'ഇവരൊക്കെയാണ് യഥാർത്ഥത്തിൽ ജീവിതം പഠിപ്പിക്കുന്നത്': തന്നെ മോട്ടിവേറ്റ് ചെയ്യുന്ന ആളെക്കുറിച്ച് മുരളി തുമ്മാരുകുടി

Last Updated:

അപകടത്തിൽ പെട്ട് എഴുന്നേറ്റ് നടക്കാൻ വയ്യാതെ, ജീവിതത്തിലെ പ്ലാനുകളെല്ലാം താറുമാറായ ഒരു സാഹചര്യത്തിൽ നിന്നും ആത്മവിശ്വാസം കൊണ്ടും കഠിനാധ്വാനം കൊണ്ടും ഒരു പെൺകുട്ടി വീണ്ടും ജീവിതത്തിലേക്ക് വരികയാണ്. അത് കണ്ടു നിൽക്കുന്നത് എത്ര സന്തോഷമാണ്, ആ വിജയത്തിന്റെ ഭാഗമാകാൻ സാധിക്കുക എന്നത് എത്ര അഭിമാനമുള്ള കാര്യമാണ് ?

ജീവിതത്തിൽ തനിക്ക് പ്രചോദനമായ ആളെ പരിചയപ്പെടുത്തിയെത്തിയിരിക്കുകയാണ് ഐക്യരാഷ്ട്രസഭ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി.  'എന്നെ മോട്ടിവേറ്റ് ചെയ്യുന്ന ഒരാൾ'എന്ന തലക്കെട്ടോടെ ഷെറിന്‍ എന്ന യുവതിയെയാണ് മുരളി പരിചയപ്പെടുത്തുന്നത്. രണ്ടു വർഷം മുൻപ് പൊളിറ്റിക്കൽ സയൻസിൽ പി ജി ചെയ്തുകൊണ്ടിരുന്ന സമയത്ത് വീടിന്റെ മുകളിൽ നിന്നും വീണ് ശരീരം തളർന്നു കിടപ്പിലായ ഷെറിൻ, ഇപ്പോൾ യു ജി സി - NET പരീക്ഷ പാസ്സായി. ആ സന്തോഷം പങ്കുവച്ചെത്തിയിരിക്കുകയാണ് അദ്ദേഹം.
"അപകടത്തിൽ പെട്ട് എഴുന്നേറ്റ് നടക്കാൻ വയ്യാതെ, ജീവിതത്തിലെ പ്ലാനുകളെല്ലാം താറുമാറായ ഒരു സാഹചര്യത്തിൽ നിന്നും ആത്മവിശ്വാസം കൊണ്ടും കഠിനാധ്വാനം കൊണ്ടും ഒരു പെൺകുട്ടി വീണ്ടും ജീവിതത്തിലേക്ക് വരികയാണ്. അത് കണ്ടു നിൽക്കുന്നത് എത്ര സന്തോഷമാണ്.. അപൂർവ്വമായി മാത്രം എത്തുന്ന ഇത്തരം നിമിഷങ്ങളാണ് എനിക്ക് ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്നത്" എന്നാണ് അദ്ദേഹം എഴുതുന്നത്.
advertisement
ചെറിയ ചെറിയ പ്ലാനുകൾ നടക്കാതാകുമ്പോൾ പോലും ദേഷ്യവും സങ്കടവും വരുമ്പോൾ ഷെറിനെപ്പോലെ ഒരു നിമിഷത്തിൽ ജീവിതത്തിലെ എല്ലാ പ്ലാനുകളും തെറ്റിയിട്ടും തിരിച്ചുവരാൻ ശ്രമിക്കുന്നവരുടെ ജീവിതം നമ്മൾ ഒന്ന് ഓർക്കണം. മനുഷ്യന് എത്രമാത്രം റെസിലിയൻസ് (പുനരുജ്ജീവന ക്ഷമത) ഉണ്ടെന്ന് അപ്പോൾ നമുക്ക് മനസ്സിലാകും. ഇവരൊക്കെയാണ് യഥാർത്ഥത്തിൽ എന്നെ ജീവിതം പഠിപ്പിക്കുന്നത്. എന്നും ദീർഘമായ കുറിപ്പിൽ അദ്ദേഹം പറയുന്നു.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്: 
എന്നെ മോട്ടിവേറ്റ് ചെയ്യുന്ന ഒരാൾ!
