• HOME
 • »
 • NEWS
 • »
 • buzz
 • »
 • പ്രതിസന്ധിയുടെ കാലത്തെ പ്രതീക്ഷയുടെ കിരണം: അമ്മയും മകനും ചേർന്ന് സൗജന്യമായി ഭക്ഷണം നൽകിയത് 22,000 പേർക്ക്

പ്രതിസന്ധിയുടെ കാലത്തെ പ്രതീക്ഷയുടെ കിരണം: അമ്മയും മകനും ചേർന്ന് സൗജന്യമായി ഭക്ഷണം നൽകിയത് 22,000 പേർക്ക്

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം തുടങ്ങിയതിൽപ്പിന്നെ 22,000 പൊതി ഉച്ചഭക്ഷണവും, 55,000 റൊട്ടികളും, വീട്ടിൽത്തന്നെ ഉണ്ടാക്കിയ 6,000 മധുരപലഹാരങ്ങളുമാണ് പാവങ്ങൾക്കായി ഇവർ വിതരണം ചെയ്തത്

ഹീന മാണ്ഡവ്യ, ഹർഷ് മാണ്ഡവ്യ

ഹീന മാണ്ഡവ്യ, ഹർഷ് മാണ്ഡവ്യ

 • Share this:
  രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ നിരവധി ആളുകളാണ് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായഹസ്തവുമായി എത്തുന്നത്. രാജ്യം മുഴുവൻ ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ സഹായം ആവശ്യമുള്ളവർക്ക് വേണ്ടതെല്ലാം സൗജന്യമായി നൽകാൻ തയ്യാറായി രംഗത്തിറങ്ങിരിക്കുകയാണ് മനുഷ്യസ്നേഹികളായ ഒട്ടനേകം പേർ.

  അത്തരത്തിലൊരു അനുഭവമാണ് ഹ്യൂമൻസ് ഓഫ് ബോംബെയുടെ ഔദ്യോഗിക പേജിലൂടെ ലോകം അറിഞ്ഞത്. പാവപ്പെട്ടവർക്ക് സൗജന്യമായി ഭക്ഷണം നൽകുന്ന ഒരു അമ്മയുടെയും മകന്റെയും കഥയായിരുന്നു അത്. സമൂഹമാധ്യമങ്ങളിൽ ഈ വാർത്ത ഇപ്പോൾ വൈറലായി മാറിക്കഴിഞ്ഞു. ഹീന മാണ്ഡവ്യ, ഹർഷ് മാണ്ഡവ്യ എന്ന അമ്മയും മകനും കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം തുടങ്ങിയതിൽപ്പിന്നെ 22,000 പൊതി ഉച്ചഭക്ഷണവും, 55,000 റൊട്ടികളും, വീട്ടിൽത്തന്നെ ഉണ്ടാക്കിയ 6,000 മധുരപലഹാരങ്ങളുമാണ് പാവങ്ങൾക്കായി വിതരണം ചെയ്തത്. ഹർഷ് താലി ആൻഡ് പറാത്താസ് എന്ന സ്ഥാപനത്തിന്റെഉടമസ്ഥരാണ് ഈ അമ്മയും മകനും.

  ഹർഷിന് ചെറുപ്പത്തിൽ തന്നെ അച്ഛൻ നഷ്ടമായി എന്ന് ഹ്യൂമൻസ് ഓഫ് ബോംബെ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. അതിനെത്തുടർന്നുണ്ടായ വെല്ലുവിളികളെ അതിജീവിച്ച് മകന് മികച്ച വിദ്യാഭ്യാസം നൽകാൻ ആ അമ്മ തീരുമാനിച്ചു. അതിനുവേണ്ടി അവർ വീട്ടിൽത്തന്നെ ഒരു ടിഫിൻ സർവീസ് ആരംഭിച്ചു. 'ആദ്യത്തെ ഓർഡർ നൽകിയത് വീടിന്റെ അടുത്ത് താമസിക്കുന്ന ഒരു ആന്റിയായിരുന്നു, അതും 35 രൂപയ്ക്ക്. അതായിരുന്നു അമ്മയുടെ ആദ്യത്തെ വരുമാനം. പതിയെ ബിസിനസിനെക്കുറിച്ച് കൂടുതൽ ആളുകൾ അറിയാൻ തുടങ്ങി. അമ്മ ഭക്ഷണം ഉണ്ടാക്കും, ഞാൻ വീടുകളിൽ എത്തിക്കും", ഹർഷ് പറയുന്നു.  2003-ൽ ഉപഭോക്താക്കളിൽ ഒരാളുടെ സഹായത്തോടെ അവർ ബിസിനസ് കൂടുതൽ വിപുലപ്പെടുത്താൻ തീരുമാനിച്ചു. ആ ഉപഭോക്താവ് 70,000 രൂപ നിക്ഷേപിക്കുകയും അവർക്ക് പ്രവർത്തിക്കാൻ ഒരു സ്ഥലം വാടകയ്ക്ക് നൽകുകയും ചെയ്തു. അങ്ങനെയാണ് ഹർഷ് താലി ആൻഡ് പറാത്താസ് എന്ന സ്ഥാപനത്തിന് തുടക്കമാകുന്നത്.

  വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം വീണ്ടും അമ്മയുടെ കൂടെ ചേർന്ന് ഹർഷ് ഓൺലൈനിലൂടെ ബിസിനസ് കൂടുതൽ വിപുലീകരിച്ചു. അതിനനുസരിച്ച് അവരുടെ വരുമാനത്തിലും വലിയ വർദ്ധനവ് ഉണ്ടായി. ആ ടിഫിൻ സർവീസ് ആരംഭിക്കാൻ സഹായിച്ചവർക്ക് പണം തിരികെ നൽകാൻ പോയപ്പോൾ അവർ അത് സ്വീകരിക്കാൻ വിസമ്മതിക്കുകയും പകരം 10 പേർക്ക് അധികമായി ഭക്ഷണം നൽകി സഹായിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തെന്ന് ഹർഷ് പറയുന്നു. അങ്ങനെ 2020-ൽ ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ അവർ മറ്റുള്ളവരെ സഹായിക്കാൻ ആരംഭിച്ചു.

  100 ആളുകൾക്ക് ഭക്ഷണം നൽകണമെന്ന് ഒരു ഉപഭോക്താവ് പറഞ്ഞപ്പോൾ അവർ സൗജന്യമായി ചെയ്യാമെന്ന് സമ്മതിച്ചു. "അന്ന് ഞങ്ങൾ ഓർഡറുകൾ സ്വീകരിക്കുന്നു എന്നറിയിച്ചുകൊണ്ട് ഞാൻ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടു. തുടർന്ന് പലയിടങ്ങളിൽ നിന്നായി ഞങ്ങൾക്ക് സംഭാവനകളും ലഭിച്ചു തുടങ്ങി. ദിവസേന 100-150 പേർക്ക് ഞാനും അമ്മയും ചേർന്ന് സൗജന്യമായി ഭക്ഷണം നൽകി വരുന്നുണ്ട്," ഹർഷ് കൂട്ടിച്ചേർത്തു.

  "കോവിഡിന്റെ രണ്ടാം തരംഗം വന്നതോടെ വീണ്ടും സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഞാൻ ഒരു പോസ്റ്റ് പങ്കുവെച്ചു. രണ്ട് ദിവസത്തിനുള്ളിൽ ഒന്നര ലക്ഷം രൂപയാണ് ഞങ്ങൾക്ക് സംഭാവനയായി ലഭിച്ചത്. ഒരു ദിവസം ഒരു ഓൾഡ് എയ്ജ്ഹോമിൽ ഭക്ഷണം വിതരണം ചെയ്യുമ്പോൾ ഒരു അങ്കിൾ എന്റെ തലയിൽ കൈവെയ്ക്കുകയും ആശിർവാദ് എന്ന് പറഞ്ഞുകൊണ്ട് അനുഗ്രഹിക്കുകയും ചെയ്തു", സന്തോഷവും അഭിമാനവും നിറഞ്ഞ കണ്ണുകളോടെ ഹർഷ് പറഞ്ഞു.

  Keywords: Covid 19, Mother, Son, Free Meals, Helping Hand, കോവിഡ് 19, അമ്മ, മകൻ, സൗജന്യ ഭക്ഷണം, സഹായഹസ്തം
  Published by:user_57
  First published: