സ്വന്തം കുഞ്ഞിന് നല്‍കിയശേഷം മിച്ചം മുലപ്പാല്‍ വിറ്റ് യുഎസിലെ അമ്മമാര്‍ സമ്പാദിക്കുന്നത് പ്രതിമാസം 87,000 രൂപയോളം
- Published by:ASHLI
- news18-malayalam
Last Updated:
സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വഴിയും സൗഹൃദകൂട്ടായ്മകള്‍ വഴിയുമൊക്കെയാണ് മുലപ്പാല്‍ വില്‍പ്പന നടക്കുന്നത്
കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും അത്യാന്താപേഷിതമായിട്ടുള്ള ഘടകമാണ് അമ്മയുടെ മുലപ്പാല്‍. പോഷകസമൃദ്ധമായ മുലപ്പാല്‍ കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷിയില്‍ നിര്‍ണായകപങ്കുവഹിക്കുന്നു. ചില അമ്മമാര്‍ക്ക് മുലപ്പാല്‍ ഉത്പാദനം കൂടുതലായിരിക്കും. ചിലര്‍ക്ക് മുലപ്പാല്‍ ഇല്ലാത്ത സാഹചര്യവും ഉണ്ടാകും. ഇത്തരം സാഹചര്യങ്ങളില്‍ മുലപ്പാല്‍ ബാങ്ക് പോലുള്ള സംവിധാനങ്ങളെയും ഫോര്‍മുല മില്‍ക് പൗഡറുകളെയുമാണ് നിരവധി അമ്മമാര്‍ ആശ്രയിക്കുന്നത്.
ഇത്തരത്തില്‍ പുറത്തുനിന്നും വാങ്ങുമ്പോള്‍ വലിയ വിലയാണ് കൊടുക്കേണ്ടി വരുന്നത്. എന്നാൽ ഫോർമുല പോലുള്ളവ കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. അതുകൊണ്ട് പലരും അമ്മയുടെ മുലപ്പാൽ തന്നെ കുഞ്ഞിന് നൽകുന്നതിനാണ് മുൻഗണന നൽകുന്നത്. ഇതിലെ വരുമാന സാധ്യത കൂടി ഉപയോഗപ്പെടുത്തുകയാണ് യുഎസില്‍ നിന്നുള്ള അമ്മമാര്‍. സ്വന്തം കുഞ്ഞിന് നല്‍കിയശേഷം മിച്ചം വരുന്ന മുലപ്പാല്‍ വിറ്റ് പ്രതിമാസം 1,000 ഡോളര്‍ വരെയാണ് (ഏകദേശം 87,000 രൂപയോളം) യുഎസിലെ അമ്മമാര്‍ സമ്പാദിക്കുന്നത്.
അസംഘടിതമായിട്ടുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് മുലപ്പാലിന്റെ വില്‍പ്പന നടക്കുന്നത്. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വഴിയും സൗഹൃദകൂട്ടായ്മകള്‍ വഴിയുമൊക്കെയാണ് മുലപ്പാല്‍ വില്‍പ്പന നടക്കുന്നത്. ഇത് വലിയ തോതില്‍ വര്‍ദ്ധിച്ചതായി ദി ടൈംസ് യുകെ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോഗ്യ പ്രവണതയിലുണ്ടായ മാറ്റങ്ങള്‍, ഫോര്‍മുല മില്‍ക്ക് സംബന്ധിച്ച ആശങ്കകള്‍ തുടങ്ങിയവയാണ് മുലപ്പാല്‍ വ്യാപാരം വര്‍ദ്ധിക്കാനും ഇതിന്റെ ആവശ്യകത ഉയരാനുമുള്ള കാരണമായി പറയുന്നത്. ഇതിനുപുറമെ ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിനെ പോലുള്ളവരുടെ പിന്തുണയും ഇതിനുണ്ട്.
advertisement
മിനസോട്ടയില്‍ നിന്നുള്ള 33-കാരി എമിലി എന്‍ഗര്‍ എന്ന അധ്യാപികയാണ് മുലപ്പാൽ വിൽപ്പനയിൽ മുന്‍നിരയിലുള്ളത്. അഞ്ച് കുട്ടികളുടെ അമ്മയാണ് എമിലി. ഒരു ദിവസം ഏകദേശം 100 ഔണ്‍സ് മുലപ്പാല്‍ അധികമായി ഉത്പ്പാദിപ്പിക്കുന്നുണ്ടെന്ന് എമിലി പറയുന്നു. സ്വന്തം കുട്ടികള്‍ക്ക് മാത്രമല്ല ഒരു ഡസനിലധികം മറ്റുകുട്ടികള്‍ക്കും താന്‍ മുലപ്പാല്‍ എത്തിക്കുന്നുണ്ടെന്ന് എമിലി ദി ടൈംസ് യുകെയോട് പറഞ്ഞു.
2022-ല്‍ അമേരിക്കയിലെ ഒരു പ്രധാന അബോര്‍ട്ട് ന്യൂട്രീഷന്‍ പ്ലാന്റ് മലിനീകരണ ആശങ്കകളെ തുടര്‍ന്ന് അടച്ചുപൂട്ടിയതോടെയാണ് മുലപ്പാല്‍ വില്‍പ്പന കൂടുതല്‍ പ്രചാരം നേടിയത്. ഇതോടെ പലമാതാപിതാക്കളും കുഞ്ഞുങ്ങള്‍ക്ക് ഫോര്‍മുല മില്‍ക്ക് കൊടുക്കുന്നതില്‍ നിന്നും പിന്‍വലിഞ്ഞു. ഇതോടെ 'ബ്രെസ്റ്റ്മില്‍ക്ക് കമ്മ്യൂണിറ്റി ഫോര്‍ ഓള്‍' പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ആവശ്യക്കാര്‍ വര്‍ദ്ധിച്ചു. 33,000-ല്‍ അധികം അംഗങ്ങള്‍ ഈ പ്ലാറ്റ്‌ഫോമിലുണ്ട്.
advertisement
അമ്മയുടെ മുലപ്പാലിന്റെ പോഷക നിലവാരത്തെ നിങ്ങള്‍ക്ക് മറികടക്കാന്‍ കഴിയില്ലെന്ന് ഫ്‌ളോറിഡയില്‍ നിന്നുള്ള 36-കാരിയായ ഒരു അമ്മ പറഞ്ഞു. തന്റെ മകള്‍ക്ക് മുലപ്പാല്‍ വാങ്ങാനായി പ്രതിമാസം 1,200 ഡോളറാണ് (ഒരു ലക്ഷം രൂപ) ഈ അമ്മ ചെലവഴിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അസംഘടിതമായ രീതിയിലുള്ള മുലപ്പാല്‍ വില്‍പ്പന നിരുത്സാഹപ്പെടുത്തുന്നു. എങ്കിലും ഇത് നിയമവിരുദ്ധമല്ല. മുലപ്പാല്‍ വാങ്ങുന്നവര്‍ പലപ്പോഴും ദാതാക്കളുടെ ആരോഗ്യം, ജീവിതശൈലി, വാക്‌സിനേഷന്‍ നില എന്നിവയെക്കുറിച്ചുള്ള വിശ്വാസപരമായതോ സ്വമേധയാ ഉള്ളതോ ആയ വെളിപ്പെടുത്തലുകളെ ആശ്രയിക്കുന്നു. ചിലര്‍ പത്യേകിച്ച് 'മേക്ക് അമേരിക്ക ഹെല്‍ത്തി എഗെയ്ന്‍' (മഹാ) പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നവര്‍ വാക്‌സിനേഷന്‍ എടുക്കാത്ത ദാതാക്കളെ പോലും പരിഗണിക്കുന്നു.
advertisement
ആരോഗ്യപ്രശ്‌നങ്ങള്‍ മനസ്സിലാകുന്നുണ്ടെങ്കിലും ഇതിന് ലഭിക്കുന്ന വില ന്യായമാണെന്ന് എമിലി എന്‍ഗര്‍ പറയുന്നു. സമയവും ഊര്‍ജ്ജവും എടുത്താണ് മുലപ്പാല്‍ ശേഖരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു. രാവും പകലും മൂന്ന് മണിക്കൂര്‍ ഇടവിട്ട് അവര്‍ മുലപ്പാല്‍ പമ്പ് ചെയ്ത് ശേഖരിക്കുന്നു. അധ്യാപന ജോലിക്കിടയിലുള്ള അനുബന്ധ വരുമാന സ്രോതസ്സായാണ് അവര്‍ ഇതിനെ കാണുന്നത്. അതേസമയം, മിച്ചമുള്ള പാല്‍ ആശുപത്രികളിലേക്കോ മുലപ്പാല്‍ ബാങ്കുകളിലേക്കോ ദാനം ചെയ്യണമെന്നാണ് ചിലര്‍ വാദിക്കുന്നത്. എന്നാല്‍ നിരന്തരം മുലപ്പാല്‍ പമ്പ് ചെയ്യുന്നതിന്റെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് നിരവധി അമ്മമാര്‍ ചൂണ്ടിക്കാണിക്കുന്നു.
advertisement
അറബ്, മുസ്ലീം സംസ്‌കാരങ്ങളില്‍ മറ്റൊരാളുടെ കുഞ്ഞിനെ മുലയൂട്ടുന്നതിന് സാമൂഹികവും കുടുംബപരവുമായ പ്രാധാന്യം നല്‍കുന്നുണ്ട്. ഒരേ അമ്മയുടെ പാല്‍ കുടിക്കുന്ന കുട്ടികളെ സഹോദരങ്ങളായി കണക്കാക്കുന്നു. പല അമ്മമാരുമായും തനിക്ക് ബന്ധമുണ്ടെന്നും ചില കുട്ടികള്‍ തനിക്കൊപ്പം വളര്‍ന്നതായും ഇതില്‍ എന്തോ മനോഹരമായിട്ടുണ്ടെന്നും എന്‍ഗര്‍ കൂട്ടിച്ചേർത്തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 30, 2025 3:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സ്വന്തം കുഞ്ഞിന് നല്‍കിയശേഷം മിച്ചം മുലപ്പാല്‍ വിറ്റ് യുഎസിലെ അമ്മമാര്‍ സമ്പാദിക്കുന്നത് പ്രതിമാസം 87,000 രൂപയോളം