ്ക്ക് ജോലിയ്ക്കായി കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ എയർ ഇന്ത്യയിൽ 7 ഒഴിവുകളിലേക്കായി 3000 അപേക്ഷകരോടൊപ്പമാണ് സോയയും മത്സരിച്ചത്. ജോലിയ്ക്ക് വേണ്ടിയുള്ള പരീക്ഷയുടെ 4 ദിവസം മുമ്പ് അച്ഛന് ഹൃദയാഘാതം ഉണ്ടായത് മറ്റൊരു പരീക്ഷണമായി. എന്നാൽ, മകളുടെ സ്വപ്നത്തിന് കാവലായി നിന്ന ആ അച്ഛൻ മകളെ നിർബന്ധിക്കുകയും അങ്ങനെ സോയ മുംബൈയിൽ പോയി പരീക്ഷ എഴുതുകയും ചെയ്തു. എല്ലാ ഘട്ടങ്ങളും താണ്ടി സോയയ്ക്ക് ഒടുവിൽ ആ ജോലി ലഭിക്കുകയും ചെയ്തു.

  2004-ൽ ദുബായിലേക്ക് ആദ്യ വിമാനം പരാതിയപ്പോൾ ആകാശം തൊടണമെന്ന തന്റെ ഏറെക്കാലത്തെ ആഗ്രഹം സോയ സാക്ഷാത്കരിക്കുകയായിരുന്നു. ഇപ്പോഴിതാ സ്ത്രീകൾ മാത്രമുൾപ്പെട്ട കോക്ക്പിറ്റ് നടത്തിയ ദൈർഘ്യമേറിയ വിമാനയാത്രയുടെ അമരക്കാരിയെന്ന അപൂർവ നേട്ടവും സോയയ്ക്ക് സ്വന്തം.
  Published by:Aneesh Anirudhan
  First published: