• HOME
 • »
 • NEWS
 • »
 • buzz
 • »
 • കാലീ പീലീ പോകും; മുംബൈ നഗരത്തിലെ മഞ്ഞയും കറുപ്പും ടാക്സികൾ ഇനി ഓർമ്മയാകും

കാലീ പീലീ പോകും; മുംബൈ നഗരത്തിലെ മഞ്ഞയും കറുപ്പും ടാക്സികൾ ഇനി ഓർമ്മയാകും

മിക്ക ടാക്സികളും ഓട്ടം അവസാനിപ്പിച്ചു. 2000-ത്തിന് ശേഷം രജിസ്റ്റർ ചെയ്ത കുറച്ച് ടാക്സികൾ മാത്രം ഈ ഉത്തരവിൽ നിന്ന് രക്ഷപെട്ടു. പക്ഷേ, ഈ വർഷം അവസാനത്തോടെ ഇവയുടെയും ഓട്ടം നിർത്തേണ്ടി വരും

(Photo by Ashutosh Patki)

(Photo by Ashutosh Patki)

 • Last Updated :
 • Share this:
  അശുതോഷ് പത്കി

  റയീസ് അഹമ്മദ് (43) കാറിന് പുറത്തിറങ്ങി. റേഡിയേറ്റർ ലീക്കായത് കാരണം കാർ നിന്നുപോയിരുന്നു. അതിൻ്റെ പ്രവർത്തനം ഏതാണ്ട് നിന്ന മട്ടാണെങ്കിലും അദ്ദേഹത്തിൻ്റെ ടാക്സി വഴിയാത്രക്കാരുടെ ശ്രദ്ധാകർഷിക്കുന്നുണ്ട്. തിളങ്ങി, മുന്നോട്ട് തള്ളി നിൽകുന്ന ഹെഡ് ലൈറ്റുകളും മഞ്ഞ ബോഡിക്കു മുകളിലെ പുരാവസ്തു പോലെ തോന്നിക്കുന്ന ലഗേജ് റാക്കും പഴയ രീതിയിലുള്ള ഫ്രണ്ട് ബമ്പറും അതിൻ്റെ വിൻ്റേജ് ഫീലും കൂടി ചേരുമ്പോൾ മറ്റു കാറുകൾക്കിടയിൽ ഇത് വേറിട്ടു നിൽക്കുന്നു.

  അഹമ്മദ് അടപ്പ് തുറന്ന് റേഡിയേറ്ററിലേക്ക് മഞ്ഞൾപ്പൊടി ഇടുന്നു. ചൂടാകുന്നതു വരെ എഞ്ചിൻ റെയ്സ് ചെയ്യുന്നു, ഇപ്പോൾ വണ്ടി ഓടാൻ തയ്യാറായിക്കഴിഞ്ഞു. മുംബൈക്കാർ ‘കാലി പീലി’ എന്നു വിളിക്കുന്ന, മഞ്ഞയും കറുപ്പും പെയിൻ്റടിച്ച, അവശേഷിക്കുന്ന കുറച്ച് ടാക്സികളിൽ ഒന്നാണ് അഹമ്മദിൻ്റേത്.

  ഇത് പ്രീമിയർ പദ്മിനി കാർ ആണ്. വാൾചന്ദ് ഗ്രൂപ്പിൻ്റെ ഭാഗമായിരുന്ന, അടച്ചുപൂട്ടിയ പ്രീമിയർ ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡ്, ഇറ്റലിയിലെ ഫിയറ്റ് കമ്പനിയുടെ ലൈസൻസ് പ്രകാരമായിരുന്നു പദ്മിനി നിർമ്മിച്ചിരുന്നത്. 1964 മുതൽ 2000 വരെയായിരുന്നു ഈ കാർ നിർമ്മിച്ചിരുന്നത്.

  2020-ൽ, 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കാറുകളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ മഹാരാഷ്ട്രാ സർക്കാർ തീരുമാനിച്ചു. ഇത് മഞ്ഞ ടാക്സികളുടെ മരണമണിയായിരുന്നു, മിക്ക ടാക്സികളും ഓട്ടം അവസാനിപ്പിച്ചു. 2000-ത്തിന് ശേഷം രജിസ്റ്റർ ചെയ്ത കുറച്ച് ടാക്സികൾ മാത്രം ഈ ഉത്തരവിൽ നിന്ന് രക്ഷപെട്ടു. പക്ഷേ, ഈ വർഷം അവസാനത്തോടെ ഇവയുടെയും ഓട്ടം നിർത്തേണ്ടി വരും.

  Also Read- നിവേദ്യം കഴിച്ച് കാലം കഴിച്ച തടാകക്ഷേത്രത്തിലെ മുതല; കണ്ണീർവാർത്ത് ഭക്തർ; ബബിയക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നീണ്ടനിര

  മെക്കാനിക്കായ റയീസ് രണ്ടു വർഷം മുൻപ് 30000 രൂപയ്ക്കാണ് തൻ്റെ ഫിയറ്റ് ടാക്സി വാങ്ങിയത്. പല വീഡിയോ ഷൂട്ടുകൾക്കും തൻ്റെ കാർ വിളിക്കാറുണ്ടെന്ന് അകത്ത് ഘടിപ്പിച്ച നീല എൽഇഡി ലൈറ്റ് നോക്കിക്കൊണ്ട് അഹമ്മദ് പറഞ്ഞു. “അടുത്തിടെ എൻ്റെ കാർ ബാങ്ക് ഓഫ് ബറോഡ പരസ്യത്തിൽ ഉണ്ടായിരുന്നു,” അദ്ദേഹം പറഞ്ഞു.

  ഈ വണ്ടി നന്നാക്കുന്നതിനെ കുറിച്ച് മറ്റു മെക്കാനിക്കുകൾക്ക് വലിയ അറിവില്ല. എന്നാൽ റേഡിയേറ്ററിൽ മഞ്ഞൾ ഇടുന്നതുൾപ്പെടെ കാറിൻ്റെ അറ്റകുറ്റപ്പണി നടത്താനുള്ള എല്ലാ വിദ്യകളും അഹമ്മദിന് അറിയാം. ഇന്നത്തെ കാറുകളെ പോലെയല്ല ഇവ. കാറിൻ്റെ പാർട്സ് കണ്ടുപിടിക്കുന്നതും വെല്ലുവിളി നിറഞ്ഞ കാര്യമാണ്. “നഗരത്തിൽ എവിടെയും കാറിൻ്റെ പാർട്സ് കിട്ടാനില്ല, ചോർ ബസാറിൽ മാത്രമാണ് ലഭിക്കുക. അതും ചില പ്രത്യേക കടകളിൽ മാത്രം” അഹമ്മദ് പറയുന്നു.

  ഈ മഞ്ഞ ടാക്സിയാണ് അഹമ്മദ് ഓടിച്ചിട്ടുള്ള ഏക കാർ. കാർ രജിസ്ട്രേഷൻ്റെ കാലാവധി കഴിഞ്ഞാൽ എന്ത് ചെയ്യും എന്ന ചോദ്യത്തിന് ഒരു ചിരിയാണ് മറുപടി. പക്ഷേ അദ്ദേഹത്തിന് വരുമാനത്തിൻ്റെ നല്ലൊരു പങ്കും നഷ്ടമാകും.

  നഗരത്തിലേക്കും സ്വപ്നങ്ങളിലേക്കുമുള്ള കവാടം

  ലക്ഷ്മൺ വെൽവേക്കറെ (48) സംബന്ധിച്ചിടത്തോളം, തൻ്റെ മകളെ ഡോക്ടർ ആക്കി മാറ്റാനുള്ള ഏക ആശ്രയം ഈ ഫിയറ്റ് ടാക്സിയാണ്. 22 വർഷമായി ഇത് ഓടിക്കുന്നതിലൂടെ ഇദ്ദേഹം തന്റെ സ്വപ്നത്തിന് ഏതാണ്ട് അടുത്തെത്തിയിട്ടുണ്ട്.

  കാറിനെ കുറിച്ച് ചോദിച്ചാൽ അദ്ദേഹം അഭിമാനത്തോടെ പറയും, “ഏകദേശം 60 വർഷത്തോളം ഈ കാർ മുംബൈഭരിച്ചു. ” താൻ കാർ ഓടിച്ചു പോകുമ്പോൾ ആളുകൾ കൈ ഉയർത്തി കാണിക്കാറുണ്ടെന്നും താൻ അത് ആസ്വദിക്കാറുണ്ടെന്നും ലക്ഷ്മൺ പറയുന്നു. പഴയ കാലം ഓർമ്മിക്കാനായി ദീർഘദൂര യാത്രകൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കളും ഉണ്ടെന്ന് അദ്ദേഹം പറയുന്നു.

  കാറിനെ കുറിച്ച് എപ്പോഴുമുള്ള ഓർമ്മ എന്താണെന്ന് ചോദിച്ചാൽ, അദ്ദേഹം പറയും, “ജാനേ കഹാം ഗയേ വോ ദിൻ (മേരാ നാം ജോക്കർ എന്ന ഹിന്ദി സിനിമയിലെ പാട്ട്) പാടുന്നത് മിസ് ചെയ്യും.”  ടാക്സി നിരത്തിൽ നിന്ന് പിൻവാങ്ങുകയാണെങ്കിലും അവസാനമായി ഒരു സമ്മാനം കൂടി അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. അത് വിറ്റു കിട്ടുന്ന പണം കൊണ്ട് വരും വർഷങ്ങളിൽ ലക്ഷ്മണിൻ്റെ മകൾ ഒരു ഡോക്ടറാകും.

  മുംബൈയും ബോളിവുഡും കത്രീനയുടെ ടാക്സിയും

  “ദാവൂദ് ഇബ്രാഹിമിൻ്റെ ജീവിതത്തെ ആസ്പദമാക്കി വരാനിരിക്കുന്ന ഒരു സിനിമയിൽ എൻ്റെ കാർ ഉണ്ട്. കത്രീന കൈഫും മനോജ് ബാജ്പേയിയും ഷൂട്ടിനായി ഈ കാറിൽ ഇരുന്നിട്ടുണ്ട്, ഇതിൻ്റെ കാരിയറിൽ ആലിയ ഭട്ട് നൃത്തം ചെയ്തിട്ടുണ്ട്,” തൻ്റെ കാലി പീലിയുടെ ബോളിവുഡ് ബന്ധങ്ങളെ കുറിച്ച് വാചാലനായി അബ്ദുൾ കരിം (58) പറഞ്ഞു.

  ലക്ഷ്മണുമായുള്ള ദീർഘകാല ബന്ധത്തിൻ്റെ പ്രതീകം കൂടിയാണ് ഈ ടാക്സി. 2023-ൽ ഫിയറ്റ് ടാക്സികൾ നിരോധിക്കും എന്ന് മനസ്സിലായപ്പോൾ ഇരുവരും അതിൻ്റെ ബോണറ്റിലിരുന്ന് പാട്ട് പാടി: “ബനേ ചാലേ ദുഷ്മൻ ജംനാ ഹമാരാ, സലാമത്തത് രഹേ ദോസ്താന ഹമാരാ” (ലോകം മുഴുവൻ നമുക്കെതിരായാലും നമ്മുടെ സുഹൃദ്ബന്ധം ശക്തമായിരിക്കണം). നഗരത്തിൻ്റെ അഭിമാനമായതിനാൽ അവശേഷിക്കുന്ന ഏതാനും ഫിയറ്റ് ടാക്സികൾ ഹെറിറ്റേജ് വാഹനങ്ങളായി ഓടാൻ അനുവദിക്കണമെന്ന് കരീം പറയുന്നു.

  ഇവ വൈകാതെ അപ്രത്യക്ഷമാകും, എന്നാൽ കാലി പീലി എന്നും മുംബൈയുടെ ചരിത്രത്തിൻ്റെ ഭാഗമായിരിക്കും, മുംബൈക്കാരുടെ മനസ്സിൽ അതിന് പ്രത്യേക സ്ഥാനവുമുണ്ടാകും.
  Published by:Rajesh V
  First published: