'ഇംഗ്ലീഷ് പ്രയോഗത്തിലെ പരിഹാസത്തിന് മറുപടിയുമായി മന്ത്രി ആർ ബിന്ദു
- Published by:Anuraj GR
- news18-malayalam
Last Updated:
'വെയറവർ ഐ ഗോ, ഐ ടേക്ക് മൈ ഹൗസ് ഇൻ മൈ ഹെഡ്' എന്ന് മന്ത്രി പറഞ്ഞതിലായിരുന്നു ട്രോളുകള്‍ വന്നത്
ഇംഗ്ലീഷ് ചാനലിലെ സംവാദ പരിപാടിയിലെ പരാമർശങ്ങളെ സോഷ്യൽ മീഡിയയിൽ ട്രോളുന്നവർക്കെതിരെ മറുപടിയുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സംസാരിക്കുന്ന വീഡിയോ മുഴുവനായി പങ്കുവെച്ചാണ് മന്ത്രിയുടെ മറുപടി. ‘വെയറവർ ഐ ഗോ, ഐ ടേക്ക് മൈ ഹൗസ് ഇൻ മൈ ഹെഡ്’ എന്ന് മന്ത്രി പറഞ്ഞതിലായിരുന്നു ട്രോളുകള്‍ വന്നത്. വീടിനെ തലയ്ക്കകത്ത് (തലച്ചുമടായല്ല, തലയ്ക്കകത്തു തന്നെ) എടുക്കേണ്ടി വരുന്നുണ്ട് സ്ത്രീകൾക്ക്, അവർ എവിടെപ്പോയാലും, എന്ന് തന്നെയാണ് പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ത്യ ടുഡേ സംഘടിപ്പിച്ച സൗത്ത് കോൺക്ലേവിലെ മന്ത്രിയുടെ പ്രസംഗമാണ് ട്രോളുകളില്‍ നിറഞ്ഞത്.
വിമർശിച്ചവർക്കും പരിഹസിച്ചവർക്കും കടുത്ത ഭാഷയിലാണ് മന്ത്രിയുടെ മറുപടി. പറഞ്ഞത് മനസിലാവാത്ത ചാരുകസേര ബുദ്ധിജീവികൾ വീട്ടിൽ പങ്കാളിയോട് ചോദിച്ചു മനസിലാക്കണമെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ‘കൊളോണിയൽ ബുദ്ധി’കളായ കുറേ ബഹുമാന്യർ ഉത്സാഹിച്ചുണ്ടാക്കിയ ട്രോൾ ഒരു സുഹൃത്താണ് വിഷമത്തോടെ ആദ്യം അയച്ചു തന്നത്. ‘പറഞ്ഞ ഭാഗം മുഴുവൻ കേൾക്കൂ, പറയുന്നതെന്തും താറടിച്ചു കാട്ടാനുള്ളതായി കാണുന്നവരുടെ രാഷ്ട്രീയ മനോരോഗം അവഗണിക്കൂ’ എന്ന് താൻ അവർക്ക് മറുപടി നൽകിയെന്നും മന്ത്രി പറഞ്ഞു.
എല്ലാ സുഹൃത്തുക്കളോടും അതുതന്നെയാണ് പറയാനുള്ളത്. പ്രസംഗത്തിലെ ആ ഭാഗം പൂര്‍ണമായി മന്ത്രി ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു. ബിജെപി വക്താവ് സന്ദീപ് വചസ്പതി ഉള്‍പ്പെടെ മന്ത്രിക്കെതിരെ കടുത്ത പരിഹാസമാണ് ചൊരിഞ്ഞത്. തരൂർ ശൈലിയിൽ ഇംഗ്ലീഷ് സംസാരിക്കുന്നത് പാണ്ഡിത്യത്തിന്‍റെ ലക്ഷണമായോ ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തത് പോരായ്മയായോ കരുതുന്നില്ല. മന്ത്രിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കണം എന്ന് നിർബന്ധവുമില്ല. പക്ഷേ ഒരു കോളേജ് അധ്യാപികയ്ക്ക്, ഡോക്ടറൽ ബിരുദധാരിക്ക് ഇംഗ്ലീഷ് പരിജ്ഞാനം അത്യാവശ്യമാണ്. അവർ ഒരു മുന്തിയ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി കൂടി ആയാലോ? അപ്പോൾ മന്ത്രി ഡോക്ടർ ബിന്ദുവിനെപ്പോലുള്ളവർ നാടിന് അപമാനവും ശാപവും ആയി മാറുമെന്നാണ് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
June 14, 2023 1:25 PM IST