ഏറെ തിരക്കുള്ള ദിവസമായിരുന്നു. രാവിലെ ഒന്പത് മണിക്ക് തുടങ്ങിയ മീറ്റിംഗുകൾ പത്ത്, പതിനൊന്ന്, പന്ത്രണ്ട്, അങ്ങനെ ഇടവിടാതെ വന്നു. സാധാരണഗതിയിൽ ഞാൻ ഇത് ചെയ്യാറില്ല. ഈവെള്ളിയാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് അവധിയാണ്, അതുകൊണ്ട് മീറ്റിംഗിന് ആവശ്യം വന്നാൽ ഒഴിവാക്കാനാവില്ല.അതിനിടയ്ക്കാണ് വാട്ട്സാപ്പിൽ ഷെറിന്റെ കാൾ വരുന്നത്. സാധാരണ ഷെറിന്റെ കാൾ വന്നാൽ ഞാൻ ഉടൻ എടുക്കും, ഇന്ന് തിരക്കായതിനാൽ എടുത്തില്ല. തിരിച്ചു വിളിക്കാമെന്ന് റിപ്ലൈ കൊടുത്തു. അത്യാവശ്യമാണെങ്കിൽ രണ്ടാമത് വിളിക്കുമല്ലോ.
advertisement
ഷെറിനെ എൻറെ വായനക്കാർ അറിയും. രണ്ടു വർഷം മുൻപ് പൊളിറ്റിക്കൽ സയൻസിൽ പി ജി ചെയ്തുകൊണ്ടിരുന്ന സമയത്ത് വീടിന്റെ മുകളിൽ നിന്നും വീണ് ശരീരം തളർന്നു കിടപ്പിലായ ഒരു കുട്ടിയുടെ കഥ ഞാൻ പറഞ്ഞിരുന്നു. പഠനം തുടരാനായി ഒരു ഇലക്ട്രിക്കൽ വീൽ ചെയർ മേടിക്കാൻ വായനക്കാർ അന്ന് സഹായിക്കുകയും ചെയ്തിരുന്നു. ഷെറിൻ പഠനം തുടർന്നു, കൂടാതെ ഇപ്പോൾ വീടിനടുത്തുള്ള കുട്ടികൾക്ക് ട്യൂഷൻ എടുക്കുകയും ചെയ്യുന്നു!.
ഷെറിൻ അന്ന് മുതൽ എനിക്കെന്റെ മരുമക്കളിൽ ഒരാളെപ്പോലെയാണ്. വയനാട്ടിൽ പോയപ്പോൾ ഷെറിനെ പോയി കണ്ടു, ചിലപ്പോൾ ഷെറിനെ കാണാൻ തന്നെ വയനാട്ടിൽ പോയി. ഓരോ പ്രാവശ്യവും നാട്ടിൽ വരുന്പോൾ ചോക്കലേറ്റ് മേടിക്കുന്പോൾ "അതിലൊന്ന് ഷെറിന്" എന്ന് മനസ്സിൽ കണക്കു കൂട്ടി തുടങ്ങി. കണ്ടാലും കണ്ടില്ലെങ്കിലും ഇടക്കിടക്ക് ഫോൺ ചെയ്യും, വിവരങ്ങൾ അന്വേഷിക്കും.ഇന്ന് ഷെറിൻ വിളിച്ചത് ഒരു സന്തോഷ വാർത്ത പങ്കിടാനാണ്. 2020 ജൂണിൽ യു ജി സി - NET പരീക്ഷ എഴുതിയിരുന്നു. അത് പാസ്സായി !!
advertisement
അപൂർവ്വമായി മാത്രം എത്തുന്ന ഇത്തരം നിമിഷങ്ങളാണ് എനിക്ക് ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്നത്. അപകടത്തിൽ പെട്ട് എഴുന്നേറ്റ് നടക്കാൻ വയ്യാതെ, ജീവിതത്തിലെ പ്ലാനുകളെല്ലാം താറുമാറായ ഒരു സാഹചര്യത്തിൽ നിന്നും ആത്മവിശ്വാസം കൊണ്ടും കഠിനാധ്വാനം കൊണ്ടും ഒരു പെൺകുട്ടി വീണ്ടും ജീവിതത്തിലേക്ക് വരികയാണ്. അത് കണ്ടു നിൽക്കുന്നത് എത്ര സന്തോഷമാണ്, ആ വിജയത്തിന്റെ ഭാഗമാകാൻ സാധിക്കുക എന്നത് എത്ര അഭിമാനമുള്ള കാര്യമാണ് ?. സത്യത്തിൽ ഷെറിൻ എന്നെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ നിറഞ്ഞത് ഷെറിന്റെ കണ്ണുകൾ മാത്രമായിരുന്നില്ല.
advertisement
ഷെറിന്റെ യാത്ര ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. പി എച്ച് ഡി ക്ക് അഡ്മിഷൻ കിട്ടണം, അതും വീൽ ചെയർ ഫ്രണ്ട്‌ലി ആയ ഒരു കാന്പസിൽ. നാട്ടുകാരും കൂട്ടുകാരുമാണ് ഇപ്പോഴും ഷെറിനെ പഠിക്കാനും പരീക്ഷക്ക് പോകാനും സഹയായിക്കുന്നത്. അത്തരം സഹായം വീണ്ടും വേണം. പുതിയ കാന്പസിൽ അത്തരം സുഹൃത്തുക്കളെ കണ്ടെത്തണം. പി എച്ച് ഡി പഠിച്ചു ഡോക്ടറേറ്റ് നേടണം, യാത്ര ചെയ്യണം, ജോലിക്ക് ചേരണം.
എൻറെ സുഹൃത്തിന്റെ ഭാര്യയും കൊളംബിയ യൂണിവേഴ്സിറ്റിയിലെ മാനേജ്‌മെന്റ് പ്രൊഫസറും ആയ ഷീന അയ്യങ്കാരെ പറ്റി ഞാൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഒന്പതാം വയസ്സിൽ കാഴ്ച നഷ്ടപ്പെട്ടിട്ടും പഠനം ഉപേക്ഷിച്ചില്ല. സ്റ്റാൻഫോർഡിൽ നിന്നും പി എച്ച് ഡി ചെയ്ത് കൊളംബിയയിൽ പ്രൊഫസർ ആയി, ഇപ്പോൾ ലോകമെങ്ങും യാത്ര ചെയ്ത് സെമിനാറുകൾ അവതരിപ്പിക്കുന്നു.
advertisement
ഭാവിയിൽ ഇത്തരത്തിൽ ഏതെങ്കിലും നല്ല സ്ഥാപനത്തിൽ പ്രൊഫസറായി ഷെറിൻ ജോലി ചെയ്യുന്ന കാലമാണ് ഞാൻ സ്വപ്നം കാണുന്നത്. അങ്ങനെ വന്നാൽ അത് ഷെറിന് മാത്രമല്ല ഗുണകരമാകുന്നത്. ഏതെങ്കിലും ഭിന്നശേഷി ഉള്ളതിനാൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ല എന്ന് തോന്നുന്നവർക്കും അവരുടെ മാതാപിതാക്കൾക്കും ഷെറിൻ മാതൃകയും ഊർജ്ജവുമാകും. അതിനുള്ള കഴിവും ആത്മവിശ്വസവും ഷെറിന് ഉണ്ട്. നമ്മൾ ഒന്ന് കൂടെ നിന്ന് കൊടുത്താൽ മതി.
ഈ കൊറോണക്കാലത്ത് നമ്മുടെ ചെറിയ ചെറിയ പ്ലാനുകൾ നടക്കാതാകുന്പോൾ പോലും നമുക്ക് ദേഷ്യവും സങ്കടവും വരുന്പോൾ ഷെറിനെപ്പോലെ ഒരു നിമിഷത്തിൽ ജീവിതത്തിലെ എല്ലാ പ്ലാനുകളും തെറ്റിയിട്ടും തിരിച്ചുവരാൻ ശ്രമിക്കുന്നവരുടെ ജീവിതം നമ്മൾ ഒന്ന് ഓർക്കണം. മനുഷ്യന് എത്രമാത്രം റെസിലിയൻസ് (പുനരുജ്ജീവന ക്ഷമത) ഉണ്ടെന്ന് അപ്പോൾ നമുക്ക് മനസ്സിലാകും. ഇവരൊക്കെയാണ് യഥാർത്ഥത്തിൽ എന്നെ ജീവിതം പഠിപ്പിക്കുന്നത്.
advertisement
ഷെറിന് അഭിനന്ദനങ്ങൾ!!! ഷെറിനെ സഹായിക്കുകയും കൂടെ നിൽക്കുകയും ചെയ്യുന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി!!
മുരളി തുമ്മാരുകുടി
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഇവരൊക്കെയാണ് യഥാർത്ഥത്തിൽ ജീവിതം പഠിപ്പിക്കുന്നത്': തന്നെ മോട്ടിവേറ്റ് ചെയ്യുന്ന ആളെക്കുറിച്ച് മുരളി തുമ്മാരുകുടി
Next Article
advertisement
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement